ടൊറന്റോ: ടൊറന്റോ ട്രാൻസിറ്റ് കമ്മീഷൻ (TTC) സ്റ്റേഷനുകളിൽ ഇന്ത്യക്കാർക്കെതിരെ അധിക്ഷേപകരമായ സന്ദേശങ്ങൾ എഴുതിയ സംഭവത്തിൽ യുവതിയെ പൊലീസ് പിടികൂടി. ടൊറന്റോ സ്വദേശിയായ 29 വയസ്സുകാരി മേഗൻ എസ്ലിയാണ് (Megan Esley) അറസ്റ്റിലായത്. മെട്രോ സ്റ്റേഷനുകളിലെ ചുവരുകളിലും സബ്വേ ട്രെയിനുകൾക്കുള്ളിലും ഇന്ത്യ വിരുദ്ധ സന്ദേശങ്ങൾ എഴുതി പൊതുമുതൽ നശിപ്പിച്ചുവെന്നാണ് ഇവർക്കെതിരെയുള്ള കുറ്റം.
കഴിഞ്ഞ വർഷം ജൂലൈ മുതൽ ഡിസംബർ വരെയുള്ള മാസങ്ങളിൽ വിവിധ സബ്വേ സ്റ്റേഷനുകളിൽ നിന്ന് സമാനമായ നിരവധി പരാതികൾ ലഭിച്ചിരുന്നു. ഇന്ത്യക്കാർക്കെതിരെയുള്ള വിദ്വേഷ സന്ദേശങ്ങൾ പടരുന്നത് ശ്രദ്ധയിൽപ്പെട്ട അന്വേഷണ സംഘം യുവതിയുടെ വീട്ടിൽ സെർച്ച് വാറന്റുമായി എത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അഞ്ച് മില്യൺ ഡോളറിൽ താഴെ മൂല്യമുള്ള പൊതുമുതൽ നശിപ്പിച്ചതിന് എട്ട് കേസുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.
ഇതൊരു വിദ്വേഷ കുറ്റകൃത്യമായാണ് (Hate-motivated incident) ടൊറന്റോ പൊലീസ് കണക്കാക്കുന്നത്. കാനഡയിലെ ഇന്ത്യൻ സമൂഹത്തെ ലക്ഷ്യമിട്ടുള്ള ഇത്തരം വിദ്വേഷ പ്രചരണങ്ങൾക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് അധികൃതർ വ്യക്തമാക്കി.
