കാൽഗറി, കാനഡ: പണപ്പെരുപ്പവും ഇന്ധനവില വർധനവും മൂലം നട്ടംതിരിയുന്ന ജനങ്ങൾക്ക് വലിയ ആശ്വാസമേകി കാനഡയിലെ ആൽബർർട്ട പ്രൊവിൻസ് ഭരണകൂടം ഇന്ധനനികുതി താൽക്കാലികമായി പിൻവലിക്കാൻ തീരുമാനിച്ചു. ഒക്ടോബർ ഒന്ന് മുതൽ പ്രാബല്യത്തിൽ വരുന്ന ഈ ഇളവിലൂടെ പെട്രോളിനും ഡീസലിനും ലിറ്ററിന് 13 സെന്റ് വീതം കുറയുമെന്ന് പ്രൊവിൻസ് പ്രീമിയർ ഡാനിയേൽ സ്മിത്ത് വ്യക്തമാക്കി. കാൽഗറി ചേംബർ ഓഫ് കൊമേഴ്സിൽ നടത്തിയ പ്രസംഗത്തിലാണ് അടുത്ത മൂന്ന് മാസത്തേക്ക് പ്രൊവിൻസ് ഇന്ധനനികുതി പൂർണമായി ഒഴിവാക്കുന്ന നിർണായക പ്രഖ്യാപനം പ്രീമിയർ നടത്തിയത്. പുതിയ തീരുമാനത്തിലൂടെ ഓരോ തവണ ഇന്ധനം നിറയ്ക്കുമ്പോഴും സാധാരണ കുടുംബങ്ങൾക്കും ചെറുകിട ബിസിനസുകൾക്കും ഗണ്യമായ സാമ്പത്തിക നേട്ടമുണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
നേരത്തെ പമ്പുകളിൽ നികുതി കുറയ്ക്കുന്നതിന് പകരം അർഹരായ പൗരന്മാർക്ക് 100 ഡോളർ വീതം നേരിട്ട് റീബേറ്റ് ചെക്ക് നൽകുന്ന പദ്ധതിയാണ് ആൽബർർട്ട നടപ്പാക്കിയിരുന്നത്. എന്നാൽ ഓൺലൈൻ പോർട്ടൽ വഴിയുള്ള റീബേറ്റ് അപേക്ഷാ രീതി സങ്കീർണ്ണമാണെന്നും കാര്യക്ഷമമല്ലെന്നും ചൂണ്ടിക്കാട്ടി ജനങ്ങളിൽ നിന്ന് കടുത്ത അതൃപ്തി ഉയർന്നു. ജനകീയ വിമർശനങ്ങൾ ഉൾക്കൊണ്ടു തന്നെയാണ് നിലവിലെ നിലപാട് മാറ്റമെന്ന് വ്യക്തമാക്കിയ പ്രീമിയർ, ഇന്ധനനികുതി ഇളവിന്റെ പ്രയോജനം ജനങ്ങൾക്ക് നേരിട്ട് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പമ്പുകളിൽ ശക്തമായ നിരീക്ഷണം ഏർപ്പെടുത്തുമെന്നും മുന്നറിയിപ്പ് നൽകി. അന്യായമായി അധികവില ഈടാക്കുന്ന സ്ഥാപനങ്ങൾക്ക് മൂന്ന് ലക്ഷം ഡോളർ വരെ പിഴയോ രണ്ട് വർഷം വരെ തടവുശിക്ഷയോ ലഭിച്ചേക്കാം.
നികുതി ഒഴിവാക്കുന്നതിലൂടെ അടുത്ത മൂന്ന് മാസത്തിനിടെ ഖജനാവിന് ഏകദേശം 350 ദശലക്ഷം ഡോളറിന്റെ വരുമാനനഷ്ടം ഉണ്ടാകുമെന്നാണ് ധനമന്ത്രാലയത്തിന്റെ കണക്കുകൂട്ടൽ. മുൻപ് പ്രഖ്യാപിച്ച റീബേറ്റ് പദ്ധതി പ്രകാരം പകുതിയിൽ താഴെ ആളുകൾക്ക് മാത്രമേ ആനുകൂല്യം ലഭ്യമാക്കാൻ സാധിച്ചിരുന്നുള്ളൂവെന്നും, സാധാരണക്കാരുടെ കൈകളിലേക്ക് പരമാവധി സാമ്പത്തിക സഹായം നേരിട്ടെത്തിക്കുകയാണ് ലക്ഷ്യമെന്നും ധനമന്ത്രി ജേസൺ നിക്സൺ പ്രതികരിച്ചു. അതേസമയം, ഉപതിരഞ്ഞെടുപ്പിലെ തിരിച്ചടി മറികടക്കാനുള്ള സർക്കാരിന്റെ രാഷ്ട്രീയ തന്ത്രം മാത്രമാണ് ഈ പ്രഖ്യാപനമെന്ന് പ്രധാന പ്രതിപക്ഷമായ എൻ.ഡി.പി. കുറ്റപ്പെടുത്തി. ആഗോളതലത്തിൽ ക്രൂഡ് ഓയിൽ വിലയിലുണ്ടായ വർധന മൂലം പ്രൊവിൻസിന്റെ റവന്യൂ വരുമാനത്തിൽ മുൻവർഷങ്ങളെ അപേക്ഷിച്ച് വൻ കുതിച്ചുചാട്ടം രേഖപ്പെടുത്തിയ പശ്ചാത്തലത്തിലാണ് ഈ ജനപ്രിയ നടപടി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്.
