ഏറെ കാലമായി ആഭ്യന്തര കലാപവും യുദ്ധവും നടക്കുന്ന സെൻട്രൽ ആഫ്രിക്കൻ രാജ്യമായ കിഴക്കൻ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ കാണപ്പെടുന്ന ഒരു അപൂർവ ലോഹത്തിന്റെ ഒരു ചെറിയ അളവാണ് നമ്മുടെ സന്തതസഹചാരിയായ മൊബൈൽ ഫോണിനുള്ളിൽ കാണപ്പെടുന്നത്. ഫോണിനുള്ളിൽ കാണപ്പെടുന്ന അപൂർവ ലോഹമായ ടാന്റലത്തിന്റെ (tantalum) ഭാരം നമ്മുടെ അടുക്കളത്തോട്ടത്തിൽ കാണുന്ന ഒരു ചെറിയ പയറു മണിയുടെ പകുതി മാത്രമാണെങ്കിലും ഈ ലോഹം സ്മാർട്ട് ഫോണിൽ മാത്രമല്ല ആധുനിക ഇലക്ട്രോണിക് ഉപകരണങ്ങളുടെയെല്ലാം കാര്യക്ഷമമായ പ്രവർത്തനത്തിന് അത്യന്താപേക്ഷിതമാണ്. നീല ചാര നിറത്തിൽ കാണപ്പെടുന്ന ഈ അപൂർവ ലോഹം താപനില വ്യതിയാനങ്ങളിൽ ചെറിയ കപ്പാസിറ്ററുകൾക്ക് സംരക്ഷണം നൽകുകയും ഊർജ്ജം സ്റ്റോർ ചെയ്തു ചാർജ് നിലനിർത്തുന്നതിന് സഹായകരമാവുകയും ചെയ്യുന്നു.
നൈജീരിയ, റുവാണ്ട ബ്രസീൽ എന്നീ രാജ്യങ്ങളിലും ഈ ലോഹം ഖനനം ചെയ്യപ്പെടുന്നുണ്ടെങ്കിലും ആഗോളതലത്തിൽ ടാന്റലത്തിന്റെ (tantalum) 40% ത്തിലധികവും കാണപ്പെടുന്നത് ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലാണ്.
ഈ ആഴ്ച ലോക വാർത്തകളിൽ ഇടംപിടിച്ച M23 വിമത ഗ്രൂപ്പുമായി ഇത് നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ ഭൂരിപക്ഷം ടാന്റലം ഖനന കേന്ദ്രങ്ങളും ഇപ്പോൾ M23 യുടെ നിയന്ത്രണത്തിലാണ്.

എന്താണ് ഈ M23?
മാർച്ച് 23 മൂവ്മെന്റ് അഥവാ കോംഗളീസ് റെവല്യൂഷണറി ആർമി M23 എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്നു. 2012 ലാണ് M23 പ്രസ്ഥാനം നിലവിൽ വരുന്നത്. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയുടെ കിഴക്കൻ പ്രദേശത്ത് ടുട്സി ജനതയുടെ നേതൃത്വത്തിലുള്ള കലാപം അവസാനിപ്പിക്കാൻ 2009-ൽ നാഷണൽ കോൺഗ്രസ് ഫോർ ഡിഫൻസ് ഓഫ് പീപ്പിൾ (സിഎൻഡിപി), വിമത ഗ്രൂപ്പും കോംഗോ ഗവൺമെന്റും തമ്മിൽ കരാർ ഒപ്പിട്ട തീയതിയുടെ പേരിലാണ് ഇത് അറിയപ്പെടുന്നത്.
2009 ഒപ്പിട്ട കരാർ ലംഘിക്കപ്പെട്ടുവെന്നും ന്യൂനപക്ഷ ജനതയുടെ അവകാശങ്ങൾ ഹനിക്കപ്പെട്ടു എന്ന വാദവും ഉയർത്തിപ്പിടിച്ചാണ് കോംഗോയിലെ ടുട്സികളുടെയും മറ്റ് ന്യൂനപക്ഷങ്ങളുടെയും താൽപ്പര്യങ്ങൾ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടുകൂടി M23 പ്രസ്ഥാനം ഉടലെടുത്തത്.
