ലോംഗുവിൽ, കാനഡ: കനേഡിയൻ സ്പേസ് ഏജൻസി (സി.എസ്.എ) ആസ്ട്രോനട്ട് കേണൽ ജോഷ്വ കുട്രിക് തന്റെ കന്നി ബഹിരാകാശ ദൗത്യത്തിന് ഔദ്യോഗികമായി തുടക്കം കുറിച്ചു. ഫ്ലോറിഡയിൽ നിന്ന് സ്പേസ്എക്സിന്റെ ഫാൽക്കൺ 9 റോക്കറ്റിൽ ക്രൂ ഡ്രാഗൺ പേടകത്തിലേറിയാണ് സംഘം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് (ഐ.എസ്.എസ്) യാത്ര തിരിച്ചത്. ആറ് മാസത്തോളം നീളുന്ന ക്രൂ-13 ദൗത്യത്തിൽ നാസയുടെ ബഹിരാകാശ യാത്രികരായ ജെസീക്ക വാട്ട്കിൻസ്, ലൂക്ക് ഡെലാനി, റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്കോസ്മോസിന്റെ കോസ്മോനട്ട് സെർജി ടെറ്റെറിയാറ്റ്നികോവ് എന്നിവരും ജോഷ്വയ്ക്കൊപ്പം പങ്കാളികളാകുന്നുണ്ട്.
ബഹിരാകാശ നിലയത്തിൽ ആറ് മാസം ചെലവഴിക്കുന്ന ജോഷ്വ കുട്രിക്, ആരോഗ്യ ഗവേഷണങ്ങൾക്ക് മുൻഗണന നൽകുന്ന നിരവധി ശാസ്ത്രീയ പരീക്ഷണങ്ങൾക്ക് നേതൃത്വം നൽകും. ശൂന്യാകാശ യാത്രികർക്കായുള്ള നൂതന ശാരീരിക പരിശീലന രീതികൾ, മാനസികാരോഗ്യം, അസ്ഥികളുടെ സാന്ദ്രത, ഹൃദയ-ശ്വാസകോശ ആരോഗ്യം, നേത്ര സംരക്ഷണം, അനീമിയ എന്നിവയുമായി ബന്ധപ്പെട്ട കനേഡിയൻ അന്താരാഷ്ട്ര ഗവേഷണങ്ങൾ ഇതിൽ ഉൾപ്പെടുന്നു. കൂടാതെ, ഭാവി ബഹിരാകാശ പര്യവേക്ഷണങ്ങൾക്കും ഭൂമിയിലെ ജീവിതനിലവാരം ഉയർത്തുന്നതിനും സഹായിക്കുന്ന വിവിധ സാങ്കേതികവിദ്യകളുടെ പരീക്ഷണ നിരീക്ഷണങ്ങളും അദ്ദേഹം നിലയത്തിൽ വെച്ച് നടത്തും.
പരീക്ഷണങ്ങൾക്ക് പുറമെ ബഹിരാകാശ നിലയത്തിന്റെ അറ്റകുറ്റപ്പണികൾ, റോബോട്ടിക്സ് പ്രവർത്തനങ്ങൾ, സ്പേസ് വാക്ക് എന്നിവയിലും കുട്രിക് പങ്കാളിയാകും. കാനഡയിലെ വിവിധ പ്രോവിൻസുകളിലെ വിദ്യാർത്ഥികളോടും ഗവേഷകരോടും ബഹിരാകാശത്തുനിന്ന് അദ്ദേഹം സംവദിക്കുമെന്നും ശാസ്ത്ര-സാങ്കേതിക രംഗങ്ങളിൽ അടുത്ത തലമുറയെ പ്രചോദിപ്പിക്കാൻ ഇത് വഴിതുറക്കുമെന്നും കനേഡിയൻ സ്പേസ് ഏജൻസി അറിയിച്ചു. കാനഡയിലെ ഓരോ പ്രോവിൻസ് വഴിയും സ്കൂളുകളിലേക്കും പ്രാദേശിക കൂട്ടായ്മകളിലേക്കും ബഹിരാകാശ വിജ്ഞാനം എത്തിക്കുകയാണ് ലക്ഷ്യം. നാസയുടെ കൊമേഴ്സ്യൽ ക്രൂ പ്രോഗ്രാമിന്റെ ഭാഗമായുള്ള കനേഡിയൻ സ്പേസ് ഏജൻസിയുടെ ആദ്യ ദൗത്യം കൂടിയാണിത്.
ഇതോടെ 19 ബഹിരാകാശ ദൗത്യങ്ങളിലായി 11 യാത്രികരെ ബഹിരാകാശത്തേക്ക് അയച്ച ചരിത്രനേട്ടവും കാനഡ സ്വന്തമാക്കി. മുൻപ് ആർട്ടെമിസ് രണ്ടിന്റെ ചരിത്രപരമായ ചാന്ദ്ര ദൗത്യത്തിൽ കാനഡ പങ്കാളിയായതിന് പിന്നാലെയാണ് പുതിയ നാഴികക്കല്ല് രാജ്യം പിന്നിടുന്നത്. ബഹിരാകാശ രംഗത്ത് ആഗോളതലത്തിൽ മുൻനിര പങ്കാളിത്തം ഉറപ്പാക്കാനും സാങ്കേതിക മുന്നേറ്റം ഊർജിതമാക്കാനും കുട്രിക്കിന്റെ ഈ ദൗത്യം സഹായിക്കുമെന്ന് കനേഡിയൻ വ്യവസായ മന്ത്രി മെലാനി ജോളി വ്യക്തമാക്കി.
