ഓട്ടവ/ന്യൂ ഡൽഹി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അടുത്ത ജി7 ഉച്ചകോടിയിൽ പങ്കെടുക്കാൻ കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയുടെ ക്ഷണം. കഴിഞ്ഞ രണ്ടുവർഷമായി അസ്വാരസ്യത്തിലായിരുന്ന ഇരുരാജ്യങ്ങൾക്കുമിടയിലെ ബന്ധം മെച്ചപ്പെടുത്താൻ ഈ ഒരു ഫോൺകോളിനു കഴിഞ്ഞേക്കും. പ്രധാനമന്ത്രി മോദി ക്ഷണം സീകരിച്ചു.
കാർണിയുടെ ഓഫീസ് പുറത്തുവിട്ട വിശദീകരണപ്രകാരം, നേതാക്കൾ തമ്മിൽ സംഭാഷണം നടന്നതായും, അടുത്ത G7 സമ്മേളനത്തിനിടെ കൂടിക്കാഴ്ച നടത്താനുള്ള ആഗ്രഹം അവർ പങ്കുവെച്ചതായും വ്യക്തമാക്കിയിട്ടുണ്ട്.
ഇന്ത്യ ജി7 അംഗരാജ്യങ്ങളിലൊന്നല്ലെങ്കിലും അതിന്റെ വാർഷിക യോഗങ്ങളിൽ അതിഥിയായി പങ്കെടുക്കാൻ ക്ഷണിക്കപ്പെടാറുണ്ട്. ഈ വർഷത്തെ ജി7 ഉച്ചകോടി കാനഡയിലെ ആൽബർട്ട പ്രവിശ്യയിലെ കാനനാസ്കിസിൽ ജൂൺ 15 മുതൽ 17 വരെ നടക്കും.
“കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയുടെ ഫോൺകോളിൽ സന്തോഷം. ജി7 സമ്മേളനത്തിൽ പങ്കെടുക്കാൻ ക്ഷണിച്ചതിന് നന്ദി,” എന്നായിരുന്നു മോദിയുടെ ട്വീറ്റ് (X പോസ്റ്റ്).
“പുനരുജ്ജീവിത ഉത്സാഹത്തോടെ, പരസ്പര ബഹുമാനത്തോടെയും ഉഭയകക്ഷി താല്പര്യങ്ങൾ മുൻനിർത്തിയും ഇന്ത്യയും കാനഡയും സഹകരിച്ച് പ്രവർത്തിക്കും,” മോദി കുറിച്ചു.
സിഖ് വശജനായ കനേഡിയൻ പൗരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട ആരോപണങ്ങളെ തുടർന്ന് കാനഡ-ഇന്ത്യ ബന്ധം മുമ്പ് മോശമായിരുന്നു. കാനഡ ഇന്ത്യക്കെതിരെ ഡിപ്ലോമാറ്റിക് നടപടി സ്വീകരിക്കുകയും, ഇന്ത്യ സമാനരീതിയിൽ പ്രതികരിക്കുകയും ചെയ്തിരുന്നു.
ഇന്ത്യ കാനഡയുടെ 10-ാമത്തെ വലിയ വ്യാപാര പങ്കാളിയാണ്. കാനഡ ഇന്ത്യയിലേക്ക് പൾസസ് ഉൾപ്പെടെയുള്ള ധാന്യങ്ങൾ കയറ്റുമതി ചെയ്യുന്ന ഏറ്റവും വലിയ രാജ്യമാണ്.
വ്യാപാരത്തിൽ യു എസിനെ ആശ്രയിക്കുന്നത് കുറയ്ക്കാൻ ശ്രമിക്കുന്ന കാർണി, ഇന്ത്യയെ ഉൾപ്പെടുത്തി സാമ്പത്തിക താൽപ്പര്യങ്ങൾ വിപുലീകരിക്കാനാണ് ശ്രമിക്കുന്നത്. ഇന്ത്യയുടെ വലിപ്പം, ലോക സപ്ലൈ ചെയിനിൽ അതിന്റെ പങ്ക് മുതലായ കാരണങ്ങൾ വിശദീകരിച്ചുകൊണ്ടാണ് ഇന്ത്യയെ ജി7 സമ്മേളനത്തിനു ക്ഷണിച്ചിട്ടുള്ളത്.
ചിലർ ഈ ക്ഷണത്തെ പ്രായോഗികമായ മുന്നേറ്റം എന്ന നിലയിൽ സ്വാഗതം ചെയ്തപ്പോൾ, മറ്റ് ചിലർ ഇതിനെതിരെ ശക്തമായി പ്രതികരിച്ചു.
കാനഡയിലെ വേൾഡ് സിഖ് ഓർഗനൈസേഷൻ ഈ നീക്കത്തെ വിമർശിച്ചു. “ഇത് കാനഡയുടെ അടിസ്ഥാന മൂല്യങ്ങൾക്കെതിരായൊരു വിശ്വാസഭംഗമാണ്,” എന്ന് അവർ പ്രസ്താവനയിൽ പറഞ്ഞു. ഇതേപോലെ, എൻ.ഡി.പി പാർട്ടി മോദിക്ക് നൽകിയ ക്ഷണം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു. തുടർച്ചയായ തർക്കങ്ങളും രാഷ്ട്രീയ ഇടപെടലുകളുമാണ് ഈ ആവശ്യത്തിന് കാരണമെന്ന് അവർ പറഞ്ഞു. ‘ഇത് വിദേശ ശക്തികളുടെ ഇടപെടലിനെതിരെ എടുത്ത നിലപാടുകളെ അപഹസിക്കുന്നതും തെറ്റായ സന്ദേശം നല്കുന്നതുമാണ്,’ പാർട്ടി എം.പി ജെനി ക്വാൻ പറഞ്ഞു.
അതേസമയം, കൺസർവേറ്റീവ് നേതാവ് പിയർ പൊലീയേവ് ഈ തീരുമാനത്തെ പിന്തുണച്ചു. ഈ ക്ഷണം “ആവശ്യമായ” കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. സാമ്പത്തികവശം മുന്നിൽനിർത്തിയാണ് അദ്ദേഹത്തിന്റെ പ്രതികരണം. “ഇന്ത്യ ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സാമ്പത്തിക ശക്തികളിൽ ഒന്നാണ്,” അദ്ദേഹം പറഞ്ഞു. “നമ്മുടെ പ്രകൃതിസമ്പത്തുകളും ആണവ സാങ്കേതികവിദ്യകളും ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യാൻ ശക്തമായ ബന്ധങ്ങൾ അത്യന്താപേക്ഷിതമാണ്.” എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഫോറിൻ അഫയേഴ്‌സ് മന്ത്രി അനിത ആനന്ദ് ഇതിനു മുമ്പ് തന്റെ ഇന്ത്യൻ സമശീർഷരുമായി ഉൽപ്പാദക ചർച്ച നടത്തിയതായി വ്യക്തമാക്കി.
മെച്ചപ്പെടുന്ന ഉഭയകക്ഷിബന്ധങ്ങൾ, ഇരുരാജ്യങ്ങളുടെയും വ്യാപാര-സാമ്പത്തിക മേഖലകളിൾ വലിയ മുന്നേറ്റത്തിന് വഴിതെളിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.



