മിസിസാഗ, കാനഡ: മിസിസാഗയിലെ സെന്റ് അൽഫോൻസാ സീറോമലബാർ കത്തോലിക്കാ കത്തീഡ്രലിൽ നടന്ന ഇടവക തിരുനാൾ വളരെ ഭക്തിനിർഭരമായും തനത് സുറിയാനി പാരമ്പര്യം പുതുതലമുറയ്ക്ക് പകർന്നു നൽകി വർണ്ണാഭമായി സമാപിച്ചു. വിശുദ്ധ അൽഫോൻസായുടെ തിരുനാൾ ദിനത്തോടനുബന്ധിച്ച് നടന്ന ആഘോഷങ്ങളുടെ അവസാന ദിനമായ ജൂലൈ 26 ഞായറാഴ്ച വിശ്വാസികളുടെ വലിയ പങ്കാളിത്തം കാണപ്പെട്ടു.
തിരുനാളിന്റെ സമാപന ദിനത്തിൽ ആഘോഷമായ തിരുനാൾ വിശുദ്ധ കുർബാനയ്ക്ക് തലശ്ശേരി അതിരൂപത മുൻ മെത്രാപ്പോലീത്ത മാർ ജോർജ് ഞറളക്കാട്ട് മുഖ്യകാർമികത്വം വഹിച്ചു. വിശുദ്ധ കുർബാനയ്ക്ക് മുന്നോടിയായി ദേവാലയത്തിൽ എത്തിച്ചേർന്ന മെത്രാപ്പോലീത്തയെ പരമ്പരാഗതമായി സുറിയാനി പാരമ്പര്യത്തിൽ മേൽപ്പട്ടക്കാരെ സ്വീകരിക്കുന്ന ,”സ്ലോസാക് ആവൂന്‍” എന്ന സുറിയാനി ഗീതം പാടി വിശ്വാസികൾ ഏകമനസോടെ ദേവാലയത്തിലേക്ക് ആനയിച്ചു. കുർബാനമധ്യേ വിശുദ്ധ അൽഫോൻസായുടെ ജീവിത നൈപുണ്യങ്ങളായ സ്നേഹം ലാളിത്യം സഹനം എന്നിവയിൽ ഊന്നി ജീവിതം മുന്നോട്ട് നയിക്കുവാൻ മെത്രാപ്പോലീത്ത വിശ്വാസികളെ ഉദ്ബോധിപ്പിച്ചു. പ്രത്യേകിച്ച്, വെല്ലുവിളികൾ നിറഞ്ഞ ഈ കാലഘട്ടത്തിൽ, കുട്ടികളുടെ മധ്യസ്ഥയായ വിശുദ്ധ അൽഫോൻസാമ്മയുടെ ജീവിത മാതൃക പിന്തുടരുവാൻ, പിതാവ് കുട്ടികൾക്കും യുവജനങ്ങൾക്കും ഉപദേശം നൽകി.
സമാപന ചടങ്ങുകളുടെ പ്രധാന ആകർഷണമായിരുന്ന പരമ്പരാഗത തിരുനാൾ പ്രദിക്ഷണം അന്തരീക്ഷത്തെ ഭക്തിപൂർവമാക്കി. കേരളീയ പൈതൃകത്തിന്റെയും സീറോമലബാർ ആരാധനാക്രമത്തിന്റെയും സമന്വയമായിരുന്നു ഈ തിരുനാൾ പ്രദക്ഷിണം.
തിരുനാളിന്റെ സമാപനത്തോടനുബന്ധിച്ച് ജൂലൈ 25, ശനിയാഴ്ച വൈകുന്നേരം വത്തിക്കാനിലെ മതാന്തര സംവാദ വിഭാഗത്തിന്റെ തലവൻ കർദിനാൾ മാർ ജോർജ് കൂവക്കാട് പിതാവിൻ്റെ
മുഖ്യ കാർമികത്വത്തിൽ വിശുദ്ധ കുർബാനയും തുടർന്ന് കല- സാംസ്കാരിക പരിപാടികളും നടന്നു. യുവജനങ്ങളും കുട്ടികളും അവതരിപ്പിച്ച നൃത്ത-സംഗീത പരിപാടികൾ തിരുനാളിന്റെ ആഘോഷ മനോഹരിത വർദ്ധിപ്പിച്ചു. തിരുനാളിനോടനുബന്ധിച്ച് സംഘടിപ്പിച്ച ‘മെഗാ മാർഗംകളി’ വിശ്വാസികളുടെയും സാംസ്കാരിക പ്രേമികളുടെയും വലിയ പങ്കാളിത്തത്താൽ ശ്രദ്ധേയമായി. എഴുപത്തെട്ടോളം കലാകാരികൾ അണിനിരന്ന കേരളത്തിൽ മാർത്തോമാ ക്രിസ്ത്യാനികളുടെ തനത് പാരമ്പര്യവും ഈരടികളും വിളിച്ചോതുന്ന മാർഗംകളി കാനഡയിലെ മലയാളി സമൂഹത്തിന് വേറിട്ടൊരു ദൃശ്യവിസ്മയമായി മാറി. ഇടവക അംഗങ്ങൾ ഒത്തുചേർന്ന് സ്നേഹവും ഐക്യവും പ്രകടിപ്പിച്ചു.
മിസിസാഗ രൂപതയിലെ വിവിധ ഇടവകകളിൽ നിന്നും മറ്റ് സമീപ ഇടവകകളിൽ നിന്നുമുള്ള നിരവധി വൈദികരുടെയും, സമർപ്പിതരുടെയും സാന്നിധ്യം പത്തു നാൾ നീണ്ടുനിന്ന ഈ തിരുനാൾ ആഘോഷങ്ങളുടെ മാറ്റുകൂട്ടി. സീറോ മലബാർ സഭ സാമൂഹിക ശാക്തീകരണ വർഷമായി ആചരിക്കുന്ന ഈ കാലയളവിൽ സഭയുടെ നാളെയുടെ പ്രതീക്ഷകളായ യുവജനങ്ങളുടെ സാന്നിധ്യവും സഹകരണവും വളരെ ശ്രദ്ധേയമായിരുന്നു.
സീറോമലബാർ രൂപതയുടെ അദ്ധ്യക്ഷൻ മാർ ജോസ് കല്ലുവേലിൽ പിതാവിന്റെ അനുഗ്രഹാശീർവാദങ്ങളും ഇടവക വികാരിയും രൂപത വികാരി ജനറാളുമായ പെരിയ ബഹുമാനപ്പെട്ട ഫാദർ അഗസ്റ്റിൻ കല്ലുങ്കത്തറയിൽ, സഹവികാരി ഫാദർ ആന്റണി ഔസേപ്പ് (ജസ്റ്റിൻ) തുടങ്ങിയവരുടെ നേതൃത്വത്തിൽ കൈകാരന്മാർ വിവിധ കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ അഹോരാത്രം പ്രയത്നിച്ച് വൻ വിജയമായി തീർന്ന തിരുനാൾ വിശ്വാസത്തിന്റെയും പാരമ്പര്യത്തിന്റെയും മികച്ച ഉദാഹരണമായി മാറി.
തിരുനാളിന്റെ സമാപനത്തോടെ വിശ്വാസികൾ വിശുദ്ധ അൽഫോൻസായുടെ മാധ്യസ്ഥത്തിലൂടെ ദൈവാനുഗ്രഹം തേടി വീടുകളിലേക്ക് മടങ്ങി. മിസിസാഗയിലെ സീറോമലബാർ സമൂഹത്തിന്റെ വിശ്വാസ ജീവിതത്തിലെ ഒരു പ്രധാന നാഴികക്കല്ലായി ഈ തിരുനാൾ മാറിയിരിക്കുന്നു.



