ഈ കാലത്ത് വളരെയധികം പേരുടെ പ്രശ്നമാണ് ഉറക്കമില്ലായ്മ എന്നത്.
ടെൻഷൻ മാത്രമാണ് ഉറക്കക്കുറവിൻ്റെ കാരണമെന്ന് ഒരു പൊതുധാരണ നിലവിലുള്ളതുകൊണ്ട് പറയുകയാണ്. ഉറക്കക്കുറവ് ടെൻഷൻ കൊണ്ടുമാത്രമല്ല മറ്റു പല കാരണങ്ങൾക്കൊണ്ടും സംഭവിക്കാം.
പക്ഷേ, ഉറക്കക്കുറവിനല്ല ഉറക്കക്കുറവിൻ്റെ കാരണത്തിനാണ് സത്യത്തിൽ ചികിത്സ വേണ്ടത്.
തെറ്റായ ജീവിതചര്യകൾ, ശാരീരിക മാനസിക പ്രശ്നങ്ങൾ, ലഹരി വസ്തുക്കളുടെ ഉപയോഗം ഹോർമോൺ വ്യതിയാനങ്ങൾ, അമിത സമ്മർദ്ദം, ഉറക്കത്തെപ്പറ്റിയുള്ള തെറ്റായ കാഴ്ചപ്പാടുകൾ ജോലിഭാരം, മൊബൈൽ അഡിക്ഷൻ, അങ്ങനെയങ്ങനെയുള്ള നൂറു കൂട്ടം കാരണങ്ങളിൽ ഏതാണ് പ്രശ്നമെന്നു മനസ്സിലാക്കിയാലേ കൃത്യമായ ചികിത്സ സാധിക്കൂ.
സുഹൃത്തുക്കളുടെ ഉപദേശം സ്വീകരിച്ച് ഉറങ്ങാൻവേണ്ടി മാത്രം മദ്യത്തെ ആശ്രയിച്ച് കുഴപ്പത്തിലാകുന്നവർ ധാരാളമുണ്ട്. മരുന്നുകളെക്കുറിച്ചുുള്ള അജ്ഞതയും അഡിക്ഷൻ വരുമോയെന്ന ഭയവുമാണ് പലപ്പോഴും ഇതിന് കാരണമായി അവർ പറയുന്നത്. ഒടുക്കം വെളുക്കാൻ തേച്ചത് പാണ്ടാകുന്ന അവസ്ഥ.
Sleep Hygiene techniques എല്ലാവർക്കും പരിശീലിക്കാവുന്നതാണ്. (ഇതിൽപ്പറയുന്ന കാര്യങ്ങൾ എല്ലാവർക്കും ഒരേപോലെ ശരിയാകണമെന്നില്ല. ഉദാഹരണത്തിന് വായിച്ചു കൊണ്ടിരിക്കുമ്പോഴോ ടി.വി കണ്ടിരിക്കുമ്പോഴോ ഉറങ്ങിപ്പോകുന്നവരുണ്ട്.)
എങ്കിലും ഉറക്കം വന്നാലേ കട്ടിലിലേക്ക് പോകാവൂ എന്നതും കട്ടിലിൽ അനാവശ്യ ലൈറ്റുകളും ഇലക്ട്രോണിക് ഉപകരണങ്ങളും ഒഴിവാക്കി കട്ടിൽ ഉറങ്ങാൻ വേണ്ടി മാത്രം എന്ന രീതിയിൽ മനസ്സിനെ പരിശീലിപ്പിക്കണം എന്നുമുള്ളതാണ് പൊതുവേയുള്ള കാഴ്ചപ്പാട്.
വൈകുന്നേരങ്ങളിലെ ലഘു വ്യായാമങ്ങളും, ചെറുചൂടുവെള്ളത്തിലുള്ള കുളിയും, വൈകുന്നേരത്തെ ഭക്ഷണത്തിലുള്ള മിതത്വവും, ചായ, കാപ്പി ഉപയോഗം കുറക്കലും, ഇടക്കിടെ സമയം നോക്കാതിരിക്കലും ഗുണം ചെയ്യും.
രാത്രിയിൽ കഴിക്കേണ്ട മരുന്നുകൾ ഉറങ്ങാൻ പോകുന്നതിന് തൊട്ടു മുൻപാണ് കഴിക്കേണ്ടത് എന്നൊരു ചിന്തയുള്ളവരുണ്ട്. ഏതൊരു മരുന്നും പ്രവർത്തിക്കാൻ കുറച്ചു സമയമെടുക്കും എന്നതാണ് വാസ്തവം.
ഈ രീതികൾ കൊണ്ടൊന്നും പ്രശ്നപരിഹാരമാകുന്നില്ലെങ്കിൽ ഒരു മാനസികാരോഗ്യ വിദഗ്ധനെ സമീപിച്ച് നിർദ്ദേശം തേടുന്നതാണ് ഉചിതം.
അഡിക്ഷൻ എന്ന അവസ്ഥയെപ്പറ്റിയുള്ള ശരിയായ ധാരണയില്ലായ്മ കാരണമാകാം മരുന്നുകളെപ്പറ്റി അനാവശ്യഭീതി പടർത്തുന്ന ഡോക്ടർമാരും ഇവിടെയുണ്ട്.
മരുന്നൊന്നും കഴിക്കേണ്ട, അതൊക്കെ ദോഷം ചെയ്യും, പകരം ചെറുത് രണ്ടെണ്ണം അടിച്ചോ എന്നു പറഞ്ഞു കൊടുത്ത ഡോക്ടറിനെ അറിയാം. ഒടുക്കം മദ്യത്തിന് അടിമപ്പെട്ട അവസ്ഥയിലെത്തി ആ പാവം മനുഷ്യൻ .
മരുന്നുകളെക്കുറിച്ചുള്ള തെറ്റിദ്ധാരണകളും ഭയവും കൃത്യമായ ചികിത്സ എടുക്കുന്നതിന് തടസ്സമാകാതിരിക്കട്ടെ.
ഉറക്കം തലച്ചോറിൻ്റെ സുഗമമായ പ്രവർത്തനത്തിന് അത്രമേൽ പ്രധാനപ്പെട്ടതാണ്.
1 Comment
നിദ്ര അച്ചടക്കം ചെറു പ്രായത്തിലെ പരിശീലിക്കപ്പെടേണ്ടതാണ്. അത് വീടുകളിൽ തുടങ്ങണം. ഞങ്ങളുടെ കുട്ടിക്കാലത്തു വൈകുന്നേരം സ്കൂൾ വിട്ടു വീട്ടിൽ എത്തിയാൽ പുഴുക്ക് (കപ്പയോ, കാച്ചിലോ, ചേമ്പോ, ചക്കയോ) വയറുനിറയെ കഴിച്ച ശേഷം കുറച്ചു നേരം ഓടിക്കളിലേക്കും. അതിനു ശേഷം വീട്ടു കാര്യങ്ങളിൽ മാതാപിതാക്കളെ സഹായിക്കും – വെള്ളം കോരൽ മുതൽ ആടിനെ തീറ്റുന്നതു വരെ.
സന്ധ്യ ആയാൽ വിളക്കു കൊളുത്തി പട്ടു പാടിയ ശേഷം കുട്ടികളെല്ലാം പഠിക്കുവാൻ ഇരിക്കും. അപ്പൻ ആ സമയത്തു പുസ്തകം വായിക്കും – അമ്മ അടുക്കളയിൽ.
ഒൻപതു മണിക്ക് പ്രാർത്ഥന – ശേഷം അത്താഴം – കഞ്ഞിയും കൂട്ടിനു പയറോ, ചമ്മന്തിയോ. അച്ചാറോ, പപ്പടം ചുട്ടതോ, ഉണക്കമീൻ ചുട്ടതോ.
അത്താഴശേഷം ഏവരും നിദ്രയിലേക്ക്. അന്ന് മുതൽ കട്ടിലിൽ കിടന്നാൽ 30 സെക്കൻഡിൽ ഞാൻ ഉറങ്ങിയിരിക്കും. പിന്നീട് സൈനിക സ്കൂൾ ദിനങ്ങളിലും, നാഷണൽ ഡിഫെൻസ് അക്കാദമി (NDA) നാളുകളിലും, സൈനിക സേവന നാളുകളിലും ഇതേ നിദ്ര അച്ചടക്കം തുടർന്നു.
ഇന്നും സ്ഥിതിയിൽ ഒരു മാറ്റവുമില്ല – കട്ടിലിൽ കിടന്നാൽ 30 സെക്കൻഡിൽ കൂർക്കം വലിച്ചു ഉറങ്ങിയിരിക്കും.