ഓട്ടാവ: പശ്ചിമേഷ്യൻ സംഘർഷങ്ങളെത്തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ ഇന്ധനവില കുതിച്ചുയർന്നതോടെ കാനഡയിലെ പണപ്പെരുപ്പ നിരക്ക് മൂന്ന് ശതമാനമായി ഉയർന്നു. ജൂണിൽ 2.8 ശതമാനമായിരുന്ന പണപ്പെരുപ്പമാണ് ജൂലൈ മാസത്തോടെ വർദ്ധിച്ച് വീണ്ടും ഉയർന്ന ഘട്ടത്തിലേക്ക് എത്തിയത്. സാമ്പത്തിക വിദഗ്ദ്ധർ പ്രവചിച്ച 2.9 ശതമാനത്തിനും മുകളിലാണ് സ്റ്റാറ്റിസ്റ്റിക്സ് കാനഡ പുറത്തുവിട്ട പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത്.
പെട്രോൾ, വിമാന ടിക്കറ്റ്, വിനോദസഞ്ചാര മേഖലകളിലെ ചെലവുകളിലുണ്ടായ പെട്ടെന്നുള്ള വർദ്ധനവാണ് പണപ്പെരുപ്പം വീണ്ടും ഉയരാൻ പ്രധാന കാരണമായത്. ജൂണിൽ 20.5 ശതമാനമായിരുന്ന പെട്രോൾ വിലക്കയറ്റം ജൂലൈയിൽ 25.7 ശതമാനമായി വർദ്ധിച്ചു. പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ കാരണം പേർഷ്യൻ ഉൾക്കടലിലെ ഹോർമുസ് കടലിടുക്കിലൂടെയുള്ള ഇന്ധന ഗതാഗതം തടസ്സപ്പെട്ടതാണ് ആഗോളതലത്തിൽ ക്രൂഡ് ഓയിൽ വില വർദ്ധിക്കാൻ ഇടയാക്കിയത്. ഇതോടൊപ്പം വിമാന ഇന്ധനവില ഉയർന്നതോടെ വിമാന യാത്രാക്കൂലിയിൽ 12 ശതമാനം വർദ്ധന രേഖപ്പെടുത്തി. നോർത്ത് അമേരിക്കയിൽ നടന്ന ഫിഫ ലോകകപ്പ് മത്സരങ്ങൾ കാരണം ഹോട്ടൽ മുറികളുടെയും യാത്രാ പാക്കേജുകളുടെയും നിരക്ക് ഉയർന്നതും പണപ്പെരുപ്പത്തെ സ്വാധീനിച്ചു.
അതേസമയം, സാധാരണക്കാർക്ക് ആശ്വാസമേകി പലചരക്ക് സാധനങ്ങളുടെ വിലക്കയറ്റ നിരക്കിൽ നേരിയ കുറവുണ്ടായിട്ടുണ്ട്. ജൂണിൽ 3.9 ശതമാനമായിരുന്ന പലചരക്ക് പണപ്പെരുപ്പം ജൂലൈയിൽ 3.1 ശതമാനമായി താഴ്ന്നു. പ്രധാനമായും പച്ചക്കറികൾ, കോഴിയിറച്ചി എന്നിവയുടെ വില കുറഞ്ഞതാണ് ഇതിന് സഹായകമായത്. ഇന്ധനവില ഒഴിവാക്കിയുള്ള പണപ്പെരുപ്പ നിരക്ക് 2.2 ശതമാനത്തിൽ മാറ്റമില്ലാതെ തുടരുകയാണ്.
സെപ്റ്റംബർ രണ്ടിന് ബാങ്ക് ഓഫ് കാനഡ അടുത്ത പലിശനിരക്ക് നയം പ്രഖ്യാപിക്കാനിരിക്കെയാണ് ഈ പുതിയ വിവരങ്ങൾ പുറത്തുവന്നത്. പണപ്പെരുപ്പത്തിൽ നേരിയ വർദ്ധനവുണ്ടായെങ്കിലും, നിലവിലെ സാഹചര്യത്തിൽ കേന്ദ്ര ബാങ്ക് അടിസ്ഥാന പലിശനിരക്കായ 2.25 ശതമാനത്തിൽ മാറ്റം വരുത്താൻ സാധ്യതയില്ലെന്നാണ് സാമ്പത്തിക വിദഗ്ദ്ധരുടെ വിലയിരുത്തൽ. അമേരിക്ക പ്രഖ്യാപിച്ച പുതിയ ഇറക്കുമതി തീരുവയുമായി ബന്ധപ്പെട്ട വ്യാപാര അനിശ്ചിതത്വങ്ങൾ നിലനിൽക്കുന്നതിനാൽ പലിശനിരക്ക് ഉയർത്തുന്നത് സമ്പദ്‌വ്യവസ്ഥയെ ദോഷകരമായി ബാധിച്ചേക്കാം എന്ന കണക്കുകൂട്ടലിലാണ് കേന്ദ്ര ബാങ്ക്.



