കേരളത്തിന്റെ സാമൂഹിക-വികസന സങ്കല്പങ്ങൾക്ക് ശാസ്ത്രീയ അടിത്തറ പാകുന്നതിൽ പ്രൊഫഷണൽ സോഷ്യൽ വർക്ക് (സാമൂഹിക പ്രവർത്തന) വിദ്യാഭ്യാസം നിർണായക പങ്കാണ് വഹിച്ചിട്ടുള്ളത്. കേരള ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ (KSHEC) ആഭിമുഖ്യത്തിൽ ഈ മേഖലയുടെ വർത്തമാന അവസ്ഥയെയും ഭാവി സാധ്യതകളെയും കുറിച്ച് ആഴത്തിൽ പഠിക്കാനും അവലോകനം ചെയ്യാനുമായി ഒരു ഉന്നതതല സമിതിക്ക് രൂപം നൽകിയിരിക്കുന്നു എന്ന വാർത്ത അങ്ങേയറ്റം പ്രതീക്ഷ നൽകുന്നതും സ്വാഗതാർഹവുമാണ്. കേരളത്തിന്റെ സാമൂഹിക പ്രവർത്തന മേഖലയിലെ ക്രാന്തദർശിയായ നേതാവും പ്രഗത്ഭ അക്കാദമിഷ്യനുമായ ഡോക്ടർ ജോസ് ആന്റണിയാണ് ഈ സമിതിയുടെ വൈസ് ചെയർമാനായി ചുമതലയേറ്റിരിക്കുന്നത് എന്നത് ഈ ഉദ്യമത്തിന്റെ ഗൗരവവും പ്രൊഫഷണൽ മികവും ഇരട്ടിപ്പിക്കുന്നു.
കേരള ഉന്നത വിദ്യാഭ്യാസ കൗൺസിൽ മെമ്പർ സെക്രട്ടറിയായ പ്രൊഫ. ഡോ. ആബിദ ഫാറൂഖി അധ്യക്ഷത വഹിക്കുന്ന ഈ സമിതിയിൽ കുട്ടിക്കാനം മരിയൻ കോളേജ് MSW വകുപ്പ് മേധാവി ശ്രീ. അജേഷ് പറക്കൽ, കേരള സോളിഡ് വേസ്റ്റ് മാനേജ്മെന്റ് പ്രോജക്ട് സോഷ്യൽ എക്സ്പേർട്ട് ഡോ. സുബിത മേനോൻ, ഇംഹാൻസിലെ (IMHANS) അസിസ്റ്റന്റ് പ്രൊഫസർ ഡോ. ജോബിൻ ടോം മണ്ഡപത്തിൽ, ട്രാവൻകൂർ എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് സെന്റർ ഫോർ ഏജിങ് പ്രോഗ്രാം മാനേജർ ശ്രീ. മാത്യു കെ. വർഗീസ്, എറണാകുളം CWC ചെയർപേഴ്സൺ ശ്രീ. ഉല്ലാസ് മധു, CSR മേഖലയിൽ പ്രവർത്തിക്കുന്ന ശ്രീ. മോബിൻ സെബാസ്റ്റ്യൻ, തിരുവനന്തപുരം ലൊയോള കോളേജ് ഓഫ് സോഷ്യൽ സയൻസസിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ. ജാസ്മിൻ സാറ അലക്സാണ്ടർ, പെരിന്തൽമണ്ണ MSTM കോളേജ് പ്രിൻസിപ്പൽ ഡോ. സഫീർ എ. എന്നിവരാണ് മറ്റ് അംഗങ്ങളായി അണിനിരന്നിരിക്കുന്നത്. അക്കാദമിക് മികവും അനുഭവസമ്പത്തും യുവത്വത്തിന്റെ പ്രസരിപ്പും ഒത്തുചേരുന്ന ഒരു നിരതന്നെയാണ് ഈ സമിതിയിലുള്ളത് എന്നത് പ്രതീക്ഷയ്ക്ക് വക നൽകുന്നു .
അക്കാദമിക് രംഗത്തും പ്രായോഗിക തലത്തിലും കാലാനുസൃതമായ മാറ്റങ്ങൾ അനിവാര്യമായിരിക്കുന്ന ഈ ഘട്ടത്തിൽ, കൗൺസിൽ കൈക്കൊണ്ട ഈ ദൂരദർശിത്വമുള്ള തീരുമാനം കേരളത്തിലെ സോഷ്യൽ വർക്ക് വിദ്യാഭ്യാസത്തിന്റെ ചരിത്രത്തിലെ തന്നെ ഒരു വലിയ വഴിത്തിരിവായി മാറും എന്നതിൽ സംശയമില്ല.
1950-കളുടെ മധ്യത്തിൽ തുടക്കമിടുകയും 1960-ൽ കളമശ്ശേരി രാജഗിരി കോളേജിന്റെ സമാരംഭത്തോടെ അക്കാദമിക് രൂപം കൈവരിക്കുകയും ചെയ്ത കേരളത്തിലെ MSW (Master of Social Work) പഠനം കഴിഞ്ഞ ആറ് പതിറ്റാണ്ടുകൾ കൊണ്ട് സമാനതകളില്ലാത്ത വളർച്ചയാണ് കൈവരിച്ചത്. പിന്നീട് BSW, ബിരുദാനന്തര ബിരുദ കോഴ്സുകൾ, വിദൂര വിദ്യാഭ്യാസം എന്നിവയിലൂടെ വികസിച്ച ഈ മേഖല ഇന്ന് വലിയൊരു വിദ്യാഭ്യാസ ശൃംഖലയായി മാറിയിരിക്കുന്നു. നിലവിൽ കേരളത്തിൽ നിന്ന് പ്രതിവർഷം ആറായിരത്തോളം (6,000) വിദ്യാർത്ഥികളാണ് വിവിധ സർവകലാശാലകൾക്ക് കീഴിൽ സോഷ്യൽ വർക്ക് കോഴ്സുകൾ പൂർത്തിയാക്കി പഠിച്ചിറങ്ങുന്നത്. മാനവവിഭവശേഷിയുടെയും വിജ്ഞാന നിർമ്മിതിയുടെയും കാര്യത്തിൽ ഇതൊരു വലിയ സംഖ്യയാണ്. എന്നാൽ ഈ എണ്ണപരമായ വളർച്ചയ്ക്ക് ആനുപാതികമായി അക്കാദമിക് ഗുണനിലവാരം ഉയർത്താനും, തൊഴിൽ സാധ്യതകൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് വിപുലീകരിക്കാനും ശാസ്ത്രീയമായ ഒരു റിവ്യൂ അത്യന്താപേക്ഷിതമായിരുന്നു.
സാമൂഹിക ശാസ്ത്രങ്ങളിൽ നിന്നും മാനവിക വിഷയങ്ങളിൽ നിന്നും ഊർജ്ജമുൾക്കൊണ്ട് രൂപപ്പെട്ട സോഷ്യൽ വർക്ക് ഒരു പ്രായോഗിക ശാസ്ത്രമാണ് (Applied Science). തത്വശാസ്ത്രപരമായ അറിവുകൾക്കൊപ്പം തന്നെ പ്രാക്ടിക്കൽ ഫീൽഡ് വർക്കുകൾക്കും പ്രാധാന്യം നൽകുന്ന ഒന്നാണ് ഇതിന്റെ പാഠ്യപദ്ധതി. എന്നാൽ പലപ്പോഴും സർവകലാശാലകളുടെ പരമ്പരാഗത ചട്ടക്കൂടുകൾക്കുള്ളിൽ നിന്ന് കൊണ്ട് മാറുന്ന സാമൂഹിക സാഹചര്യങ്ങൾക്ക് അനുയോജ്യമായി ബോധനരീതികൾ മാറ്റിമറിക്കാൻ അക്കാദമിക് സമൂഹത്തിന് വെല്ലുവിളികൾ നേരിടേണ്ടി വന്നിട്ടുണ്ട്. കളമശ്ശേരി മോഡൽ തുടക്കത്തിൽ കൊണ്ടുവന്ന ശാസ്ത്രീയ അടിത്തറയെ പുതിയ കാലത്തിന്റെ ആവശ്യങ്ങളായ ദുരന്ത നിവാരണം, ജെറിയാട്രിക് കെയർ (വയോജന പരിപാലനം), ഡിജിറ്റൽ/സൈബർ സോഷ്യൽ വർക്ക്, മാനസികാരോഗ്യം, പരിസ്ഥിതി സൗഹൃദ വികസനം (Eco-Social Work) തുടങ്ങിയ മേഖലകളിലേക്ക് കൂടുതൽ വ്യാപിപ്പിക്കേണ്ടതുണ്ട്. ഡോക്ടർ ജോസ് ആന്റണിയെപ്പോലുള്ള വിദഗ്ധരുടെ നേതൃത്വത്തിൽ രൂപീകൃതമായ ഈ കൗൺസിലിന്റെ പ്രവർത്തനങ്ങളിലൂടെ ഇത്തരം അക്കാദമിക് വിടവുകൾ നികത്താൻ സാധിക്കുമെന്നത് ഉറപ്പാണ്.
അതിവേഗം മാറിമറിയുന്ന ഇന്നത്തെ ലോകത്ത് പ്രൊഫഷണൽ സോഷ്യൽ വർക്കർമാരുടെ സേവനം വികസന പദ്ധതികൾക്കും ക്ഷേമ പ്രവർത്തനങ്ങൾക്കും ഒഴിച്ചുകൂടാനാവാത്തതാണ്. എന്നാൽ ആയിരക്കണക്കിന് ബിരുദധാരികൾ പുറത്തിറങ്ങുമ്പോഴും കൃത്യമായ ലൈസൻസിംഗ് സംവിധാനത്തിന്റെ അഭാവം, ഫീൽഡ് വർക്ക് സൂപ്പർവിഷനിലെ ഗുണനിലവാര തകർച്ച, കമേഴ്സ്യലൈസേഷൻ മൂലം ബോധനരീതിയിലുണ്ടാകുന്ന പോരായ്മകൾ എന്നിവ ഈ മേഖല നേരിടുന്ന പ്രധാന തടസ്സങ്ങളാണ്. മെഡിക്കൽ, ലീഗൽ മേഖലകളെപ്പോലെ തന്നെ സോഷ്യൽ വർക്കിലും ഒരു കൗൺസിലോ ലൈസൻസിംഗ് ബോർഡോ നിലവിൽ വരേണ്ടതുണ്ട്. ഈ ഉന്നതതല സമിതിക്ക് ഇത്തരം പ്രശ്നങ്ങളെ തൊട്ടുരുമ്മി സമഗ്രമായ നിർദ്ദേശങ്ങൾ സർക്കാരിന് മുന്നിൽ വെക്കാൻ സാധിക്കും.
ഏറ്റവും പ്രധാനമായി, പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങൾ (LSGs), വികസന നയരൂപീകരണങ്ങൾ, സോഷ്യൽ ഓഡിറ്റിംഗ് എന്നിവയുമായി സോഷ്യൽ വർക്ക് വകുപ്പുകളെ എങ്ങനെ കൂടുതൽ ഫലപ്രദമായി ബന്ധിപ്പിക്കാം എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നൽകാൻ ഈ ഉദ്യമത്തിന് കഴിയും. ആറായിരത്തോളം വരുന്ന യുവ പ്രൊഫഷണലുകളുടെ അക്കാദമിക് ശേഷിയെ സംസ്ഥാനത്തിന്റെ നയരൂപീകരണ പ്രക്രിയകളിൽ സജീവമായി ഉപയോഗപ്പെടുത്താൻ കഴിഞ്ഞാൽ അത് നവയുഗ കേരളത്തിന്റെ പുരോഗതിക്ക് വൻ കരുത്താകും. ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ ഈ സമിതി കേവലം ഒരു അവലോകനത്തിൽ മാത്രം ഒതുങ്ങാതെ, വിപ്ലവകരമായ ബോധനരീതികൾക്കും പ്രായോഗിക മാറ്റങ്ങൾക്കും വഴി തുറക്കുമെന്നതിൽ സംശയമില്ല.
ചുരുക്കത്തിൽ, കേരളത്തിലെ സോഷ്യൽ വർക്ക് വിദ്യാഭ്യാസത്തിന്റെ ചരിത്രപരമായ പാരമ്പര്യത്തെ മാനിച്ച്, വർത്തമാനകാലത്തെ പോരായ്മകൾ പരിഹരിച്ച്, കൂടുതൽ തെളിവധിഷ്ഠിതവും (Evidence-based) അന്താരാഷ്ട്ര നിലവാരമുള്ളതുമായ ഒരു ഭാവി സൃഷ്ടിക്കാൻ ഈ കമ്മിറ്റിയുടെ ആവിർഭാവം ഉപകരിക്കും. നവയുഗ കേരളത്തിന്റെ നിർമ്മിതിക്കായി വിദ്യാഭ്യാസ-സാമൂഹിക മേഖലകളിൽ നവീകരണത്തിന്റെ പുതിയ പാതകൾ വെട്ടിത്തുറക്കുന്ന സംസ്ഥാന സർക്കാരിന്റെയും ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെയും ഈ ദൂരദർശിത്വമുള്ള നടപടി സർവ്വഥാ പ്രശംസനീയമാണ്. ശാസ്ത്രീയവും പ്രൊഫഷണലുമായ ഒരു ജനകീയ ഭാവി കെട്ടിപ്പടുക്കാൻ സർക്കാർ നടത്തുന്ന ഇത്തരം പ്രതിജ്ഞാബദ്ധമായ ഇടപെടലുകൾക്ക് സോഷ്യൽ വർക്ക് അക്കാദമിക് സമൂഹത്തിന്റെ എല്ലാവിധ പിന്തുണയും ഉണ്ടാകട്ടെ.
(മൂവാറ്റുപുഴ നിർമ്മല കോളേജിലെ സാമൂഹ്യ പ്രവർത്തന വിഭാഗം അസി. പ്രഫസറും സ്മാർട്ട് ഇന്ത്യാ ഫൗണ്ടേഷൻ എന്ന സന്നദ്ധ സംഘടനയുടെ സഹസ്ഥാപകനും ആണ് ലേഖകൻ)
