വാഷിംഗ്ടൺ DC : അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ റഷ്യക്ക് 50 ദിവസത്തെ സമയപരിധി നൽകി. അല്ലാത്തപക്ഷം കനത്ത തീരുവ നടപടികൾ നേരിടേണ്ടിവരുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റുട്ടെയുമായി വൈറ്റ് ഹൗസിൽ നടന്ന കൂടിക്കാഴ്ചയ്ക്കിടെയാണ് ട്രംപ് ഇക്കാര്യം പ്രഖ്യാപിച്ചത്.
“50 ദിവസത്തിനുള്ളിൽ ഒരു കരാർ ഉണ്ടാകാത്തപക്ഷവളരെ കർശനമായ ‘സെക്കൻഡറി’ തീരുവകൾ അമേരിക്ക റഷ്യക്ക് മേൽ ഏർപ്പെടുത്തുമെന്ന് ട്രംപ് മുന്നറിയിപ്പു നൽകി. ഈ തീരുവകൾ 100 ശതമാനം വരെ ഉയർന്നേക്കാമെന്നും, റഷ്യയുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങളെ ലക്ഷ്യമിട്ടായിരിക്കും ഈ നടപടിയെന്നും അദ്ദേഹം വ്യക്തമാക്കി. ഈ നീക്കം റഷ്യയെ സാമ്പത്തികമായി ഒറ്റപ്പെടുത്താനുള്ള ശ്രമത്തിൻ്റെ ഭാഗമായാണ് കാണേണ്ടത്.
2022-ൽ റഷ്യ യുക്രെയ്നിൽ ആക്രമണം ആരംഭിച്ചതിനുശേഷം അമേരിക്കയും റഷ്യയും തമ്മിലുള്ള നേരിട്ടുള്ള വ്യാപാരം ഗണ്യമായി കുറഞ്ഞിരുന്നു. എന്നാൽ, ചൈന, ഇന്ത്യ തുടങ്ങിയ രാജ്യങ്ങൾ റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നത് തുടരുന്നുണ്ട്. ഈ രാജ്യങ്ങളെ ലക്ഷ്യമിട്ടാണ് പ്രധാനമായും ട്രംപിന്റെ ‘സെക്കൻഡറി’ തീരുവകൾ.
ഇതോടൊപ്പം യുക്രെയ്ന് നൽകിവരുന്ന സൈനിക സഹായം വർധിപ്പിക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചു. അമേരിക്കൻ നിർമ്മിത അത്യാധുനിക ആയുധങ്ങൾ, പാട്രിയറ്റ് മിസൈൽ സംവിധാനം ഉൾപ്പെടെ, മുമ്പോട്ട് യുക്രെയ്ൻ ഉപയോഗിക്കും. എന്നാൽ, ഈ ആയുധങ്ങളുടെ ചെലവ് നാറ്റോ രാജ്യങ്ങൾ വഹിക്കുമെന്ന് ട്രംപ് വ്യക്തമാക്കി. “ഞങ്ങൾ ആയുധങ്ങൾ നിർമിക്കും, അവർ പണം നൽകും,” അദ്ദേഹം പറഞ്ഞു.
റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായുള്ള ചർച്ചകൾ പലപ്പോഴും “സൗഹാർദപരമാണെങ്കിലും പുടിന്റെ പല നടപടികളും വാക്കുകൾക്ക് വിരുദ്ധമാണെന്ന് ട്രംപ് കുറ്റപ്പെടുത്തി. “ഞങ്ങൾ സംസാരിക്കുമ്പോൾ കാര്യങ്ങളെല്ലാം ഭംഗിയായി അവസാനിക്കുമെന്ന് തോന്നുമെങ്കിലും അതിനു വിപരീതമായി രാത്രിയിൽ മിസൈലുകൾ പതിക്കും,”
യുക്രെയ്ന് അധികമായി ആയുധങ്ങൾ നൽകാനുള്ള തീരുമാനത്തെ നാറ്റോ സെക്രട്ടറി ജനറൽ റുട്ടെ, പിന്തുണച്ചു. ജർമനി, ഫിൻലാൻഡ്, ഡെന്മാർക്ക്, സ്വീഡൻ, നോർവേ, യുകെ, നെതർലാൻഡ്സ്, കാനഡ എന്നീ രാജ്യങ്ങൾ ഈ പദ്ധതിയിൽ പങ്കാളികളാകാൻ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
ട്രംപിന്റെ ഈ പ്രഖ്യാപനം യുക്രെയ്ൻ-റഷ്യ യുദ്ധത്തിൽ ഒരു നിർണായക വഴിത്തിരിവാകുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്. 50 ദിവസത്തിനുള്ളിൽ ഒരു സമാധാന കരാർ ഉണ്ടാകുമോ, അതോ ട്രംപിന്റെ തീരുവ ഭീഷണി യാഥാർഥ്യമാകുമോ എന്ന് കാത്തിരുന്ന് കാണേണ്ടതുണ്ട്.