ഗാസയിൽ കുടുങ്ങിക്കിടന്ന മുറിവേറ്റവരും രോഗികളുമായ പാലസ്തീൻ ജനതയ്ക്ക് ചികിത്സക്കും മറ്റു കാര്യങ്ങൾക്കുമായി അയൽ രാജ്യമായ ഈജിപ്തിലേക്ക് കടക്കാൻ ആശ്വാസമായിരുന്ന റാഫ അതിർത്തിയിലുള്ള പ്രവേശന എക്സിറ്റ് പോയിൻറ് ആയ ക്രോസിംഗ് എട്ടുമാസത്തിനുശേഷം വീണ്ടും തുറന്നു കൊടുത്തു.
പാലസ്തീൻ- ഇസ്രായേൽ സംഘർഷം തുടങ്ങിയതു മുതൽ ഇസ്രായേൽ സൈന്യം നിയന്ത്രണം ഏറ്റെടുത്തിരുന്ന റാഫ ക്രോസിംഗിലൂടെ ഈജിപ്തിലേക്കും തിരിച്ചുമുള്ള സാഞ്ചാരം നിരോധിച്ചിരുന്നു. അടുത്തിടെ ഉണ്ടായ ഇസ്രായേൽ ഹമാസ് വെടിനിർത്തലിന്റെയും ബന്ധികളെ മോചിപ്പിച്ച് പരസ്പരം കൈമാറാൻ ഉണ്ടാക്കിയ കരാറിന്റെ ഭാഗമായി റാഫ ക്രോസിംഗ് വീണ്ടും തുറന്നതിലൂടെ ക്യാൻസർ രോഗബാധിതരായ കുട്ടികൾ ഉൾപ്പെടെ അമ്പതോളം പേർ ഈ അതിർത്തിയിലൂടെ ചികിത്സിക്കും മറ്റ് കാര്യങ്ങൾക്കുമായി ഈജിപ്തിലേക്ക് കടന്നതായി ഗസ ആരോഗ്യമന്ത്രാലയം പത്രക്കുറിപ്പിലൂടെ അറിയിച്ചു.

റാഫ അതിർത്തി അടച്ചതിലൂടെയും മരുന്ന് ക്ഷാമവും മൂലം ആരോഗ്യകരമായ പ്രശ്നങ്ങളാൽ വലഞ്ഞ ഒരു ജനതയ്ക്ക് ഈ അതിർത്തി പ്രദേശം തുറന്നതിലൂടെ ഒരു നല്ല നാളെയുടെ പ്രതീക്ഷയാണ് കൈവന്നിരിക്കുന്നത്. ഈ പ്രതീക്ഷയുടെ ഒരു നിറവ് അതിർത്തി കടക്കുന്ന ഓരോ വ്യക്തിയുടെ മുഖത്തുനിന്നും വായിച്ചെടുക്കാൻ പറ്റുന്നതാണെന്ന് അവിടെനിന്നും പുറത്തുവരുന്ന റിപ്പോർട്ടുകളും വീഡിയോകളും സൂചിപ്പിക്കുന്നു. ഈ അതിർത്തിയിലൂടെ കടന്നുപോകുന്ന രോഗികൾക്കും മറ്റും വേണ്ട സഹായം ഉറപ്പുവരുത്തുന്നതിന് ഡോ റിക്ക് പീപ്പർകോണിന്റെ നേതൃത്വത്തിൽ ലോകാരോഗ്യ സംഘടനയുടെ സന്നദ്ധ സേവകർ വെസ്റ്റ് ബാങ്ക്, ഗാസ പ്രദേശത്ത് നിതാന്തം പരിശ്രമിക്കുന്നുണ്ടെന്ന് ബിബിസി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. ആംബുലൻസുകളിലും മറ്റ് രീതികളിലും അതിർത്തി പ്രദേശത്ത് എത്തുന്ന രോഗികളെ പരിശോധിച്ച് NOC നൽകി ഈജിപ്തിലേക്ക് കടത്തിവിടുക എന്നുള്ള ദൗത്യമാണ് ലോകാരോഗ്യ സംഘടന അതിർത്തി പ്രദേശത്ത് നിറവേറ്റുന്നത്. ഏകദേശം 14000 പേർക്കെങ്കിലും ആരോഗ്യപരമായ കാരണങ്ങളാൽ ഈജിപ്തിലേക്ക് കടക്കേണ്ടി വരുമെന്നാണ് ഡോക്ടർ പീപ്പർകോൺ അഭിപ്രായപ്പെടുന്നത്.
