അന്നാമ്മച്ചേടത്തിക്ക് അങ്ങനെയിങ്ങനെ പെട്ടെന്നൊന്നും ഒരു അസുഖവും വരത്തില്ല. അതുകൊണ്ടെന്തുപറ്റി? ആശുപത്രിയിൽ കിടക്കാനോ, ആപ്പിളും മുന്തിരിങ്ങയും കഴിക്കാനോ ഉള്ള യോഗമൊന്നും ചേടത്തിക്ക് ഉണ്ടായില്ല.
അങ്ങനെ അവസാനം അതു സംഭവിച്ചു. പനിക്കല്ല, തലകറക്കത്തിനാണ് അഡ്മിറ്റായതെന്നു മാത്രം. പതിവ് ആചാരം പോലെ ബന്ധുക്കളും ആപ്പിളും ചേടത്തിയെ കാണാനെത്തി. അസുഖം ഗുരുതരമല്ലായിരുന്നതുകൊണ്ട് പെട്ടെന്ന് തന്നെ ചേടത്തിയെ ഡിസ്ചാർജ് ചെയ്തു വീട്ടിൽ വിട്ടു.
ഇനിയാണ് കഥ. ആപ്പിളും ചേടത്തിയുടെ കൂടെ വീട്ടിലേക്ക് തിരിച്ചു.മൊത്തം
അഞ്ച് ആപ്പിളുണ്ട്. നോക്കിയപ്പോൾ ഒരെണ്ണം പകുതിയോളം ചീഞ്ഞിരിക്കുന്നു. ഇന്ന് അതു കഴിക്കാം. നാളെത്തുടങ്ങി നല്ലത് കഴിക്കാമല്ലോ.
പിറ്റേദിവസം നോക്കിയപ്പോൾ ബാക്കിയുള്ള നാല് ആപ്പിളിൽ ഒരെണ്ണം ചീഞ്ഞു തുടങ്ങിയിരുന്നു. അങ്ങനെ കളയാൻ പറ്റില്ലല്ലോ. ചീഞ്ഞതു തന്നെ കഴിച്ച് ചേടത്തി തൃപ്തിയടഞ്ഞു.ആപ്പിൾ മുഴുവൻ തീരുന്നതുവരെ ഈ പരിപാടി തുടർന്നു.
ആദ്യത്തെ ചീഞ്ഞ ആപ്പിൾ കഴിക്കാതിരുന്നെങ്കിൽ നാല് ദിവസവും നല്ല ആപ്പിൾ കഴിക്കാമായിരുന്നില്ലേയെന്ന് ചില കുബുദ്ധികൾ ചേടത്തിയോട് ചോദിച്ചു. പക്ഷേ അന്നാമ്മചേടത്തിക്ക് മാത്രം ആ ലോജിക് പിടികിട്ടിയില്ല. ഇനിയൊട്ട് പിടി കിട്ടുകയുമില്ല.
അന്നാമ്മച്ചേടത്തിയുടെ അവസ്ഥയാണ് പലർക്കുമിപ്പോൾ.
ഒഴിവാക്കേണ്ടത്, ചില ശീലങ്ങളാകാം ആളുകളാകാം, ആദ്യമേ തന്നെ ഒഴിവാക്കിയിരുന്നെങ്കിൽ, അത് തിരിച്ചറിയാനുള്ള പ്രാപ്തിയുണ്ടായിരുന്നെങ്കിൽ, ചിലരുടെ ജീവിതം എത്രയോയധികം മെച്ചപ്പെടുമായിരുന്നു.
സമാന അനുഭവക്കാർ ഇനിയെങ്കിലും ശ്രദ്ധിക്കൂ…
1 Comment
നാം ഓരോരുത്തരുടെയും ചിട്ടകളും ഇഷ്ടങ്ങളും നാം വളർത്തുന്നതല്ല, മറിച്ച് നമ്മുടെ ചുറ്റുപാടും, നമ്മുടെ കൂടെ ഉള്ളവരും നാം പോലും അറിയാതെ നമ്മളിൽ വളർത്തുന്നുവെന്നതാണ്.
അധികർക്കും- നമ്മുടെ സമൂഹം, സഭ, കുടുംബം – അവരാണ് തീരുമാനിക്കുന്നത് നാം എന്ത് ചെയ്യണമെന്ന്. ഇതിൽനിന്നും രക്ഷപ്പെട്ടവർ മറിച്ചു ചിന്തിക്കും – ബാക്കി അന്നമ്മച്ചേടത്തിയെ പോലെ ലോജിക് പിടികിട്ടാത്തവർ!!!
കാനഡയിൽ എത്തിയിട്ടും ലോജിക് പിടികിട്ടാതെ നാട്ടിലെ സംസ്കാരവും, വിശ്വാസവും, ചിന്തയും മുതൽക്കൂട്ടായി കൊണ്ട് നടക്കുന്ന എത്ര അധികം പേർ. അതിന്റെ ഭവിഷ്യത് അനുഭവിക്കുന്നത് അവരുടെ മക്കളും!!!!