ടോറന്റോ, കാനഡ: ഉന്നത വിദ്യാഭ്യാസത്തിനും തൊഴിലിനുമായി കാനഡയിലെത്തിയ മലയാളികൾക്കിടയിൽ പുതിയൊരു സംരംഭക സംസ്കാരത്തിന് തുടക്കമാകുന്നു. ജോലി ചെയ്യുന്നതിനോടൊപ്പം സ്വന്തമായി ബിസിനസ് കെട്ടിപ്പടുക്കാനും, ജോലി ഉപേക്ഷിച്ച് പൂർണ്ണസമയ സംരംഭകരാകാനും തയാറെടുക്കുന്ന മലയാളികളെ കോർത്തിണക്കി ‘മലയാളി മാർക്കറ്റ് പ്ലേസ്’ (Malayali Market Place) ശ്രദ്ധേയമാകുന്നു.
കാനഡയിലെ കരിയർ-ബിസിനസ് മെന്ററായ ബിജോ സെബാസ്റ്റ്യൻ്റെ നേതൃത്വത്തിലാണ് ഈ വേദി ഒരുങ്ങിയത്. നവാഗതരായ സംരംഭകർക്ക് കൃത്യമായ പിന്തുണ ഉറപ്പാക്കാൻ ‘മലയാളി ബിസിനസ് കോൺസോർഷ്യം’ (Malayali Business Consortium – MBC) എന്ന പൈലറ്റ് പ്രോജക്റ്റും ഇതോടൊപ്പം ആരംഭിച്ചു. ഐ.ടി പ്രൊഫഷണലുകൾ, നഴ്സുമാർ, വിദ്യാർത്ഥികൾ തുടങ്ങി വിവിധ മേഖലകളിലുള്ളവർ കാനഡയിലെ ബിസിനസ് സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്താൻ ഈ കൂട്ടായ്മയുടെ ഭാഗമാകുന്നുണ്ട്.
ബിജോ സെബാസ്റ്റ്യൻ്റെ ഉടൻ പുറത്തിറങ്ങാനിരിക്കുന്ന ‘One Week MBA: നിങ്ങൾക്കും സംരംഭകരാകാം’ എന്ന പുസ്തകത്തിലെ പേഴ്സണൽ ബ്രാൻഡിംഗ് തത്വങ്ങളെ അടിസ്ഥാനമാക്കിയാണ് പദ്ധതി ഏകോപിപ്പിച്ചത്. യാതൊരുവിധ വാണിജ്യ പരസ്യങ്ങളുമില്ലാതെ, സോഷ്യൽ മീഡിയ പ്രചാരണത്തിലൂടെ മാത്രം ഓഗസ്റ്റ് 15, 16 തീയതികളിൽ 600-ലേറെ പേരാണ് മാർക്കറ്റ് പ്ലേസ് സന്ദർശിച്ചത്. ഓണത്തോടനുബന്ധിച്ച് ഓൺലൈനിൽ വിറ്റഴിച്ചിരുന്ന വസ്ത്രങ്ങളും ആഭരണങ്ങളും നേരിട്ടു കണ്ടു വാങ്ങാൻ മലയാളികൾക്ക് പുറമെ ഫിലിപ്പിനോ, തമിഴ് കമ്മ്യൂണിറ്റികളിൽ നിന്നുള്ളവരും എത്തിച്ചേർന്നു. നവാഗതരായ ബിസിനസ് ഉടമകളിൽ നിന്ന് സ്റ്റാളിനായി യാതൊരു ഫീസും ഈടാക്കാതെയായിരുന്നു സംഘാടനം.
ഓഗസ്റ്റ് 22, 23 തീയതികളിൽ രാവിലെ 11:00 മണി മുതൽ നോർത്ത് യോർക്കിലെ ഹാളിൽ (Unit #519, 105 Gordon Baker Road, M2H 3S1) മലയാളി മാർക്കറ്റ് പ്ലേസിൻ്റെ ‘സ്റ്റോക്ക് ക്ലിയറൻസ് സെയിൽ’ നടക്കും.
തുടർന്ന്, ഓഗസ്റ്റ് 23-ന് സംരംഭകരും കുടുംബാംഗങ്ങളും പങ്കെടുക്കുന്ന ‘Malayali Business Consortium’ സോഫ്റ്റ് ലോഞ്ചും ഓണം ഡിന്നറും ക്രമീകരിച്ചിട്ടുണ്ട്. പുതിയ ആശയങ്ങളുള്ള തുടക്കക്കാർക്കും നവ സംരംഭകർക്കും ഈ കൂട്ടായ്മയിലേക്ക് സ്വാഗതമുണ്ടെന്ന് സംഘാടകർ അറിയിച്ചു. കാനഡയിലെ ഈ മികച്ച തുടക്കം ലോകമെമ്പാടുമുള്ള പ്രവാസി മലയാളികൾക്കും നാട്ടിലെ യുവതലമുറയ്ക്കും പ്രചോദനമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കൂടുതൽ വിവരങ്ങൾക്ക്: +1 647 215 1095 (ഫോൺ/വാട്സ്ആപ്പ്)
