ടൊറന്റോ: ടൊറന്റോ ട്രാഫിക് കമ്മീഷൻ (ടി.ടി.സി) പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്ന യാത്രക്കാർക്കായി പുതിയ ‘മന്ത്ലി ഫെയർ ക്യാപ്പിംഗ്’ (Monthly Fare Capping) പദ്ധതി പ്രഖ്യാപിച്ചു. 2026 സെപ്റ്റംബർ 1 മുതൽ പ്രാബല്യത്തിൽ വരുന്ന ഈ സംവിധാനം അനുസരിച്ച്, ഒരു കലണ്ടർ മാസത്തിൽ 47 തവണ പണം നൽകി യാത്ര ചെയ്തു കഴിഞ്ഞാൽ, ശേഷിക്കുന്ന ദിവസങ്ങളിലെ യാത്രകൾ തികച്ചും സൗജന്യമായിരിക്കും. മുങ്കൂട്ടി പ്രതിമാസ പാസുകൾ വാങ്ങേണ്ടുന്ന ആവശ്യകത ഒഴിവാക്കാനും യാത്രക്കാർക്ക് സാമ്പത്തിക ഇളവുകൾ ലഭ്യമാക്കാനും ലക്ഷ്യമിട്ടാണ് ഈ പരിഷ്കാരം നടപ്പിലാക്കുന്നത്.
പ്രസ്പോ കാർഡ്, പ്രെസ്റ്റോ മൊബൈൽ വാലറ്റ്, ഇന്ററാക് ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ് എന്നിവ ഉപയോഗിച്ച് ടിക്കറ്റെടുക്കുന്ന മുതിർന്നവർ, യുവാക്കൾ, മുതിർന്ന പൗരന്മാർ, ഫെയർ പാസ് ഉപഭോക്താക്കൾ എന്നിവർക്കെല്ലാം ഈ ആനുകൂല്യം ലഭിക്കും. രണ്ടു മണിക്കൂറിനുള്ളിൽ നടത്തുന്ന തുടർച്ചയായ യാത്രകൾ ഒരു ഒറ്റ ട്രിപ്പ് ആയി മാത്രമായിരിക്കും കണക്കാക്കുക. മാസത്തിൽ 47 ട്രിപ്പുകൾ തികയ്ക്കുന്നതിന് ഒരേ പേയ്മെന്റ് രീതിയും ഒരേ കാർഡോ ഡിജിറ്റൽ ഉപകരണമോ തന്നെ നിരന്തരം ഉപയോഗിക്കേണ്ടതുണ്ട്. ഫോണും സ്മാർട്ട് വാച്ചും ഒരേ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചതാണെങ്കിൽ പോലും, വ്യത്യസ്ത ഉപകരണങ്ങളായിട്ടായിരിക്കും സംവിധാനം അവയെ വേർതിരിക്കുന്നത്.
പുതിയ ഫെയർ ക്യാപ്പിംഗ് സംവിധാനം വരുന്നതോടെ നിലവിലുള്ള പ്രതിമാസ പാസുകളിൽ വലിയ മാറ്റങ്ങൾ വരുത്താൻ ടി.ടി.സി തീരുമാനിച്ചിട്ടുണ്ട്. അഡൽറ്റ്, യൂത്ത്, സീനിയർ, ഫെയർ പാസ് എന്നിവയുടെ പ്രതിമാസ പാസുകളും യൂത്ത്, സീനിയർ 12-മന്ത് പാസുകളും 2026 ഓഗസ്റ്റ് 31-ഓടെ നിർത്തലാക്കും. എന്നാൽ, കുറഞ്ഞ നിരക്കുകൾ ഉറപ്പുനൽകുന്ന അഡൽറ്റ് 12-മന്ത് പാസുകളും പോസ്റ്റ്-സെക്കൻഡറി മന്ത്ലി പാസുകളും നിലവിൽ തുടരുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
മാസത്തിൽ 47 യാത്രകൾ പൂർത്തിയാക്കിയ ശേഷവും വാഹനങ്ങളിൽ കയറുമ്പോഴും സ്റ്റേഷനുകളിൽ പ്രവേശിക്കുമ്പോഴും യാത്രക്കാർ കാർഡുകളോ ഉപകരണങ്ങളോ നിർബന്ധമായും ടാപ്പ് ചെയ്യേണ്ടതുണ്ട്. ടിക്കറ്റ് പരിശോധന വേളകളിൽ യാത്ര സാധുത ഉറപ്പുവരുത്തുന്നതിനാണ് ഇത് നിർബന്ധമാക്കിയിട്ടുള്ളത്. യാത്രക്കാരുടെ യാത്രാച്ചെലവുകൾ ക്രമീകരിക്കാനും ഡിജിറ്റൽ ടിക്കറ്റിംഗ് പ്രോത്സാഹിപ്പിക്കാനും പുതിയ നീക്കം സഹായിക്കുമെന്നാണ് വിലയിരുത്തൽ.

