നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിൽ ഒന്നാണ് ഹൃദയം. 

ഹൃദയമിടിപ്പ് പൊടുന്നനെ നിലച്ചു പോയാൽ എന്ത് ചെയ്യും? 

ഹൃദയസ്തംഭനം (Cardiac Arrest) എന്താണെന്നും ഹൃദയസ്തംഭനം ഉണ്ടായാൽ എന്ത് ചെയ്യണം എന്നും അറിയാം…

ഹൃദയസ്തംഭനം (Cardiac Arrest) ഉണ്ടായാൽ എന്ത് ചെയ്യണം?

ഹൃദയസ്പന്ദനവും ശ്വാസോച്‌ഛാസവും നിലച്ച്‌ ഒരു  വ്യക്തി അബോധവസ്ഥയിൽ ആകുന്ന അവസ്ഥയാണ് ഹൃദയസ്തംഭനം.

ദൈനംദിന ജീവിതത്തില്‍ നാം പലപ്പോഴും  കേള്‍ക്കുകയും ചിലപ്പോൾ സാക്ഷികള്‍ ആകേണ്ടി വരികയും ചെയ്യുന്ന ഒരു അപകടമാണ്‌ കുഴഞ്ഞുവീണു മരിക്കുക എന്നത്‌. ഇതിന്‌ കാരണം മിക്കപ്പോഴും ഹൃദയസ്തംഭനം ആണ്‌. 

ഈ അപകടാവസ്ഥ മനസ്സിലാക്കി, എത്രയും വേഗത്തില്‍, പ്രാഥമിക ചികിത്സയായ സി.പി.ആര്‍ (Cardio Pulmonary Resuscitation) ആരംഭിക്കാനുള്ള നടപടി എടുക്കുകയും ചെയ്താല്‍ വിലപ്പെട്ട ജീവ൯ രക്ഷിക്കാം. 

ഒരു വ്യക്തി നമ്മുടെ മുന്നില്‍ കുഴഞ്ഞു വിണാല്‍ എന്തു ചെയ്യണമെന്ന്‌ നോക്കാം. 

സുരക്ഷിതമായ സ്ഥലത്ത്‌ രോഗിയെ മലര്‍ത്തിക്കിടത്തിയ ശേഷം രോഗിയുടെ രണ്ട്‌ തോളെല്ലിലും ശക്തിയായി തട്ടി വിളിച്ച്‌ പ്രതികരിക്കുന്നുണ്ടോ എന്ന്‌ പരിശോധിക്കുക. ഇതിനുശേഷം, രോഗി ശ്വാസം എടുക്കുന്നുണ്ടോ എന്ന്‌ പരിശോധിക്കണം.     

ഇവ രണ്ടും സംഭവിക്കുന്നില്ലെങ്കില്‍ രോഗിക്ക്‌ ഹൃദയസ്തംഭനം ഉണ്ടായി എന്ന്‌ മനസ്സിലാക്കി ഉടനടി ഹൃദയസ്പന്ദന ശ്വസന പുനരുജ്ജീവന പ്രക്രിയ (Cardio Pulmonary Resuscitation) ആരംഭിക്കുക. ഈ പ്രക്രിയ ആരംഭിക്കുന്നതിനു മുമ്പ് രോഗിയുടെ വായ തുറന്നു പിടിച്ച ശേഷം ശ്വാസതടസ്സം സൃഷ്ടിക്കുന്ന എന്തെങ്കിലും വസ്തു തൊണ്ടയിൽ കുടുങ്ങിയിട്ടുണ്ടോ എന്ന്‌ പരിശോധിക്കുക. ഉണ്ടെങ്കില്‍, അത് നീക്കം ചെയ്യാന്‍ സാധിക്കുമെങ്കില്‍ നീക്കം ചെയ്യുക. 

ഹൃദയസ്പന്ദന ശ്വസന പുനരുജ്ജീവന പ്രക്രിയ (CPR) ചെയ്യുന വിധം

രോഗിയെ നിരപ്പായ, കട്ടിയുള്ള പ്രതലത്തില്‍ മുഖം മുകളിലേക്കും കൈമുട്ടുകൾ നേരെയും ആകത്തക്കവിധത്തിൽ മലര്‍ത്തി കിടത്തുക. 

രോഗിയുടെ നെഞ്ചിന്റെ മധ്യഭാഗത്തുള്ള അസ്ഥിയുടെ നടുക്ക് ഒരു കൈപത്തി വെച്ച്‌ അതിനു മുകളില്‍ നമ്മുടെ അടുത്തകൈ വെച്ചതിനു ശേഷം വിരലുകള്‍ കോര്‍ത്ത്‌ പിടിച്ച് നമ്മുടെ കൈകളും തോളെല്ലും രോഗിയുടെ ശരീരത്തിന്റെ 90 ഡിഗ്രി കോണില്‍ വരത്തക്കവിധം നിന്നശേഷം 30 തവണ അമര്‍ത്തുക. 

ഓരോ തവണയും അമര്‍ത്തിയ ശേഷം രോഗിയുടെ നെഞ്ച്‌ പഴയ നിലയിലേക്ക്‌ വരുവാന്‍ സമയം അനുവദിക്കണം. മുപ്പതു തവണ ഇങ്ങനെ ചെയ്യുക. മർദ്ദം ഏൽപ്പിക്കുന്നതിന്റെ വേഗത ഒരു മിനിറ്റിൽ 100 മുതൽ 120 തവണയും ആഴം 2 ഇഞ്ചും ആയിരിക്കണം. 

തുടർന്ന്, രോഗിയുടെ തല പുറകിലേക്ക് ചരിച്ച് താടി മുകളിലേക്കുയര്‍ത്തുക. മൂക്ക് അടച്ചു പിടിച്ച് ഒരു സെക്കൻഡിൽ ഒന്ന് എന്ന അനുപാതത്തില്‍ രണ്ട്‌ തവണ ശ്വാസം ശക്തമായി നല്‍കുക. ഈ സമയത്ത്‌ രോഗിയുടെ നെഞ്ച്‌ ഉയരുകയും താഴുകയും ചെയ്യുന്നുണ്ടോ എന്ന്‌ ശ്രദ്ധിക്കുക. ശ്വാസം കൊടുക്കുമ്പോൾ ഒരു തൂവാലയോ കട്ടികുറഞ്ഞ തുണിയോ രോഗിയുടെ വായയുടെ മുകളില്‍ വെക്കുകയാണെങ്കിൽ രോഗിയില്‍ നിന്നും നമുക്കോ നമ്മളില്‍ നിന്നും രോഗിക്കോ രോഗങ്ങള്‍ പകരുന്നത്‌ ഒഴിവാക്കാന്‍ സാധിക്കും. 

ശ്വാസം കൊടുത്ത ശേഷം മര്‍ദ്ദം ഏൽപ്പിക്കുന്നത് തുടരാം. ഈ പ്രക്രിയ ആശുപത്രിയില്‍ എത്തുന്നതുവരെയോ രോഗി സ്വന്തമായി ശ്വാസം എടുക്കുന്നതുവരെയോ തുടരാം. 

കുട്ടികൾക്ക് ഹൃദയസ്തംഭനം ഉണ്ടായാൽ…

കുട്ടികള്‍ക്ക്‌ നെഞ്ചില്‍ മര്‍ദ്ദം ഏൽപ്പിക്കാൻ ഒരു കയ്യോ രണ്ടു കൈകളോ ഉപയോഗിക്കാം. കുട്ടികൾക്ക് ശ്വാസം കൊടുക്കുമ്പോള്‍ തല അധികം പുറകിലേക്ക് മലര്‍ത്തരുത്‌. ഒരു വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക്‌ ചൂണ്ടുവിരലും  നടുവിരലും ചേര്‍ത്താണ്‌ മർദ്ദം ഏൽപ്പിക്കേണ്ടത്.

Share.

ലേഖകൻ ഒരു പൊതുജനാരോഗ്യ വിദഗ്ദനാണ്. കഴിഞ്ഞ പത്ത് വർഷത്തിലേറെയായി ആരോഗ്യ ദുരന്തനിവാരണ മേഖലകളിൽ പ്രവർത്തിച്ചു വരുന്നു

Leave A Reply Cancel Reply

Exit mobile version
Privacy Overview

This website uses cookies so that we can provide you with the best user experience possible. Cookie information is stored in your browser and performs functions such as recognising you when you return to our website and helping our team to understand which sections of the website you find most interesting and useful.

Strictly Necessary Cookies

Strictly Necessary Cookie should be enabled at all times so that we can save your preferences for cookie settings.