ഒട്ടാവ, കാനഡ: കാനഡയിലെ സാമ്പത്തിക രംഗത്ത് ചരിത്രപരമായ മാറ്റം കുറിച്ച് ദീർഘകാലമായി കാത്തിരുന്ന ‘റിയൽ-ടൈം റെയിൽ’ (Real-Time Rail – RTR) നാഷണൽ പേയ്മെന്റ് സിസ്റ്റം ഔദ്യോഗികമായി പ്രവർത്തനം ആരംഭിച്ചു. പേയ്മെന്റ്സ് കാനഡയാണ് (Payments Canada) ഉപഭോക്താക്കൾക്കും ബിസിനസുകൾക്കും ഇടയിലുള്ള പണമിടപാടുകൾ വേഗത്തിലാക്കുന്ന ഈ പുതിയ സംവിധാനം പുറത്തിറക്കിയത്. പണം കൈമാറ്റം ചെയ്യാനും ക്ലിയർ ചെയ്യാനും സെറ്റിൽ ചെയ്യാനുമുള്ള തത്സമയ സൗകര്യമാണ് ഇതിലൂടെ ലഭ്യമാകുന്നത്. ദിവസങ്ങളോളം കാത്തിരിക്കേണ്ടിയിരുന്ന ബാങ്ക് ഇടപാടുകൾ ഇനിമുതൽ സെക്കൻഡുകൾക്കുള്ളിൽ സാധ്യമാകും.
രാജ്യത്തെ സാമ്പത്തിക അടിത്തറ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ ആധുനിക സംവിധാനം നടപ്പിലാക്കിയിരിക്കുന്നത്. പ്രോസസിങ് ചെലവുകൾ കുറയ്ക്കുക, ചെക്കുകളുടെയും പണത്തിന്റെയും ഉപയോഗം പരമാവധി ഒഴിവാക്കുക, പണം ലഭ്യമാകുന്നതിലെ താമസം ഒഴിവാക്കുക എന്നിവയാണ് RTR സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നത്. വെൽത്ത് സിംപിൾ, ക്വസ്റ്റ് ട്രേഡ്, പീപ്പിൾസ് ട്രസ്റ്റ്, കെഒഎച്ച്ഒ (KOHO) തുടങ്ങി നിരവധി പ്രമുഖ ധ്യാന സ്ഥാപനങ്ങളും ഫിൻടെക് കമ്പനികളുമാണ് പ്രാരംഘ ഘട്ടത്തിൽ ഈ സംവിധാനത്തിന്റെ ഭാഗമായിട്ടുള്ളത്. വരുന്ന മാസങ്ങളിൽ രാജ്യത്തെ പ്രമുഖ ബാങ്കുകളായ ആർ.ബി.സി, ടി.ഡി, ബി.എം.ഒ, സി.ഐ.ബി.സി എന്നിവയുൾപ്പെടെയുള്ള പ്രധാന സാമ്പത്തിക സ്ഥാപനങ്ങളെയും ഘട്ടംഘട്ടമായി ഇതിൽ ഉൾപ്പെടുത്തുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
ഇടപാടുകളിലെ സുരക്ഷ ഉറപ്പാക്കുന്നതിനായി വിപുലമായ കേന്ദ്രീകൃത തട്ടിപ്പ് പ്രതിരോധ സംവിധാനങ്ങളും RTR-ൽ സജ്ജീകരിച്ചിട്ടുണ്ട്. ഉപഭോക്താക്കളുടെ അക്കൗണ്ടുകൾക്കായുള്ള ‘കൺഫർമേഷൻ ഓഫ് പേയ്’ (Confirmation of Payee) പരിശോധന, ഫ്രോഡ് ട്രാൻസാക്ഷൻ സേഫ്റ്റി സ്കോർ, തട്ടിപ്പ് സംബന്ധിച്ച അപകടസാധ്യതകൾ തിരിച്ചറിയുന്നതിനുള്ള സംവിധാനങ്ങൾ തുടങ്ങിയവ ഇതിന്റെ ഭാഗമായി പ്രവർത്തിക്കും. അടുത്ത ഒരു വർഷത്തിനുള്ളിൽ കാനഡയിലെ 90 ശതമാനത്തിലധികം ജനങ്ങളിലേക്കും ഈ സേവനം വ്യാപിപ്പിക്കാനാണ് പേയ്മെന്റ്സ് കാനഡ ലക്ഷ്യമിടുന്നത്.
കാനഡയിലെ മലയാളികൾക്കിടയിലെ ചെറുകിട വ്യാപാരികൾക്കും ബിസിനസ്സ് നടത്തുന്നവർക്കും പണമിടപാടുകൾ തൽക്ഷണം പൂർത്തിയാക്കാൻ പുതിയ RTR സംവിധാനം വലിയ സഹായകരമാകും. വാടക പിരിവുകൾ, ശമ്പള വിതരണം, മറ്റ് ദൈനംദിന സാമ്പത്തിക കൈമാറ്റങ്ങൾ എന്നിവയ്ക്കായി ദിവസങ്ങളോളം കാത്തിരിക്കേണ്ട ബുദ്ധിമുട്ട് ഇതിലൂടെ ഒഴിവാകും. വെൽത്ത് സിംപിൾ, കെഒഎച്ച്ഒ തുടങ്ങിയ ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കുന്ന മലയാളികൾക്ക് ഈ സേവനം ഇപ്പോൾത്തന്നെ പ്രയോജനപ്പെടുത്താം. ബാങ്കുകൾ ഘട്ടംഘട്ടമായി RTR-ലേക്ക് മാറുന്നതനുസരിച്ച് പ്രധാന കനേഡിയൻ ബാങ്ക് അക്കൗണ്ടുകളുള്ള എല്ലാവർക്കും വരുന്ന മാസങ്ങളിൽ ഈ സേവനം ലഭ്യമായിത്തുടങ്ങും. പണമിടപാടുകൾ നടത്തുമ്പോൾ സുരക്ഷയ്ക്കായി ബാങ്കുകൾ നൽകുന്ന പുതിയ ‘കൺഫർമേഷൻ ഓഫ് പേയ്’ പോലുള്ള നിർദ്ദേശങ്ങൾ ഉപയോക്താക്കൾ പാലിക്കേണ്ടതാണ്.
