ടൊറോന്റോ: ഒന്റാറിയോയിൽ ബാങ്കിംഗ് ഇ-ട്രാൻസ്ഫർ, ക്രെഡിറ്റ് കാർഡ് എന്നിവ മുഖേനയുള്ള തട്ടിപ്പ് വ്യാപകമായി വർധിച്ചുവരുന്നതായി ടൊറോന്റോ പോലീസ് മുന്നറിയിപ്പ് നൽകുന്നു. ഷോപ്പിംഗ് മാളുകളിലും മറ്റ് പൊതുസ്ഥലങ്ങളിലും ആളുകളെ ലക്ഷ്യമിട്ട് നടക്കുന്ന ഈ തട്ടിപ്പിനെക്കുറിച്ച് ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് വിവിധ സിറ്റി പോലീസ് വൃത്തങ്ങൾ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നു.
തട്ടിപ്പിന്റെ രീതി
പോലീസ് പറയുന്നതനുസരിച്ച്, ഈ തട്ടിപ്പ് സാധാരണയായി ഒരു അപരിചിതൻ പണവുമായി ഇരയെ സമീപിക്കുന്നതോടെ ആരംഭിക്കുന്നു. തന്റെ ബാങ്കിംഗ് കാർഡ് വർക്ക് ചെയ്യുന്നില്ലെന്നും 10 മുതൽ 20 ഡോളർ വരെ ഇ-ട്രാൻസ്ഫർ ചെയ്ത് സഹായിക്കാമോ എന്ന് അഭ്യർഥിക്കുകയും,, അതിനു പകരമായി പണം നൽകാമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു. ഇത് വിശ്വസിക്കുന്ന ഇര തന്റെ മൊബൈൽ ഫോൺ തട്ടിപ്പുകാരന് കൈമാറുകയും ബാങ്കിംഗ് ആപ്പ് തുറന്ന് നൽകുകയും ചെയ്യുമ്പോൾ, തട്ടിപ്പുകാരൻ സ്വന്തം ഇമെയിൽ വിലാസം ആപ്പിൽ രേഖപ്പെടുത്തി പണം തന്റെ അക്കൗണ്ടിലേക്ക് മാറ്റുന്നു. തുടർന്ന്, ഫോൺ തിരികെ നൽകി സ്ഥലം വിടുന്നു.
മുന്നറിയിപ്പുകൾ
കാനഡയിലെ കമ്മ്യൂണിക്കേഷൻസ് സെക്യൂരിറ്റി എസ്റ്റാബ്ലിഷ്‌മെന്റിന്റെയും കനേഡിയൻ സെന്റർ ഫോർ സൈബർ സെക്യൂരിറ്റിയുടെ ‘Get CyberSafe’ ക്യാമ്പയിന്റെയും സഹകരണത്തോടുകൂടി ഇത്തരത്തിലുള്ള തട്ടിപ്പുകൾ പ്രതിരോധിക്കാൻ പോലീസ് ചില മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.
അപരിചിതരിൽ നിന്നുള്ള പണത്തിനു വേണ്ടിയുള്ള അഭ്യർത്ഥനകൾ: അപരിചിതനായ ആരെങ്കിലും നിങ്ങളെ സമീപിച്ച് ഇ-ട്രാൻസ്ഫർ വഴി പണം അയക്കാൻ സഹായം ആവശ്യപ്പെട്ടാൽ, അതീവ ജാഗ്രത പാലിക്കുക. അപരിചിതരെ നിങ്ങളുടെ ബാങ്കിംഗ് ആപ്പ് ഉപയോഗിക്കാൻ അനുവദിക്കരുത്.
ഫിഷിങ് മെസേജുകൾ: ബില്ലുകൾ അടയ്ക്കാൻ ആവശ്യപ്പെടുന്നതോ അല്ലെങ്കിൽ ഔദ്യോഗികമെന്ന് തോന്നിക്കുന്നതോ ആയ ഇ-ട്രാൻസ്ഫർ അയക്കുന്നതിനു വേണ്ടിയുള്ള സന്ദേശങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക. ഇത്തരം സന്ദേശങ്ങളിലെ ലിങ്കുകൾ ക്ലിക്ക് ചെയ്യുന്നത് ഒഴിവാക്കുക, കാരണം ഇവ സെൻസിറ്റീവ് വിവരങ്ങൾ ശേഖരിക്കുന്ന വെബ്‌സൈറ്റുകളിലേക്ക് നയിച്ചേക്കാം.
ഇമെയിൽ ഹാക്കിംഗ്: ഹാക്കർമാർ ഇമെയിൽ അക്കൗണ്ടുകളിൽ അനധികൃതമായി പ്രവേശിച്ച് ഇ-ട്രാൻസ്ഫർ അറിയിപ്പുകൾക്ക് ആക്സസ് നേടാം. ഒരേ പാസ്‌വേഡ് ഒന്നിലധികം അക്കൗണ്ടുകൾക്ക് ഉപയോഗിക്കുന്നത് കഴിവതും ഒഴിവാക്കുക, കാരണം ഇത് ‘ക്രെഡൻഷ്യൽ സ്റ്റഫിംഗ്’ എന്ന സൈബർ ആക്രമണത്തിന് ഇടയാക്കും.
സുരക്ഷാ ചോദ്യങ്ങൾ: ഇ-ട്രാൻസ്ഫർ വഴി പണം അയക്കുമ്പോൾ ഉപയോഗിക്കുന്ന സുരക്ഷാ ചോദ്യങ്ങളും ഉത്തരങ്ങളും എളുപ്പത്തിൽ ഊഹിക്കാൻ കഴിയാത്തവിധം സങ്കീർണമാക്കുക. ഇവ ഇമെയിൽ അല്ലെങ്കിൽ ടെക്സ്റ്റ് മെസ്സേജ് വഴി മറ്റുള്ളവരുമായി പങ്കുവെക്കരുത്.
അപ്രതീക്ഷിത അറിയിപ്പുകൾ: നിങ്ങൾ പ്രതീക്ഷിക്കാത്ത ഒരു ഇ-ട്രാൻസ്ഫർ അറിയിപ്പ് ലഭിച്ചാൽ, അതിന്റെ ആധികാരികത ഔദ്യോഗികമായി സ്ഥിരീകരിക്കുക.
സുരക്ഷാ നടപടികൾ
ഇ- ട്രാൻസ്ഫറിന് പരമാവധി ഓട്ടോഡെപ്പോസിറ്റ് സംവിധാനം ഉപയോഗിക്കുക: ഈ രീതി അവലംബിച്ചാൽ പണം നേരിട്ട് ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കപ്പെടും, ഇത് സുരക്ഷാ ചോദ്യങ്ങൾ ആവശ്യമില്ലാതെ തട്ടിപ്പിന്റെ സാധ്യത കുറയ്ക്കും.
വിവരങ്ങൾ പങ്കുവെക്കരുത്: സ്വന്തം ബാങ്കിംഗ് വിവരങ്ങൾ ഒരിക്കലും അപരിചിതരുമായി പങ്കുവെക്കരുത്. ഇ-ട്രാൻസ്ഫർ നടത്തുമ്പോൾ, ഫോൺ എല്ലായ്പ്പോഴും സുരക്ഷിതമായി കൈവശം വെക്കുക.
സുരക്ഷിതമായ പാസ്‌വേഡുകൾ: ശക്തവും സങ്കീർണവുമായ പാസ്‌വേഡുകൾ ഉപയോഗിക്കാൻ ശ്രദ്ധിക്കുക, ഒരേ പാസ്‌വേഡ് ഒന്നിലധികം അക്കൗണ്ടുകൾക്ക് ഉപയോഗിക്കാതിരിക്കുക.
തട്ടിപ്പ് റിപ്പോർട്ട് ചെയ്യുക: ഏതെങ്കിലും രീതിയിലുള്ള തട്ടിപ്പിന്റെ ലക്ഷണങ്ങൾ കണ്ടെത്തിയാൽ, ഉടൻ തന്നെ ബാങ്കുമായി ബന്ധപ്പെടുകയും കനേഡിയൻ ആന്റി-ഫ്രോഡ് സെന്ററിനോ ഇന്ററാക്കിനോ റിപ്പോർട്ട് ചെയ്യുക. സംശയാസ്പദമായ ഇമെയിലുകൾ phishing@interac.ca എന്ന വിലാസത്തിലേക്ക് ഫോർവേഡ് ചെയ്യാം.
വിവിധ സിറ്റി പോലീസ് ഏജൻസികളും, കനേഡിയൻ സൈബർ സെക്യൂരിറ്റി ഏജൻസികളും ജനങ്ങളോട് തങ്ങളുടെ പണമിടപാട് കാര്യങ്ങളിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്നാണ് ആവശ്യപ്പെടുന്നത്. ഒപ്പം പൊതുസ്ഥലങ്ങളിൽ അപരിചിതർ ഫോൺ ആവശ്യപ്പെട്ടാൽ, ഒരിക്കലും അത് നൽകരുത്. ഓൺലൈനിൽ അനാവശ്യമായ വ്യക്തിഗത വിവരങ്ങൾ പങ്കുവെക്കുന്നത് ഒഴിവാക്കുക, കാരണം തട്ടിപ്പുകാർ ഈ വിവരങ്ങൾ ഉപയോഗിച്ച് ‘സ്പിയർ ഫിഷിംഗ്’ പോലുള്ള സൈബർ അറ്റാക്കുകൾ നടത്താം.
ഈ തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കുന്നതിനും സുരക്ഷിതമായ ഡിജിറ്റൽ ഇടപാടുകൾ ഉറപ്പാക്കുന്നതിനും, മേൽപ്പറഞ്ഞ നിർദേശങ്ങൾ പാലിക്കുക. കൂടുതൽ വിവരങ്ങൾക്ക്, കനേഡിയൻ ആന്റി-ഫ്രോഡ് സെന്ററിന്റെ ഔദ്യോഗിക വെബ്‌സൈറ്റോ ഇന്ററാക്കിന്റെ ഫ്രോഡ് പ്രിവൻഷൻ പേജോ സന്ദർശിക്കുക.
https://antifraudcentre-centreantifraude.ca/index-eng.htm



