ഓട്ടോവ, കാനഡ: കാനഡയിലെ കുടിയേറ്റ നിയമങ്ങളും പൗരത്വ സേവനങ്ങളും ദുരുപയോഗം ചെയ്യുന്ന അനധികൃത ഏജന്റുമാർക്കും വ്യാജ ഉപദേശകർക്കുമെതിരെ ശക്തമായ നടപടികളുമായി ഫെഡറൽ സർക്കാർ. ലൈസൻസില്ലാതെ പണം വാങ്ങി ഇമിഗ്രേഷൻ ഉപദേശം നൽകുന്നവർക്കും അപേക്ഷകളിൽ കൃത്രിമം കാണിക്കുന്നവർക്കും 1.5 ദശലക്ഷം ഡോളർ വരെ പിഴ ഈടാക്കാനുള്ള പുതിയ നിയമങ്ങൾ ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) നടപ്പിലാക്കി. കുടിയേറ്റ രംഗത്തെ തട്ടിപ്പുകൾ തടയുന്നതിനും അപേക്ഷകരെ സംരക്ഷിക്കുന്നതിനുമായാണ് ഈ പുതിയ ചട്ടങ്ങൾ കൊണ്ടുവന്നിരിക്കുന്നത്.
പുതിയ നിയമപ്രകാരം ലൈസൻസില്ലാതെ ഫീസ് വാങ്ങി ഇമിഗ്രേഷൻ സേവനങ്ങൾ നൽകുന്നവർക്ക് 5,000 ഡോളറും, അപേക്ഷകളിൽ ബോധപൂർവ്വം തെറ്റായതോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ വിവരങ്ങൾ നൽകുകയോ അതിന് കൂട്ടുനിൽക്കുകയോ ചെയ്യുന്നവർക്ക് 15,000 ഡോളറുമാണ് പ്രാരംഭ പിഴ നിശ്ചയിച്ചിരിക്കുന്നത്. കൂടാതെ, ഔദ്യോഗിക പരിശോധനകൾക്ക് ആവശ്യമായ രേഖകൾ സമർപ്പിക്കാത്തവർക്ക് 10,000 ഡോളർ പിഴ ചുമത്തും. കുറ്റകൃത്യങ്ങളുടെ ആവർത്തനവും നിയമലംഘനങ്ങളുടെ ഗൗരവവും അനുസരിച്ച് ഈ തുക പരമാവധി 15 ലക്ഷം ഡോളർ വരെ ഉയർത്താമെന്നും അധികൃതർ വ്യക്തമാക്കുന്നു. കുറ്റക്കാരായവരുടെ പേരുകളും വിവരങ്ങളും ഐ.ആർ.സി.സി വെബ്സൈറ്റിൽ പരസ്യപ്പെടുത്തുമെന്നും, അടുത്ത വർഷത്തോടെ ഇതിനായി പ്രത്യേക പബ്ലിക് രജിസ്ട്രി നിലവിൽ വരുമെന്നും സർക്കാർ അറിയിച്ചു.
കാനഡയിലെ മലയാളി വിദ്യാർത്ഥികളും പുതിയ പിആർ അപേക്ഷകരും തട്ടിപ്പുകളിൽ അകപ്പെടാതിരിക്കാൻ ഏതൊരു ഏജന്റിനെയും സമീപിക്കുന്നതിന് മുൻപ് അവരുടെ ലൈസൻസ് വിവരം ഐ.ആർ.സി.സി വെബ്സൈറ്റിലൂടെയോ ബന്ധപ്പെട്ട കൗൺസിലുകളിലൂടെയോ നിർബന്ധമായും പരിശോധിക്കണം. അപേക്ഷകളിൽ തെറ്റായ വിവരങ്ങൾ നൽകാൻ ഉപദേശിക്കുന്ന അൺഓതറൈസ്ഡ് കൺസൾട്ടന്റുകളെ ഉടൻ തന്നെ ഒഴിവാക്കുകയും, ഔദ്യോഗിക ഫോമുകളും നിർദ്ദേശങ്ങളും കാനഡ സർക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റായ canada.ca വഴി മാത്രം സൗജന്യമായി ഉപയോഗപ്പെടുത്തുകയും ചെയ്യുക. സംശയകരമായ സേവനങ്ങൾ ശ്രദ്ധയിൽ പെട്ടാൽ ഐ.ആർ.സി.സി വെബ് ഫോം വഴിയോ കാനഡ ബോർഡർ സർവീസസ് ഏജൻസി വഴിയോ പരാതിപ്പെടാവുന്നതാണ്.
കുടിയേറ്റ നടപടികളിൽ തിരുത്തലുകൾ വരുത്താനും സുതാര്യത ഉറപ്പാക്കാനുമാണ് ഈ നടപടിയെന്ന് ഇമിഗ്രേഷൻ മന്ത്രി ലെന മെറ്റ്ലേജ് ഡിയാബ് വ്യക്തമാക്കി. കാനഡയ്ക്ക് പുറത്തു പ്രവർത്തിക്കുന്ന ഏജന്റുമാർക്കും ഈ നിയമം ബാധകമാണ്. ലൈസൻസുള്ള കനേഡിയൻ വക്കീലന്മാർ, നോട്ടറികൾ അല്ലെങ്കിൽ കോളേജ് ഓഫ് ഇമിഗ്രേഷൻ ആൻഡ് സിറ്റിസൺഷിപ്പ് കൺസൾട്ടന്റ്സിന്റെ (CICC) അംഗീകാരമുള്ള കൺസൾട്ടന്റുകൾ എന്നിവർക്ക് മാത്രമാണ് നിലവിൽ ഫീസ് വാങ്ങി ഇമിഗ്രേഷൻ ഉപദേശം നൽകാൻ നിയമപരമായ അനുമതിയുള്ളത്.
