“When I waked, I cried to dream again.” – William Shakespeare
പഴയ ഗോത്രങ്ങൾ തമ്മിലുള്ള ബീവർ യുദ്ധത്തെ തുടർന്ന് പത്ത് നൂറ്റിയമ്പത് വർഷത്തോളം ആൾത്താമസമില്ലാതെ കിടന്ന മനിറ്റോളിൻ ദ്വീപ് വരെ പോകുക എന്നത് കുറെ നാളുകളായുള്ള ആഗ്രഹമായിരുന്നു. അങ്ങനെയിരിക്കെയാണ് നിനച്ചിരിക്കാതെ ഒരു ചെറിയ അവധി കിട്ടിയത്. വെള്ളിയാഴ്ച ദിവസം… അങ്ങനെ അന്ന് തന്നെ യാത്രതിരിച്ചു…
ടൊറോന്റോയിൽ നിന്ന് ഏകദേശം 295 കിലോമീറ്റർ ദൂരെയുളള ടോബർ മോറി എന്ന സ്ഥലത്തു നിന്നും Chi-Cheemaun എന്ന ചെറിയ കപ്പലിൽ കയറി വേണം ദ്വീപിൽ എത്താൻ. ചില സാങ്കേതിക കാരണങ്ങളാൽ ഈയിടെ ഡ്രൈവ് ചെയ്യാത്തതിനാൽ ആ വഴിക്കുള്ള കാർപൂൾ തരപ്പെടുത്തിയാണ് യാത്ര. അത്യാവശ്യം വലുപ്പമുള്ള ആ കാറിൽ ഞാനും വേറെ രണ്ടു പേരും മാത്രം, ആദ്യമേ തന്നെ പിൻസീറ്റിൽ സ്ഥാനം പിടിച്ച ഞാൻ മനിറ്റോളിൻ ദ്വീപിന്റെ വരാൻ പോകുന്ന കാഴ്ചകളെ ആലോചിച്ച് എപ്പഴോ ഉറങ്ങിപ്പോയി.
മുഖത്ത് നല്ല തണുത്ത കാറ്റടിച്ചപ്പോഴാണ് ഉണർന്നത്. വഴിയിൽ എന്തോ സംഭവിച്ച് റോഡ് തിരിച്ച് വിട്ടതു കാരണം വണ്ടി സൈഡ് ഒതുക്കിയിരിക്കുകയാണ്. നമ്മൾ ഏകദേശം എത്താറായെന്നും ബ്രൂസ് പെനിൻസുല നാഷ്ണൽ പാർക്കിന്റെ സൈഡിലൂടെ കയറി അപ്പുറം ഇറങ്ങാം എന്നും പറഞ്ഞ് അയാൾ വണ്ടി ചെറിയ വഴിയിലേക്ക് ഇറക്കി. തുടർന്നുള്ള യാത്ര ഡൈയേഴ്സ് ബേ വഴിക്കാണെന്ന് ഞാനൂഹിച്ചു. വണ്ടി അൽപനേരം നീങ്ങിക്കഴിഞ്ഞപ്പോൾ ഇത്തിരി മാറി ഞാനൊരു പ്രത്യേക തരത്തിലുള്ള കെട്ടിടം കണ്ടു. കെട്ടിടത്തിനരികിലായി ഒരു കുതിര ലായവുമുണ്ട്. ഞാൻ നോക്കുന്നത് കണ്ടിട്ടാകാം ഡ്രൈവർ പറഞ്ഞു: “അതൊരു പഴയ ഫ്രഞ്ച് വൈനറിയാണ്. 1893 ന് ശേഷം കാര്യമായ പ്രവർത്തനം ഇല്ല” എല്ലാം കൂടെയായപ്പോൾ ഒരു ഉൾവിളി, ഒന്ന് ഇറങ്ങി കാണണം എന്ന്. അയാൾ പതിയെ ത്രീ പോയിന്റ ടേൺ എടുത്ത് മൺ റോഡിലേക്ക് വണ്ടി ഇറക്കി സാവധാനം ഓടിച്ചു. ഗേറ്റ് എത്താറായപ്പോൾ ആ പഴയ കെട്ടിടവും കുതിരകളെയും അടുത്ത് കാണാറായി. സിറ്റിയിലെ പോലെ “Open” സൈൻ ഇല്ല. എങ്കിലും അകത്ത് അരണ്ട വെളിച്ചം കാണാം. വണ്ടിയിൽ നിന്നും ഇറങ്ങിയ ഞാൻ അവിടെ കയറാൻ തന്നെ തീരുമാനിച്ചു. ബാക്കിയുള്ള വഴി എനിക്ക് പറഞ്ഞ് തന്നിട്ട് കാറുകാരൻ യാത്രയായി.
അല്പനേരം കുതിരകളെ നോക്കി നിന്നിട്ട് ഞാൻ ഡോർ ബെല്ലടിച്ചു. അതൊരു പഴയതരം മണിയായിരുന്നു. പതിവിൽ കവിഞ്ഞ പൊക്കമുള്ള വാതിൽ തുറന്നത് അല്പം ഗൗരവക്കാരനായ ഒരു വൃദ്ധനായിരുന്നു. ഈ വഴി പോയപ്പോൾ കയറിയതാണെന്നും മ്യൂസിയം പോലെ തോന്നിയെന്നും ഒരു ചമ്മലോടെ പറഞ്ഞപോൾ അകത്തേക്ക് വരാൻ അയാൾ ആംഗ്യം കാണിച്ചു. നീണ്ട ഇടനാഴി പിന്നിട്ട് വിശാലമായ ഹാളിലെത്തി. വൈനറിയുടെ ചരിത്രമൊക്കെ പറഞ്ഞുതന്നിട്ട് എന്നോട് അവരുടെ വൈൻ രുചിച്ച് നോക്കുന്നോ എന്നൊരു ചോദ്യം. കഴിഞ്ഞ പത്ത് വർഷത്തിനിടെ അഞ്ച് പ്രാവശ്യം പോലും മദ്യപിച്ചിട്ടില്ലാത്ത ഞാൻ എന്തിനാണ് YES പറഞ്ഞതെന്ന് ഇപ്പോഴും അറിയില്ല. എന്തായാലും അവിടുത്തെ നിയമങ്ങൾ ഒക്കെ പറഞ്ഞു തന്നിട്ട് എന്നെ വിചിത്രമെന്നു തോന്നിക്കുന്ന ഒരു മുറിയിൽ കൊണ്ടുപോയി. നടുക്കായി ഒരു ചെറിയ നീന്തൽകുളം പോലെ തോന്നിക്കുന്ന ഒരു ടാങ്ക്. ചുറ്റും വളരെ പൊക്കം കുറഞ്ഞ കസേരകൾ. ഒരു പ്രത്യേക്ക ഗന്ധം ആ മുറിക്കുണ്ടായിരുന്നു. വളരെ നീളമുള്ള അറ്റത്തായി അളവ് പാത്രം പിടിപ്പിച്ച ഒരു വടി തന്നിട്ട് എനിക്ക് അതുപയോഗിക്കേണ്ട വിധം പറഞ്ഞു തന്നു. ആ ടാങ്ക് നിറയെ വൈൻ ആണെന്നും കസേരയിൽ ഇരുന്ന് ആവശ്യത്തിനുള്ളത് പകർന്ന് കുടിച്ചോളാനും പറഞ്ഞ് അയാൾ പോയി. ആ വടി കൈയിൽ വയ്ക്കുന്ന സമയത്തിനാണത്രെ കാശ്. വിചിത്രമായ രീതികൾ കണ്ട് അന്തം വിട്ടെങ്കിലും ഉടൻ തന്നെ വൈൻ കോരൽ തുടങ്ങി…
വൈൻ കഴിച്ച് നല്ല ശീലം ഇല്ലെങ്കിലും കിട്ടാവുന്നതിൽ വച്ച് ഏറ്റവും ബെസ്റ്റ് ആയിരിക്കാം ഇതെന്നു തോന്നി. അല്പാല്പമായി വീഞ്ഞ് നുണഞ്ഞിറക്കുമ്പോൾ നല്ല ദാഹമുള്ളപ്പോൾ വെള്ളം കുടിക്കുന്ന പോലെ വല്ലാത്തൊരാശ്വാസം! തൊട്ടരികിലെ കസേര ഫ്രീയാണെങ്കിലും നാലഞ്ച് പേരോളം കാണും കുളത്തിന് ചുറ്റും. എത്ര സമയം കഴിഞ്ഞു എന്നറിയില്ല, വല്ലാത്തൊരു ശാന്തത തോന്നുന്നുണ്ടാരുന്നു. പെട്ടെന്നാണ് അരികിലെ ഇരിപ്പിടത്തിൽ ഒരാൾ വന്ന് ഇരുന്നത്. നല്ല പരിചയം ഉള്ള മുഖം. പ്രത്യേക തരത്തിലുള്ള വേഷം. നീണ്ട പിന്നികെട്ടിയ മുടിയുള്ള ഒരു കാരണവർ. എന്റെ രീതികൾ കണ്ടിട്ടാവണം ഇവിടെ ആദ്യമായാണോ എന്നും ഇടക്കിടെ വന്നാൽ ശീലമാകും എന്ന് പറഞ്ഞ് അയാൾ സ്വയം ആർത്തുചിരിച്ചു. വൈൻ പകരുന്നതിനിടയിൽ കുശലം ചോദിച്ചു , അയാളും ടോബർ മോറിക്ക് പോകുകയാണെന്നും പറഞ്ഞു. ഈ സെറ്റപ്പ് വേറെ എങ്ങും ഇല്ലെന്നും പക്ഷെ ടോബർ മോറിക്ക് സമീപം വളരെ പ്രശസ്തമായ ഒരു താവളം ഉണ്ടെന്നും പറഞ്ഞു. തിരികെ വരുമ്പോൾ കയറാൻ നോക്കാം എന്ന് ഞാൻ തട്ടി വിട്ടു. ഇന്നും നാളെയും ഏതോ ചാന്ദ്ര പക്ഷ ദിവസമാണെന്നും അവിടം സന്ദർശിക്കാൻ പറ്റിയ സമയം ആണെന്നും അയാൾ ഒരു ഫ്രീ റൈഡ് താരമെന്നും പറഞ്ഞു. എന്നാൽ ഒരു കൈ നോക്കാന്ന് ഞാനും വിചാരിച്ചു.
വൈനറിയിൽ നിന്നും പതിയെ ഇറങ്ങി പാർക്കിംഗിലേക്ക് നടക്കുമ്പോൾ ചെറുതായി തണുക്കാൻ തുടങ്ങിയിരുന്നു. നടക്കുന്ന വഴി അയാൾ കുതിരകളോട് എന്തോ മന്ത്രിക്കുന്ന പോലെ തോന്നി. വൈൻ വേല ചെയ്തു തുടങ്ങി… വളരെ അപൂർവ്വമായി മാത്രം ടൊറോന്റോയിൽ കാണുന്ന പഴയ Vaulkswagen വാനായിരുന്നു അയാളുടേത് . ദൂരെ യാത്ര പോകാനായി അകം ക്രമീകരിച്ചിരിക്കുന്ന ഇളം നീല നിറമുള്ള വാൻ. പടങ്ങളിലൊക്കെ ഒത്തിരി കണ്ടിരിക്കുന്നത് കൊണ്ട് ഞാൻ പെട്ടെന്ന് ആവേശഭരിതനായി. വേഗപരിധി ഒക്കെ നോക്കി വളരെ കരുതലോടെയാണ് അയാൾ ഓടിക്കുന്നത്. ഇന്ത്യയിൽ പോയ കാര്യവും അയാൾക്ക് ഇഷ്ടമുള്ള ഇന്ത്യൻ വിഭവങ്ങളെയും പറ്റി വാതോരാതെ സംസാരിച്ചുകൊണ്ടിരുന്നു. ഞാനാണേൽ ഈ കെട്ട് വിടുന്നതിന് മുൻപ് അവിടെ എത്തി അടുത്ത സാധനം രുചിച്ച് നോക്കുന്നതിനെപ്പറ്റിയോർത്തിരുന്ന് ഉറങ്ങിപ്പോയി…
ഇടക്കെപ്പോഴോ വണ്ടി ചെറിയ റോഡിലേക്ക് ഇറങ്ങുന്നതായി തോന്നി . പിന്നേം മയക്കം. പിന്നെയുണർന്നപ്പോൾ തിരയുടെ ശബ്ദം കേൾക്കാം. നോക്കുമ്പോൾ കായലിലേക്ക് നീണ്ടുപോകുന്ന ഒരു തടിപ്പാലത്തിന്റെ അരികിൽ നിർത്തിയിരിക്കുകയാണ് വാൻ . ഞാൻ ഉണരാൻ കാത്തിരിക്കുകയാരുന്നത്രെ! പാലത്തിലൂടെ നടക്കാൻ തുടങ്ങിയപ്പോൾ നന്നായി തണുക്കുന്നുണ്ടായിരുന്നു . കാലിനു താഴെ തടികൾ ഞെരിഞ്ഞമരുന്ന സ്വരം കേൾക്കാം. പാലത്തിന്റെ അറ്റത്തായി വളരെ പഴക്കമുള്ള ചെറിയ വീട് കാണാറായി. അടുത്ത് എത്തിയപ്പോൾ പഴക്കം പിന്നെയും കൂടിയതായി തോന്നി. കാരണവർ തുറന്ന വാതിലിലൂടെ കയറിയ ഞാൻ പകച്ചു പോയി. Exterior മായി ഒരു ബന്ധവുമിലാത്ത interior. അത്യാധുനിക ഫർണീഷിംഗ്, . 3D സ്ക്രീനുകൾ, interactive ordering hubs, Sample shots, കുടിച്ചിട്ട് നേരെ ബോട്ടിൽ കേറാൻ എന്നപോലെ Launch പാഡുകൾ…. അങ്ങനെ മനസ്സിലാകാത്ത പലതും. വളരെ പതിയെ സ്വരത്തിൽ എന്താ വേണ്ടത് എന്ന് പറഞ്ഞാൽ ഒരു തരം ചെറിയ machines order deliver ചെയ്യും. എന്റെ accent കമ്പ്യൂട്ടറിന് മനസ്സിലാകാത്തത് കാരണം കാരണവരാണ് എനിക്കുള്ള order കൊടുത്തത്. ഏറ്റവും Simple ആയി തോന്നിയ ” ഒറിജിനൽ ” ആണ് ഞാൻ പറഞ്ഞത്. പിന്നെയാണ് അയാൾ പറഞ്ഞത് ഇപ്പോൾ ആരും original കഴിക്കാറില്ല എന്നും വളരെ വർഷം മുൻപത്തെ ഒരു പ്രത്യേക കസ്റ്റം വൈൻ ആണതെന്നും . എന്തായാലും നോക്കാമെന്നായി ഞാൻ.
വളരെ ഭംഗിയുള്ള ഏതോ പൂക്കളുടെ ആകൃതിയിൽ ഉള്ള ഗ്ലാസിൽ നല്ല കറുത്ത നിറത്തിലുള്ള ഒറിജിനൽ . ഓരോ സിപ്പിനും മുൻപ് ഒരു പ്രത്യേക പൊടി നാക്കിൽ തൊടണം. ഇതൊരു ശല്യമായല്ലോ എന്നോർത്ത് പതിയെ സിപ് ചെയ്തു. ഹൊ! പുളിയും ചവർപ്പും മധുരവും എല്ലാം തോന്നിക്കുന്ന നന്നായി ശീതീകരിച്ച പോലെ തോന്നിപ്പിക്കുന്ന ഒരു തരം പൊടി. കണ്ണടഞ്ഞു പോകുന്ന പോലെ തോന്നിയെങ്കിലും പിന്നെയും എത്രയോ സിപ്പുകൾ എടുത്തു. എന്റെ accent ഒക്കെ ശരിയായി ഞാൻ തന്നെ order കൊടുത്തു. ഇടക്ക് റിക്ലൈനിംഗ് കസേര ചെരിച്ചിട്ടു . തുറന്ന് കിടന്ന ജനലിലൂടെ കായലിനക്കരെ സൂര്യൻ താഴുന്നത് കാണാം. കാറ്റിന് തണുപ്പ് കൂടിയത് പോലെ. കാരണവർ മൂത്രമൊഴിക്കാൻ പോയതാകണം, സീറ്റിൽ കണ്ടില്ല. ഉറങ്ങാതെ എന്തൊക്കെയോ സ്വപനം കാണാൻ തുടങ്ങി. അതോ ഉറങ്ങിപ്പോയോ ! പിന്നെ ഉണരുമ്പോൾ കണ്ടത് ആ തടിപ്പാലമാണ്. ഞാനതിൽ ചാരി ഇരിക്കുന്നു. ശരിക്കും കണ്ണ് തുറന്ന് നോക്കിയപ്പോൾ പാലത്തിന്റെ മറ്റേ അറ്റത്ത് ഒരു കുതിരവണ്ടി നിൽക്കുന്ന പോലെ. ദേ, കാരണവർ അതിൽ നിന്ന് എന്നെ കൈ കാട്ടി വിളിക്കുന്നു, ലൈറ്റുകൾ ഇല്ല എങ്കിലും നിലാവത്ത് എല്ലാം കാണാം. എങ്ങനെയോ താഴെ വീഴാതെ “രഥ” ത്തിൽ കയറി. ഏതോ പക്ഷി ശബ്ദമുണ്ടാക്കി പറന്നു പോയി. കപ്പലിലേക്ക് എത്തിക്കാമെന്നും രാത്രിയിൽ കുതിരവണ്ടിയാണ് നല്ലതെന്നും അയാൾ പറയുന്നുണ്ടാരുന്നു. വേറൊരു Option ആലോചിക്കാനുള്ള ത്രാണിയില്ലാത്തതിനാൽ അതിൽക്കയറിക്കിടന്നു.
കുതിരവണ്ടി നീങ്ങിത്തുടങ്ങി. വേണമെങ്കിൽ കപ്പലിൽ കയറാതെ എന്നെ നേരിട്ട് ദ്വീപിൽ എത്തിക്കാം എന്നയാൾ തമാശ പറയുന്നുണ്ടായിരുന്നു. ഇടക്ക് മേഘങ്ങൾക്കിടയിലൂടെ പോകുന്ന പോലെയും താഴോട്ട് നോക്കുമ്പോൾ വിമാനത്തിൽ നിന്നും നോക്കുന്നത് പോലെയും തോന്നി. നല്ല ഒന്നാന്തരം ഒറിജിനൽ ! കപ്പലിൽ കയറുന്നത് വരെ ഉറങ്ങരുത് എന്ന വാശിയിൽ ഇരുന്നു . പക്ഷെ നാടും വീടുമൊക്കെ സ്വപ്നമായ് മിന്നിമറഞ്ഞു, കഴിഞ്ഞ മാസം നാട്ടിൽ നിന്നും വന്നതല്ലേ… നൊസ്റ്റാൾജിയ…
ആൾത്താമസമില്ലാത്ത ദ്വീപിനെപ്പെറ്റി എന്നും ചിന്തിച്ചിരുന്നത് കൊണ്ട് കണ്ണ് തുറന്നപ്പോൾ എവിടെയാണെന്ന് സംശയമൊന്നും തോന്നിയില്ല. വല്ലാത്ത ഒരു പുതുമ തോന്നി. ശുദ്ധവായുവിന്റെയാവും. എന്നും ഇനി ഇവിടെ ഉണർന്നാൽ മതി എന്നു തോന്നി. പക്ഷെ കിടന്ന കട്ടിലോ പായോ ഒന്നും കാണാനില്ല, മാത്രമല്ല കപ്പലിൽ കയറിയതും ഇവിടെ ഇറങ്ങിയതും ഒന്നും ഓർമയില്ല. original ഭയങ്കരൻ തന്നെ! സമയം കളയാതെ സ്ഥലമൊക്കെ കാണാനായി ഇറങ്ങി. എല്ലാമൊന്ന് ചുറ്റിക്കാണാൻ ഊബർ വിളിക്കണം, വണ്ടിയില്ലല്ലോ! നൂറ്റമ്പത് വർഷമല്ല ഇപ്പോഴും ആ ദ്വീപിൽ ആരുമുണ്ടെന്ന് തോന്നിയില്ല… വല്ലാത്ത നിശബ്ദത…
പ്രത്യേകിച്ച് നടവഴിയൊന്നും കാണാത്തതു കൊണ്ട് പുൽത്തകിടിയിലൂടെ നടന്നു . പതിവായുള്ള കാൽ വേദനയൊന്നും ഉണ്ടായില്ല. മാത്രമല്ല ആകെയൊരു ഭാരം കുറഞ്ഞ അവസ്ഥ. നാട്ടിലാണെങ്കിൽ വല്ല ഹർത്താലുമാണെന്ന് വിചാരിക്കാമായിരുന്നു, വണ്ടിയൊന്നും കാണാതിരിക്കാൻ… കുറച്ചേറെ നേരം പല നിറത്തിലുള്ള പുൽത്തകിടിയിലൂടെ നടന്നപ്പോൾ ദൂരെയൊരാൾ ഒരു വലിയ പ്രതിമയുടെ താഴെ നിൽക്കുന്നത് കണ്ടു. ഏതേലും വിശേഷ ദിവസമായിരിക്കും, കാനഡയിലെ പൂർവികരുടെ പരമ്പരാഗത വസ്ത്രമാണ് ധരിച്ചിരുന്നത്. ഞാൻ അദ്ദേഹത്തെ വിഷ് ചെയ്തിട്ട് കാര്യങ്ങൾ ഒക്കെ ചോദിക്കാൻ തുടങ്ങി. എന്റെ ഭാഷ ഒട്ടും മനസ്സിലാകാതിരിക്കാൻ സാധ്യതയില്ല. പക്ഷെ ആളാകെ Confused ആയപോലെ തോന്നി. എന്നിട്ട് പെട്ടെന്നൊരു ചോദ്യം “ഇന്ന് വന്നതേ ഉള്ളോ ” എന്ന്. എനിക്കാകെ വട്ടായി , കാരണം അയാളുടെ ചുണ്ട് അനങ്ങുന്നില്ല. പക്ഷെ ഞാൻ ചോദ്യം ” കേട്ടതാണ്”. അപ്പോഴാണ് ഞാനും ചുണ്ടനക്കുന്നില്ല എന്ന് ശ്രദ്ധിച്ചത്. എന്താ ഇങ്ങനെ എന്ന് ചിന്തിച്ച് തീർന്നില്ല അപ്പോഴേക്കും മറുപടി, “ഇവിടെ ആരും സംസാരിക്കാറില്ല , ചിന്തിക്കുന്നത് പരസ്പരം “കേൾക്കാമെന്ന് “. എനിക്കൊന്നും മനസിലായില്ല . ചില ആൾക്കാർക്ക് സംസാരിച്ചാൽ പോലും മനസിലാക്കാറില്ല, അപ്പോൾ ഇവിടെ സംസാരിക്കാതെ കേൾക്കുന്നു. അപ്പോൾ അയാൾ പറഞ്ഞു , അല്ല ചിന്തിച്ചു ” മനസുകൾ അകലുമ്പോഴാണ് ഇവിടെ ആൾക്കാർ സംസാരിക്കുന്നതെന്നും അല്ലെങ്കിൽ പരസ്പരം മനസ് വായിച്ചു മനസിലാക്കാമത്രെ! ഞാനൊന്നു ഞെട്ടി, കാരണം നമ്മുടെ മനസ്സിലൊന്ന് പറയുന്നത് വേറൊന്ന്. ആകെ പെട്ടു പോയല്ലോ! ഉടനെ അദ്ദേഹം ചിന്തിക്കുകയാണ്, “പേടിക്കണ്ട ഇവിടെ വന്നു പെടുന്നവരുടെ മനസ്സ് കണ്ണാടി പോലെ ആകും എന്നും , ചിന്തകൾ വളരെ സുതാര്യവും നിഷ്കളങ്കവും ആകും” എന്ന്. എനിക്കാകെ ഒരു വല്ലായ്മ തോന്നി. വേറെ ഏതോ ലോകത്ത് ചെന്ന് പെട്ടതു പോലെ! മാത്രമല്ല വൈകുന്നേരം തിരികെ പോയാലേ രാത്രിയിൽ വീടെത്തുകയുള്ളു. ഞാൻ ചിന്തിച്ചു ഇനി എപ്പോഴാണ് chi-cheemaun കപ്പൽ തിരികെ പോകുന്നതെന്ന്. അപ്പോൾ അയാൾ പിന്നേം confused ആയി. എന്നിട്ട് ചിന്തിച്ചു… ഇവിടെ ഒരു കപ്പലും വരാറുമില്ല ഇവിടുന്ന് ആരും തിരികെ പോകാറുമില്ല. ആകെ അന്തം വിട്ട ഞാൻ മാനിറ്റോളിൻ ദ്വീപിൽ നിന്നും അങ്ങോട്ടും ഇങ്ങോട്ടും കപ്പൽ ഉണ്ടല്ലോ എന്ന് ചിന്തിച്ചപോളേക്കും മറുപടി. “ടോബർ മോറിയിൽ നിന്നും വടക്ക് പടിഞ്ഞാറുള്ള Lonely Island നു വടക്കുള്ള ഒരു അദൃശ്യ ദ്വീപാണിതെന്നും ഇങ്ങോട്ടാരും വരാറില്ലെന്നും അയാൾ. എനിക്ക് ചിരി വന്നു. അല്പനേരത്തിനകം എല്ലാം മനസിലാകും എന്നും കുറച്ച് മുൻപോട്ട് നടക്കാം എന്നും അയാൾ. എന്തു വിശ്വസിക്കണം എന്നറിയാതെ ഞാൻ അയാളുടെ കൂടെ നടക്കാനായി തിരിഞ്ഞു. അപ്പോഴാണ് ഞാനാ വല്യ പ്രതിമ ശരിക്കും കണ്ടത്. നല്ല മുഖ പരിചയം. ഒറിജിനലിന്റെ ഹാങ്ങോവർ പെട്ടെന്ന് പോയ പോലെ തോന്നി. ഫോക്സ്വാഗൻ വാനോടിച്ച, രഥം തെളിച്ച ആ കാരണവരുടെ നല്ല ഛായ. എന്റെ ചിന്തകൾ “കേട്ടിട്ടാവണം” അയാൾ ചിന്തിച്ചു. ഇതാണ് ഈ ദ്വീപിന്റെ കാവൽ ദൈവം , ഇവിടേക്ക് വരുന്ന പലരും ഇദേഹത്തെ പല രീതിയിൽ സന്ധിച്ചിട്ടുണ്ട് എന്നും!! തലക്കടി കിട്ടിയ പോലെയായി ഞാൻ. സ്വപ്നമാണോ? ഹേയ്, അല്ലാ. ഞാനാ പ്രതിമയുടെ ചുവട്ടിൽ തന്നെ നിൽക്കുകയാണ്. പ്രതിമയുടെ കണ്ണുകൾക്ക് ജീവനുള്ള പോലെ തോന്നി. എന്റെ കണ്ണിൽ ഇരുട്ട് കയറിയ പോലെ…
എന്താണ് സത്യം? ഞാനിതെവിടെയാണ്? ചിന്തിച്ച സമയം കൊണ്ട് അയാളെന്നെ ആനയിച്ച് മറ്റൊരിടത്തേക്ക് കൊണ്ടുപോയി. അപ്പോഴാണ് ഞാൻ ശ്രദ്ധിച്ചത്, പൊതുവെ കാണാൻ ഭംഗികുറഞ്ഞ കാനഡയുടെ മനോഹര ചിത്രങ്ങളിൽ പോലും കണ്ടിട്ടില്ലാത്ത ദൃശ്യമനോഹരമായ താഴ്‌വരകൾ, കണ്ണാടി പോലുള്ള അരുവികൾ , എല്ലായിടത്തും ലാവണ്ടർ, പർപ്പിൾ, വെള്ള തുടങ്ങിയ കളറുകളുള്ള മരങ്ങൾ, നാട്ടിലെ അപ്പൂപ്പൻ താടി പോലെ പറന്നു നടക്കുന്ന പിങ്ക് നിറമുള്ള പഞ്ഞിക്കെട്ടുകൾ… ചൂടോ തണുപ്പോ തോന്നുന്നില്ല. താഴേക്കു നടന്ന് ഒരു ചെറിയ കുളത്തിനടുത്തെത്തി. ഒരു Deja vu ഫീൽ… അതെ, ആ ഫ്രഞ്ച് വൈനറിയിൽ കണ്ട പോലെ. ചുറ്റും ഇളം നീല വസ്ത്രമിട്ട മനുഷ്യർ ഇരിക്കുന്നു. അപ്പോഴാണ് ,എന്റെ വസ്ത്രവും മാറിയിരിക്കുന്നതായി മനസ്സിലായത്. തുവൽ കനമുള്ള നീല ഒറ്റക്കുപ്പായം . ചെരുപ്പൊന്നും ഇല്ല. വല്ലാത്ത ഒരു ശാന്തതയും സമാധാനവുമൊക്കെ തോന്നുന്നു ! അയാൾ പറഞ്ഞതൊക്കെ വിശ്വസിക്കാൻ മനസ്സ് തയ്യാറെടുത്ത പോലെ. പക്ഷെ ഇനിയൊരു മടക്കം ഉണ്ടാവില്ലേ? നാളെ ജോലിക്ക് അരെത്തും? എന്റെ ഫോൺ എവിടെയാണ്? എനിക്കൊരു മെസേജ് എങ്കിലും അയക്കാൻ സാധികുമോ? ഒന്നും ഓർമ വന്നില്ല. മറവി ബാധിച്ച പോലെ… ഞാൻ ആ കുളത്തിന്റെ നേർക്ക് നടന്നു. പക്ഷെ ടോബർ മോറിക്കും ദീപിനും ഇടയിൽ ഒരു ദ്വീപ് ആരുടേയും കണ്ണിൽ പെടാതിരിക്കുമോ? അതോ ഇത് ഭൂമിയിൽ മറ്റെവിടെയെങ്കിലും ആണോ? ഇനി ഭൂമിയിൽ അല്ലാരിക്കുമോ?? വല്ലാത്ത ഒരു സമാധാനമുള്ള വായുവും അന്തരീക്ഷവും . ഒന്നും പറയാതെ മനസ് വായിക്കുന്ന ആൾക്കാർ. എന്നാലും ഇനി ഒരിക്കലും തിരികെ പോകാൻ കഴിയാതെ വന്നാൽ?
———————————
കഴിഞ്ഞ ദിവസം കണ്ട സ്വപ്നം. നാളെ ദ്വീപിലേക്ക് യാത്ര. ഞാൻ തിരികെ എത്തിയില്ലെങ്കിൽ chi-cheemaun കപ്പലിലെ ജോലിക്കാരോട് ഈ ദ്വീപിനെ പറ്റി ചോദിച്ച് എന്നെ തേടി വരുമോ ആരെങ്കിലും? അവർക്ക് മാത്രമേ അറിയാൻ പറ്റു. കാരണം അവരാണ് ഈ ദ്വീപുകളുടെ അവകാശികൾ. മാത്രമല്ല ഞാനവിടെ ഒരു വെള്ളക്കാരനേയോ ബ്രിട്ടീഷ് പതാകയോ കണ്ടില്ല. ഇത് coyote കളുടെ മാത്രം നാടാണ്… അതോ ഇതെല്ലാം മനസ്സിന്റെ ദിശയറിയാ സഞ്ചാരം മാത്രമാണോ? ഒന്നുമറിയില്ല!




1 Comment
Love the write up Arun.
Characters, plot, and especially your writing style are all amazing. The whole storyline is engaging and kept my curiosity going up when I scrolled through each line. You have a great talent, waiting for more to come.