ടൊറൊന്റോ: ടൊറൊന്റോ പോലീസ് സർവീസ് (TPS) മൈക്രോമൊബിലിറ്റി വാഹനങ്ങളുടെ സുരക്ഷാ നടപടികൾ കർശനമാക്കുന്നതിന് അടുത്ത മൂന്നാഴ്ച നീണ്ടുനിൽക്കുന്ന പ്രത്യേക ബോധവൽക്കരണ, പരിശോധനാ പദ്ധതി ആവിഷ്കരിച്ചു നടപ്പിലാക്കി വരുന്നു. 2025 ഓഗസ്റ്റ് 25 മുതൽ സെപ്റ്റംബർ 13 വരെ നീണ്ടുനിൽക്കുന്ന ഈ പദ്ധതി, ഇ-ബൈക്കുകൾ, ഇ-സ്കൂട്ടറുകൾ, പരമ്പരാഗത സൈക്കിളുകൾ തുടങ്ങിയ “കുറഞ്ഞ വേഗതയിൽ സഞ്ചരിക്കുന്ന ചെറുതും ഭാരം കുറഞ്ഞതമായ” വാഹനങ്ങളുടെ സുരക്ഷിതമായ ഉപയോഗം ഉറപ്പാക്കാനാണ് ലക്ഷ്യമിടുന്നത്.
ടൊറോന്റോ സിറ്റി കൗൺസിലിന്റെ ശുപാർശയെ തുടർന്നാണ് ഈ പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. നടപ്പാതയിലൂടെയുള്ള വാഹനമോടിക്കൽ, തെറ്റായ ദിശയിൽ സൈക്കിൾ പാതകളിലൂടെയുള്ള യാത്ര, ഇ-മോപ്പെഡുകളുടെ അനധികൃത ഉപയോഗം, സൈക്കിൾ പാതകളിൽ നിയമവിരുദ്ധമായ പാർക്കിംഗ് തുടങ്ങി സുരക്ഷയ്ക്ക് ഭീഷണിയാകുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ ഈ പദ്ധതി ലക്ഷ്യമിടുന്നു. ഹൈവേ ട്രാഫിക് ആക്ടിനെ കുറിച്ചും ടൊറന്റോ സിറ്റി നിയമ സംവിധാനങ്ങളെക്കുറിച്ചും ജനങ്ങൾക്ക് വിദ്യാഭ്യാസവും കൂടുതൽ അവബോധവും പകർന്നു കൊടുക്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം.
സ്കൂൾ സുരക്ഷാ മേഖലകളിലാണ് പോലീസ് പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കുക. പ്രത്യേകിച്ച്, വേഗത കൂട്ടുക, അശ്രദ്ധയോടെ വാഹനമോടിക്കുക, മദ്യപിച്ചോ മയക്കുമരുന്നിന്റെ ലഹരിയിലോ വാഹനമോടിക്കുക, സൈക്കിൾ പാതകളിൽ പാർക്ക് ചെയ്യുക അല്ലെങ്കിൽ വാഹനമോടിക്കുക തുടങ്ങിയ നിയമലംഘനങ്ങൾക്കെതിരെ ദ്രുതഗതിയിൽ നടപടിയെടുക്കുക എന്നുള്ളതാണ് പദ്ധതിയുടെ മുഖ്യ ലക്ഷ്യം എന്നും “ഏത് തരം വാഹനമാണ് ഓടിക്കുന്നത് എന്നതല്ല, മറിച്ച്, റോഡിലെ നിയമങ്ങൾ എല്ലാവർക്കും ഒരുപോലെ ബാധകമാണ്,” ടൊറോന്റോ പോലീസ് ഒരു വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
Toronto Police Service increasing enforcement of micromobility vehicles
ടൊറൊന്റോയുടെ പൊതുജന ബോധവത്കരണ പദ്ധതിയുമായി ചേർന്നാണ് ഈ നടപടി. ഈ വേനൽക്കാലത്ത് ആരംഭിച്ച ടൊറൊന്റോ സിറ്റിയുടെ മൈക്രോമൊബിലിറ്റി പദ്ധതി പ്രധാനമായും സുരക്ഷ, നീതി, പരിസ്ഥിതി സുസ്ഥിരത എന്നിവ ഉറപ്പാക്കാൻ ലക്ഷ്യമിടുന്നു.
എല്ലാ നിയമലംഘനങ്ങൾക്കും പിഴ ഈടാക്കുകയില്ലെന്നും, മറിച്ച് പൊതുജന ബോധവൽക്കരണത്തിനാണ് മുൻഗണന നൽകുകയെന്നും പോലീസ് ഇൻസ്‌പെക്ടർ മാറ്റ് മോയർ പത്രക്കുറിപ്പിൽ അറിയിച്ചു. എന്നിരുന്നാലും, തുടർച്ചയായുള്ള
നിയമലംഘനങ്ങൾക്ക് 90 ഡോളർ മുതൽ പിഴ ഈടാക്കാം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നഗരത്തിലെ റോഡുകളിൽ മൈക്രോമൊബിലിറ്റി വാഹനങ്ങളുടെ വർദ്ധനവ്, പ്രത്യേകിച്ച് ഭക്ഷണ വിതരണ സേവനങ്ങളുമായി ബന്ധപ്പെട്ടുള്ളവ, സിറ്റി റോഡുകളിൽ സുരക്ഷാ ആശങ്കകൾ വർദ്ധിപ്പിച്ചിട്ടുണ്ട്. ഈ പദ്ധതി സൈക്കിൾ യാത്രക്കാർ, കാൽനടയാത്രക്കാർ, വാഹന ഡ്രൈവർമാർ എന്നിവർക്കിടയിൽ കൂടെക്കൂടെയുണ്ടാകുന്ന തർക്കങ്ങൾക്ക് പരിഹാരമാകും എന്ന് കരുതപ്പെടുന്നു.



