ഒട്ടാവ: കനേഡിയൻ പാസ്പോർട്ട് എടുക്കുന്നവർ ഇനി മുതൽ കൂടുതൽ തുക നൽകേണ്ടി വരും. പണപ്പെരുപ്പത്തിന് അനുസൃതമായി സർക്കാർ സേവനങ്ങളുടെ ഫീസുകൾ പരിഷ്കരിക്കണം എന്ന ‘സർവീസ് ഫീസ് ആക്ട്’ (Services Fees Act) പ്രകാരമാണ് ഈ വർദ്ധനവ് നടപ്പിലാക്കുന്നത്. 2024 ഏപ്രിലിലെ 2.7 ശതമാനം പണപ്പെരുപ്പ നിരക്കാണ് പുതിയ ഫീസ് നിശ്ചയിക്കുന്നതിനായി IRCC അടിസ്ഥാനമാക്കിയിരിക്കുന്നത്. വരുന്ന മാർച്ച് 31 മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരുമെന്നും ഇനി മുതൽ ഓരോ വർഷവും പണപ്പെരുപ്പത്തിന് അനുസരിച്ച് ഫീസ് തുകയിൽ മാറ്റമുണ്ടാകുമെന്നും അധികൃതർ വ്യക്തമാക്കി.
പുതിയ നിരക്കുകൾ പ്രകാരം, മുതിർന്നവർക്കുള്ള അഞ്ച് വർഷത്തെ പാസ്പോർട്ട് ഫീസ് 120 ഡോളറിൽ നിന്നും 123.24 ഡോളറായി വർദ്ധിക്കും. 10 വർഷത്തെ പാസ്പോർട്ടിന് നിലവിലുള്ള 160 ഡോളറിന് പകരം ഇനി മുതൽ 164.32 ഡോളർ നൽകണം. വിദേശത്ത് താമസിക്കുന്ന കനേഡിയൻ പൗരന്മാർക്ക് 10 വർഷത്തെ പാസ്പോർട്ടിനായി 267.02 ഡോളറായിരിക്കും പുതിയ നിരക്ക്; നിലവിൽ ഇത് 260 ഡോളറാണ്.
പാസ്പോർട്ട് സേവനങ്ങളുടെ ഗുണനിലവാരം നിലനിർത്തുന്നതിനും ഭരണനിർവ്വഹണ ചിലവുകൾ നേരിടുന്നതിനുമാണ് ദീർഘകാലത്തിന് ശേഷം ഇത്തരമൊരു നിരക്ക് വർദ്ധനവ് വരുത്തുന്നത്. നിലവിൽ പാസ്പോർട്ടിന് അപേക്ഷിക്കാൻ തയ്യാറെടുക്കുന്നവർ മാർച്ച് 31-ന് മുൻപായി അപേക്ഷ സമർപ്പിക്കുകയാണെങ്കിൽ പഴയ നിരക്കിൽ സേവനം ലഭ്യമാകും.



