നോർത്ത് അമേരിക്കയിലെ ഏറ്റവും തിരക്കേറിയതും അതിരൂക്ഷമായ ഗതാഗത കുരുക്ക് അനുഭവപ്പെടുന്നതുമായ ഹൈവേ 401 ന് കീഴിൽ തുരങ്കം നിർമ്മിച്ച് ഒരു പുതിയ എക്സ്പ്രസ് വേ പ്രാവർത്തികമാക്കാനുള്ള തന്റെ സ്വപ്ന പദ്ധതിയെക്കുറിച്ച് ഒന്റാരിയോ പ്രോഗ്രസീവ് കൺസർവേറ്റീവ് പാർട്ടി നേതാവ് ഡഗ് ഫോർഡ് വെള്ളിയാഴ്ച തെരഞ്ഞെടുപ്പ് പ്രചാരണവേളയിൽ പങ്ക് വച്ചു.
ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ തുരങ്കപാതകളിൽ ഒന്നായി 401-ന് താഴെ തുരങ്കം നിർമ്മിക്കുവാൻ ഇക്കഴിഞ്ഞ സെപ്റ്റബറിൽ അദ്ദേഹം നിർദ്ദേശം വച്ചിരുന്നു.
വാഹനങ്ങൾക്കും പൊതുഗതാഗതത്തിനും വേണ്ടിയുള്ള പുതിയ വികസന പദ്ധതികൾ ഇവയോടൊപ്പം കൂട്ടിച്ചേർക്കും. ഒന്റാരിയോയിൽ ഇത് പ്രവർത്തികമായാൽ “ലോകത്തിലെ ഏറ്റവും വലിയ, അതി മനോഹരമായ അടിസ്ഥാന സൗകര്യ പദ്ധതികളിലൊന്നായി” വിശേഷിപ്പിക്കപ്പെടുമെന്നും ഡഗ് ഫോര്ഡ് അഭിപ്രായപ്പെട്ടു.
ഇത്തരമൊരു ബൃഹത്തായ സംരംഭത്തിന്റെ സാധ്യതയെക്കുറിച്ചുള്ള ആശങ്കകൾക്കിടയിലും, ഫോർഡ് തന്റെ സ്വപ്ന പദ്ധതി തീരുമാനത്തിൽ ഉറച്ചുനിൽക്കുകയും, വരും ആഴ്ചകളിൽ യുഎസ് ഗവൺമെന്റ് ചുമത്തിയേക്കാവുന്ന 25 ശതമാനം താരിഫുകളുടെ ഭീഷണികൾക്കിടയിലും ഒന്റാരിയോ പ്രൊവിൻസിന്റെ സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനുള്ള ഒരു മാർഗനിർദ്ദേശമായി ഈ ബൃഹത് പൊതുമരാമത്ത് പദ്ധതിയെ വിശേഷിപ്പിക്കുകയും ചെയ്തു.
നമ്മുടെ സമ്പദ്വ്യവസ്ഥയ്ക്ക് മേൽ താരിഫുകളുടെ ഭീഷണി നിലനിൽക്കുന്നതിനാൽ, ഒന്റാറിയോയുടെ സാമ്പത്തികശേഷി മെച്ചപ്പെടുത്തുന്നതിനും തൊഴിലാളികൾക്ക് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും തങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യുമെന്നും
ഡഗ് ഫോർഡ് പ്രചാരണവേളയിൽ പറഞ്ഞു.
ഹൈവേ 401 ലെ ഗതാഗത കുരുക്കിനെ നേരിടുന്നതിനോടൊപ്പം ആയിരക്കണക്കിന് ഒന്റാരിയോ നിവാസികൾക്ക് നല്ല തൊഴിലവസരങ്ങൾ ഉറപ്പാക്കുകയും, സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുകയും ചെയ്യുന്ന തരത്തിൽ പ്രവിശ്യയുടെ ഒരു ‘ഗെയിം ചേഞ്ചർ’ ആയിരിക്കും പുതിയ എക്സ്പ്രസ് വേ പദ്ധതിയെന്ന് ഫോർഡ് കൂട്ടിച്ചേർത്തു.