ഓട്ടാവ: കാനഡയിലെ പ്രമുഖ വിമാനക്കമ്പനിയായ വെസ്റ്റ്ജെറ്റിലെ (WestJet) ക്യാബിൻ ക്രൂ ജീവനക്കാരുടെ പണിമുടക്കിന് വിരാമം. ക്യാബിൻ ക്രൂവിനെ പ്രതിനിധീകരിക്കുന്ന കനേഡിയൻ യൂണിയൻ ഓഫ് പബ്ലിക് എംപ്ലോയീസ് (CUPE) മാനേജ്മെന്റുമായി താത്കാലിക ധാരണയിലെത്തിയതിനെ തുടർന്ന് വിമാന സർവീസുകളെ ബാധിച്ച പ്രവർത്തന പ്രതിസന്ധികൾക്ക് പരിഹാരമായി. കമ്പനി പ്രഖ്യാപിച്ച ലോക്കൗട്ട് നോട്ടീസും യൂണിയൻ നൽകിയ പണിമുടക്ക് നോട്ടീസും ഇതോടെ പിൻവലിച്ചു. ഇരുവിഭാഗവും തമ്മിൽ ധാരണയായ പുതിയ കരാറിന്മേൽ ക്യാബിൻ ക്രൂ അംഗങ്ങളുടെ ഔദ്യോഗിക വോട്ടെടുപ്പ് അടുത്ത ദിവസങ്ങളിൽ നടക്കും.
സമരത്തിന് പരിഹാരമായതോടെ നിർത്തിവെച്ച വിമാന സർവീസുകൾ ഘട്ടങ്ങളായി പുനഃസ്ഥാപിക്കാനുള്ള നടപടികൾ വെസ്റ്റ്ജെറ്റ് ആരംഭിച്ചിട്ടുണ്ട്. സർവീസുകൾ റദ്ദാക്കപ്പെട്ടതും തടസ്സപ്പെട്ടതും മൂലം ബുദ്ധിമുട്ടിലായ യാത്രക്കാരോട് വെസ്റ്റ്ജെറ്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അലക്സിസ് വോൺ ഹോയൻസ്ബ്രോച്ച് ഖേദം പ്രകടിപ്പിച്ചു. ക്യാബിൻ ക്രൂ ജീവനക്കാരുടെ കഠിനാധ്വാനത്തെയും പ്രൊഫഷണലിസത്തെയും മാനിക്കുന്ന കരാറാണ് നിലവിൽ വന്നിരിക്കുന്നതെന്നും, സർവീസുകൾ എത്രയും വേഗം സാധാരണ നിലയിലാക്കാൻ കമ്പനി ഉദ്യോഗസ്ഥർ സജ്ജരായിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഏകദേശം 4,400-ഓളം വെസ്റ്റ്ജെറ്റ് ക്യാബിൻ ക്രൂ ജീവനക്കാരുടെ പുതിയ സേവന വേതന വ്യവസ്ഥകളെക്കുറിച്ചുള്ള ചർച്ചകളാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നടന്നു വന്നിരുന്നത്. തർക്കങ്ങളെ തുടർന്ന് ജീവനക്കാർ പണിമുടക്കിലേക്ക് നീങ്ങിയതോടെ കമ്പനിയുടെ പ്രധാന ബോയിങ് 737, ബോയിങ് 787 വിമാന സർവീസുകൾ പൂർണ്ണമായി നിർത്തിവെക്കേണ്ടി വരികയും നൂറുകണക്കിന് യാത്രക്കാർ വലയുകയും ചെയ്തിരുന്നു. തടസ്സപ്പെട്ട സർവീസുകൾ പൂർണ്ണ തോതിൽ സജ്ജമാകുന്നതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വരും മണിക്കൂറുകളിൽ വെസ്റ്റ്ജെറ്റ് പുറത്തുവിടും.
