"Language carries culture, and culture carries, particularly through orature and literature, the entire body of values by which we come to perceive ourselves and our place in the world."
— Ngũgĩ wa Thiong’o, Decolonising the Mind

ആഫ്രിക്കൻ സാഹിത്യത്തിന്റെ ഉജ്ജ്വല നക്ഷത്രമായിരുന്നു ഗൂഗി വാ തിയോങ്‌ഗോ (1938-2025). കെനിയയിലെ ലിമുരുവിൽ 1938-ൽ ജനിച്ച ഇദ്ദേഹം, ബ്രിട്ടീഷ് കൊളോണിയൽ ഭരണത്തിന്റെ ഇരുണ്ട കാലഘട്ടത്തിലാണ് തന്റെ ബാല്യം പിന്നിട്ടത്. ഡെഡാൻ കീമറ്റി വസീയരി (Dedan Kimati Waciuri) നയിച്ച “മൗ മൗ” സ്വാതന്ത്ര്യസമരത്തിന്റെ പശ്ചാത്തലത്തിൽ, തന്റെ ജന്മനാടിന്റെ വേദനകളും പ്രതിരോധവും ഗൂഗിയുടെ രചനകളിലും പ്രതിഫലിച്ചു. “വീപ് നോട്ട്, ചൈൽഡ്” (1964), “ദ റിവർ ബിറ്റ്വീൻ” (1965), “പെറ്റൽസ് ഓഫ് ബ്ലഡ്” (1977) തുടങ്ങിയ നോവലുകൾ ആഫ്രിക്കൻ സാഹിത്യത്തിന്റെ തന്നെ നാഴികക്കല്ലുകളായി. എന്നാൽ, അദ്ദേഹത്തിന്റെ ഏറ്റവും വലിയ സംഭാവന, കൊളോണിയൽ ഭാഷയായ ഇംഗ്ലീഷിനെ ഉപേക്ഷിച്ച്, തന്റെ മാതൃഭാഷയായ ഗികുയുവിൽ എഴുതാനുള്ള തീരുമാനമായിരുന്നു.

ഗൂഗിയുടെ ജീവിതം പ്രതിസന്ധികളിലൂടെയുള്ള പ്രയാണമായിരുന്നു. 1977-ൽ, “ന്ഗാഹിക ന്ദീന്ദ”-Ngaahika Ndeenda (ഞാൻ വിവാഹം കഴിക്കും, എനിക്ക് വേണമെങ്കിൽ) എന്ന നാടകം രചിച്ചതിന്റെ പേരിൽ കെനിയൻ ഭരണകൂടം അദ്ദേഹത്തെ കമിറ്റി മാക്സിമം സെക്യൂരിറ്റി ജയിലിൽ (Kamiti Maximum Security Prison) ഒരു വർഷത്തോളം തടവിലാക്കി. ആ ജയിൽ മുറിയിൽ, ടോയ്‌ലറ്റ് പേപ്പറിൽ എഴുതിയ “ഡെവിൾ ഓൺ ദ ക്രോസ്” എന്ന നോവൽ, അദ്ദേഹത്തിന്റെ പ്രതിരോധത്തിന്റെയും (resistence) അതിജീവനക്ഷമതയുടെയും (resilience) പ്രതീകമായി മാറി. 1982-ൽ, ജീവന് ഭീഷണി നേരിട്ടപ്പോൾ, ഗൂഗി യു.കെയിലേക്കും പിന്നീട് അമേരിക്കയിലേക്കും പലായനം ചെയ്തു. എന്നിട്ടും, അദ്ദേഹത്തിന്റെ വാക്കുകൾ നിലച്ചില്ല. “വിസാർഡ് ഓഫ് ദ ക്രോ” (2006) പോലുള്ള രചനകളിലൂടെ, അധികാരത്തിന്റെ വക്രതകളെ അദ്ദേഹം തുറന്നു കാട്ടി.

ഗൂഗിയുടെ “ഡീ-കൊളോനൈസിങ് ദ മൈൻഡ്” (1986) എന്ന കൃതി, ഭാഷയുടെ സാംസ്കാരിക ശക്തിയെക്കുറിച്ചുള്ള പ്രഖ്യാപനമാണ്. “ഭാഷ, സംസ്കാരത്തിന്റെ വാഹകമാണ്; സംസ്കാരം നമ്മുടെ ലോകവീക്ഷണത്തെ പരുവപ്പെടുത്തുന്നു,” അദ്ദേഹം എഴുതി. ഈ ചിന്ത, മലയാളികളായ നമ്മെ സംബന്ധിച്ചും പ്രസക്തമാണ്. മലയാള ഭാഷയും സാഹിത്യവും, കേരളീയ സ്വത്വത്തിന്റെ കാവലാളാണ്. മാതൃഭാഷയുടെ സംരക്ഷണം നമ്മുടെ സാംസ്കാരിക പൈതൃകത്തെ നിലനിർത്താൻ അനിവാര്യമാണ്.

ഗൂഗിയുടെ ജീവിതം തന്നെ, പ്രതിരോധത്തിന്റെയും അതിജീവനക്ഷമതയുടെയും കഥയാണ്. 1995-ൽ പ്രോസ്റ്റേറ്റ് ക്യാൻസർ ബാധിച്ചപ്പോൾ, മൂന്ന് മാസം മാത്രമേ ജീവിതം ബാക്കിയുള്ളൂ എന്ന് ഡോക്ടർമാർ വിധിയെഴുതി. എന്നാൽ, പോരാട്ടങ്ങളേറെ കണ്ട ആ ജീവിതം പെട്ടെന്ന് കീഴടങ്ങാൻ ഒരുക്കമായിരുന്നില്ല. ഒടുവിൽ, 30 വർഷങ്ങൾക്ക് ശേഷം 87-ാം വയസ്സിൽ, 2025 മേയ് 28-ന്, അമേരിക്കയിലെ ജോർജയിലെ ബ്യൂഫർഡിൽ വച്ച് അദ്ദേഹം മരണമടഞ്ഞപ്പോൾ, ഒരു യോദ്ധാവിന്റെ ജീവിതമാണ് പര്യവസാനിച്ചത്. 100-ലധികം ഭാഷകളിൽ തർജ്ജമ ചെയ്യപ്പെട്ട “ദ റൈറ്റ് റെവല്യൂഷൻ” പോലുള്ള അദ്ദേഹത്തിന്റെ കൃതികൾ, സാഹിത്യ ലോകത്ത് ആഫ്രിക്കൻ ശബ്ദത്തിന്റെ മറ്റൊലികൾ സൃഷ്ടിച്ചു.

സാഹിത്യകാരൻ എന്നതിനുമപ്പുറം ഒരു സാംസ്കാരിക പോരാളി കൂടിയായിരുന്ന ഗൂഗിയുടെ ജീവിതം, മലയാളികൾക്കും പ്രചോദനപ്രദമാകാൻ പോന്നതാണ് — നമ്മുടെ ഭാഷയിലും സംസ്കാരത്തിലും അഭിമാനിക്കാനും, അനീതിക്കെതിരെ ശബ്ദമുയർത്താനും… അദ്ദേഹത്തിന്റെ വാക്കുകളും, ജീവിതവും പകർന്ന അഗ്നി നമ്മുടെ ഹൃദയങ്ങളിൽ നിന്ന് ഹൃദയങ്ങളിലേക്ക് പടരട്ടെ…

Share.
Leave A Reply Cancel Reply

Exit mobile version
Privacy Overview

This website uses cookies so that we can provide you with the best user experience possible. Cookie information is stored in your browser and performs functions such as recognising you when you return to our website and helping our team to understand which sections of the website you find most interesting and useful.

Strictly Necessary Cookies

Strictly Necessary Cookie should be enabled at all times so that we can save your preferences for cookie settings.