ഒന്റാരിയോ ഗവൺമെന്റ് 2025-ൽ നികുതിദായകർക്ക് 200 ഡോളർ റിബേറ്റ് നൽകുന്നു. ഉയർന്ന പലിശനിരക്കും ഫെഡറൽ കാർബൺ ടാക്സും നേരിടുന്ന ഒന്റാരിയോയിലെ കുടുംബങ്ങൾക്ക് ഒരു ആശ്വാസ പദ്ധതി എന്ന നിലയിലാണിത് നടപ്പാക്കുന്നത്.
2024 ഡിസംബർ 31-നകം 2023-ലെ ആദായനികുതിയും ബെനിഫിറ്റ് റിട്ടേണും ഫയൽ ചെയ്ത ഒന്റാരിയോയിലെ യോഗ്യരായ എല്ലാ മുതിർന്നവർക്കും ഈ 200 ഡോളറിന്റെ നികുതിദായക റിബേറ്റ് ചെക്കുകൾ തപാൽ മാർഗം ലഭിക്കും. യോഗ്യരായ കുടുംബങ്ങളിലെ 18 വയസ്സിന് താഴെയുള്ള ഓരോ കുട്ടിക്കും 200 ഡോളർ അധികമായി ലഭിക്കും. ഉദാഹരണത്തിന്, 5 അംഗങ്ങളുള്ള ഒരു കുടുംബത്തിന് 2 മുതിർന്നവർക്കും 3 കുട്ടികൾക്കുമായ് 1,000 ഡോളർ ലഭിക്കും.
200 ഡോളറിന്റെ ചെക്കുകൾ 2025 ജനുവരി ആദ്യ വാരങ്ങളിൽ തന്നെ അർഹരായ വ്യക്തികൾക്ക് അയച്ച് കഴിഞ്ഞതായി പ്രൊവിൻഷ്യൽ ഗവൺമെന്റ് സ്ഥിരീകരിച്ചു.
“ഫെഡറൽ കാർബൺ നികുതി, ഉയർന്ന പലിശനിരക്ക്, ആഗോള സാമ്പത്തിക അനിശ്ചിതത്വം എന്നിവ കാരണം ഒന്റാരിയോയിലെ കുടുംബങ്ങൾ വലയുന്ന സാഹചര്യത്തിൽ, ചെലവ് കുറയ്ക്കുന്നതിനും കുടുംബങ്ങളെ സഹായിക്കുന്നതിനുമായി ഞങ്ങളുടെ ഗവൺമെന്റ് തുടർച്ചയായ പ്രവർത്തനങ്ങൾ നടത്തിവരികയാണ്,” ധനകാര്യ മന്ത്രി പീറ്റർ ബെത്ലെൻഫാൽവി പറഞ്ഞു. “ഒന്റാരിയോയുടെ സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്താനും, ലോകോത്തര പൊതുസേവനങ്ങളിൽ നിക്ഷേപം നടത്താനും, കുടുംബങ്ങൾക്ക് ഈ നിർണായക പിന്തുണ നല്കാനും കഴിയുന്നതും ഗവൺമെന്റിന്റെ വിവേകപൂർണമായ ധനകാര്യ മാനേജ്മെന്റിന്റെ തെളിവാണ്” മന്ത്രി കൂട്ടിച്ചേർത്തു.
റിബേറ്റിന് അർഹമാവുന്നതിന്, നിങ്ങൾ 18 വയസോ അതിൽ കൂടുതലോ പ്രായമുള്ളവരും 2023 ഡിസംബർ 31-ന് ഒന്റാരിയോയിൽ താമസിക്കുന്നവരും ആയിരിക്കണം. 2024-ൽ പാപ്പരാകുകയോ തടവിലാക്കപ്പെടുകയോ ചെയ്തിട്ടുണ്ടാകരുത്. 2024 ഡിസംബർ 31-നകം 2023 ആദായനികുതിയുടെയും ആനുകൂല്യങ്ങളുടെയും റിട്ടേൺ ഫയൽ ചെയ്തിരിക്കണം.