കണ്ണൂർ: കണ്ണൂർ രൂപതയിലെ ചരിത്രപ്രസിദ്ധമായ താവം ഫാത്തിമ മാതാ ദേവാലയത്തിൽ പരിശുദ്ധ ഫാത്തിമ മാതാവിന്റെ തിരുനാൾ മഹോത്സവം നവംബർ 15 മുതൽ 22 വരെ ആഘോഷിക്കുന്നു. ജപമാല, ദിവ്യബലി, നൊവേന, പ്രദക്ഷിണം, നേർച്ചഭക്ഷണം, സംഗീതനിശ, കലാസന്ധ്യ എന്നിവ ഉൾപ്പെടുന്ന എട്ടു ദിവസത്തെ ആഘോഷങ്ങളുടെ പ്രധാന തിരുനാൾ ദിനം നവംബർ 21 ശനിയാഴ്ചയാണ്.
ചിറയ്ക്കൽ മിഷൻ സ്ഥാപക പിതാവും മിഷനറിയുമായ ഫാ. പീറ്റർ കയറോണി എസ്.ജെ. സ്ഥാപിച്ചതും ഫാ. ജോസഫ് ടഫേറൽ പണി കഴിപ്പിച്ചതുമാണ് ഈ ദേവാലയം. പ്രദേശത്തിന്റെ വലിയ ആഘോഷമായ തിരുനാളിൽ പങ്കെടുക്കാൻ എല്ലാവരെയും സ്നേഹപൂർവം ക്ഷണിക്കുന്നതായി ഇടവക വികാരി റവ. ഫാ. ഷാൽബിൻ മരോട്ടിക്കുടി എം.എസ്.എഫ്.എസ്., പാരിഷ് കൗൺസിൽ, പ്രസുദേന്തിമാർ എന്നിവർ അറിയിച്ചു.
നവംബർ 15 ഞായറാഴ്ച വൈകിട്ട് ജപമാലയ്ക്കു ശേഷം റവ. ഫാ. സനോജ് പ്ലാത്തോട്ടത്തിൽ എം.എസ്.എഫ്.എസ്. കൊടിയേറ്റിയതോടെയാണ് തിരുനാൾ ആരംഭിച്ചത്. തുടർന്ന് പ്രസുദേന്തി വാഴ്ച, ദിവ്യബലി, തിരുസ്വരൂപ പ്രതിഷ്ഠ, നൊവേന എന്നിവ നടന്നു. റവ. ഫാ. അരുൺ വല്ലാട്ട് എം.എസ്.എഫ്.എസ്. സന്ദേശം നൽകി.
തുടർന്നുള്ള ദിവസങ്ങളിൽ വൈകിട്ട് 5-ന് ജപമാല, ദിവ്യബലി, നൊവേന എന്നിവ നടക്കുന്നു. റവ. ഫാ. ആഷ്ലിൻ (ഹോളിക്രോസ് ചർച്ച്, മാടായി), റവ. ഫാ. മനു ജോസഫ് (സെന്റ് ജോസഫ് ചർച്ച്, കുട്ടക്കുളം), റവ. ഫാ. അബിൻരാജ് എസ്.എസ്. (എം.എം.ഐ.സി.), മുൻ വികാരി റവ. ഫാ. ജീസൺ തണ്ണിക്കോട്ട് ഒ.എസ്.ജെ. എന്നിവർ വിവിധ ദിവസങ്ങളിൽ കാർമികത്വം വഹിക്കുന്നു. ദൈവവിളികൾ, രോഗികൾ, അനാഥർ, വിദ്യാർഥികൾ, യുവജനങ്ങൾ, അധ്യാപകർ, രാജ്യവും ഭരണകർത്താക്കളും, പ്രവാസികളും അവരുടെ കുടുംബങ്ങളും, ലോകസമാധാനം എന്നീ നിയോഗങ്ങൾക്കായാണ് ഓരോ ദിവസത്തെയും പ്രാർഥനകൾ. 18-ന് കുമ്പസാരത്തിനും സൗകര്യമൊരുക്കിയിരുന്നു.
നവംബർ 20 വെള്ളിയാഴ്ച തിരുനാൾ ജാഗരദിനത്തിൽ വൈകിട്ട് 5-ന് ജപമാല. 5.30-ന് പുതിയ ഫൊറോന വികാരിക്ക് സ്വീകരണം നൽകും. തുടർന്ന് താവം ഫൊറോന വികാരി വെരി. റവ. ഫാ. ജോർജ് പൈനാടത്തിന്റെ കാർമികത്വത്തിൽ ആഘോഷമായ ദിവ്യബലി. പരിശുദ്ധ ഫാത്തിമ മാതാവിന്റെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള ഭക്തിസാന്ദ്രമായ പ്രദക്ഷിണവും പരിശുദ്ധ കുർബാനയുടെ ആശീർവാദവും ഉണ്ടായിരിക്കും.
പ്രധാന തിരുനാൾ ദിനമായ നവംബർ 21 ശനിയാഴ്ച രാവിലെ 9.30-ന് ജപമാല. 10-ന് പുതിയ വികാരി ജനറലിന് സ്വീകരണം. തുടർന്ന് കണ്ണൂർ രൂപത വികാരി ജനറൽ വെരി. റവ. ഡോ. ജോയ് പൈനാടത്തിന്റെ മുഖ്യകാർമികത്വത്തിൽ ആഘോഷമായ തിരുനാൾ ദിവ്യബലി. ഉച്ചയ്ക്ക് 1 മുതൽ 2.30 വരെ നേർച്ചഭക്ഷണം. വൈകിട്ട് 7-ന് കാലിക്കറ്റ് റിഥംഎക്സ് ഓർക്കസ്ട്രയുടെ മ്യൂസിക് നൈറ്റ് അരങ്ങേറും.
സമാപനദിനമായ നവംബർ 22 ഞായറാഴ്ച കൃതജ്ഞതാദിനമായി ആചരിക്കും. രാവിലെ 9-ന് ജപമാല, കൊടിയിറക്കം, ദിവ്യബലി. ക്രിസ്തുരാജന്റെ തിരുനാളിനോടനുബന്ധിച്ച് കൃതജ്ഞതാബലിയും വാഹന വെഞ്ചരിപ്പും നടക്കും. ഇടവക വികാരി ഫാ. ഷാൽബിൻ മരോട്ടിക്കുടി എം.എസ്.എഫ്.എസ്. കാർമികത്വം വഹിക്കും. വൈകിട്ട് 6.30-ന് കുടുംബയൂണിറ്റുകളുടെ നേതൃത്വത്തിൽ കലാസന്ധ്യയോടെ ആഘോഷങ്ങൾ സമാപിക്കും.
തിരുനാൾ ദിനങ്ങളിൽ പരിശുദ്ധ മാതാവിന്റെ തിരുസ്വരൂപത്തിൽ മാല ചാർത്താൻ സൗകര്യമുണ്ടായിരിക്കും. എല്ലാ ദിവസവും നേർച്ചയും ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.
