കാനഡയിൽ കുട്ടികൾക്കിടയിൽ ഇ-സ്കൂട്ടർ ഉപയോഗം വർധിച്ചതോടെ അപകടങ്ങളിലും ഗുരുതരമായ പരിക്കുകളിലും വൻ വർധനവ് രേഖപ്പെടുത്തുന്നതായി മെഡിക്കൽ വിദഗ്ധരുടെ മുന്നറിയിപ്പ്. കോവിഡ് മഹാമാരിക്ക് ശേഷം ഇ-സ്കൂട്ടറുകൾ മൂലമുണ്ടാകുന്ന അപകടങ്ങൾ കാരണം ആശുപത്രിയിലെ അത്യാഹിത വിഭാഗങ്ങളിൽ എത്തുന്ന കുട്ടികളുടെ എണ്ണത്തിൽ വലിയ വർധനവാണുണ്ടായിട്ടുള്ളത്. കനേഡിയൻ പീഡിയാട്രിക് സൊസൈറ്റിയുടെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 2025-ൽ മാത്രം 18 വയസ്സിൽ താഴെയുള്ള കുട്ടികളിൽ 57 ഗുരുതര ഇ-സ്കൂട്ടർ അപകടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുകയും ഇതിൽ 10 കുട്ടികൾ മരണപ്പെടുകയും ചെയ്തു. കൂടാതെ 12 കുട്ടികളെ അതീവ ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിൽ (ICU) പ്രവേശിപ്പിക്കേണ്ടി വന്നു.
ടൊറന്റോയിലെ സിക്ക്-കിഡ്സ് (SickKids) ആശുപത്രിയിലെ പീഡിയാട്രിക് എമർജൻസി ഫിസിഷ്യനായ ഡോ. ഡാനിയൽ റോസൻഫീൽഡ് വെളിപ്പെടുത്തുന്ന വിവരങ്ങൾ പ്രകാരം 2020-ൽ വെറും ഒരു ഇ-സ്കൂട്ടർ അപകടം മാത്രം റിപ്പോർട്ട് ചെയ്ത സ്ഥാനത്ത് 2023-ൽ ഇത് 26 ആയും 2024-ൽ 46 ആയും ഉയർന്നു. എന്നാൽ 2025-ൽ 107 കേസുകളാണ് ഈയൊരു ആശുപത്രിയിൽ മാത്രം റിപ്പോർട്ട് ചെയ്തത്. ചെറുതായി തട്ടിയും മുട്ടിനുമുണ്ടാകുന്ന പരിക്കുകൾക്ക് പുറമെ തലച്ചോറിനേൽക്കുന്ന ക്ഷതങ്ങൾ, വലിയ അസ്ഥി ഒടിവുകൾ, വയറിനേൽക്കുന്ന ഗുരുതര പരിക്കുകൾ തുടങ്ങി അടിയന്തര ശസ്ത്രക്രിയ ആവശ്യമുള്ള സങ്കീർണ്ണമായ അവസ്ഥയിലാണ് പല കുട്ടികളെയും ആശുപത്രിയിൽ എത്തിക്കുന്നത്.
ഇൻ്റർനെറ്റ് വഴിയും വൻകിട സ്റ്റോറുകൾ വഴിയും തുച്ഛമായ വിലയ്ക്ക് ലഭിക്കുന്നതാണ് ഇ-സ്കൂട്ടറുകൾ കുട്ടികളുടെ കൈകളിൽ എളുപ്പത്തിൽ എത്താൻ കാരണം. 270 ഡോളർ മുതൽ 1,000 ഡോളറിലധികം വരെ വിലവരുന്ന ഇ-സ്കൂട്ടറുകൾ അപകടത്തിൽപ്പെടുന്നതിൽ ഭൂരിഭാഗവും 10 മുതൽ 12 വയസ്സു വരെ പ്രായമുള്ള ആൺകുട്ടികളാണ്. എന്നാൽ 3 മുതൽ 5 വയസ്സ് വരെയുള്ള കൊച്ചുകുട്ടികളും മുതിർന്ന സഹോദരങ്ങളുടെയോ മാതാപിതാക്കളുടെയോ കൂടെ യാത്രക്കാരായിരുന്ന് അപകടത്തിൽപ്പെടുന്ന സാഹചര്യവുമുണ്ട്.
ഓന്റാറിയോ ഉൾപ്പെടെയുള്ള പ്രവിശ്യകളിൽ ഇ-സ്കൂട്ടറുകൾ ഓടിക്കാൻ കുറഞ്ഞത് 16 വയസ്സ് പ്രായമുണ്ടാകണമെന്നും 18 വയസ്സിൽ താഴെയുള്ളവർ നിർബന്ധമായും ഹെൽമറ്റ് ധരിക്കണമെന്നും നിയമമുണ്ടെങ്കിലും പലയിടത്തും ഇവ കൃത്യമായി പാലിക്കപ്പെടുന്നില്ല. പൊതുനിരത്തുകളിലും നടപ്പാതകളിലും നിയമവിരുദ്ധമായി ഇവ ഓടിക്കുന്നതും യാത്രക്കാരെ കയറ്റുന്നതും അപകട സാധ്യത വർധിപ്പിക്കുന്നു. ട്രാഫിക് നിയമങ്ങൾ ഓരോ പ്രവിശ്യയിലും വ്യത്യസ്തമായതിനാൽ പൊതുവായ ശക്തമായ നിയമ നിർമ്മാണം സാധ്യമാകാത്തതാണ് ഇതിന് പ്രധാന തടസ്സമെന്നും കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചില്ലെങ്കിൽ വരും ദിവസങ്ങളിൽ അപകടങ്ങൾ ഇനിയും വർധിച്ചേക്കാമെന്നും ഡോക്ടർമാർ വ്യക്തമാക്കുന്നു.
