ഒട്ടാവ: കാനഡയിലെ സാധാരണക്കാരായ കുടുംബങ്ങൾക്ക് വലിയ ആശ്വാസം നൽകുന്ന സാമ്പത്തിക പാക്കേജുമായി പ്രധാനമന്ത്രി മാർക്ക് കാർണി രംഗത്തെത്തി. നിലവിലുള്ള ഗുഡ്സ് ആൻഡ് സർവീസസ് ടാക്സ് (GST) ക്രെഡിറ്റിനെ ‘കാനഡ ഗ്രോസറീസ് ആൻഡ് എസൻഷ്യൽസ് ബെനഫിറ്റ്’ (Canada Groceries and Essentials Benefit) എന്ന് പുനർനാമകരണം ചെയ്തുകൊണ്ടാണ് ഈ പുതിയ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. 1.2 കോടിയിലധികം കനേഡിയൻ പൗരന്മാർക്ക് നേരിട്ട് പ്രയോജനം ലഭിക്കുന്ന ഈ പദ്ധതി, രാജ്യത്തെ വർദ്ധിച്ചുവരുന്ന ജീവിതച്ചെലവിനെ പ്രതിരോധിക്കാനാണ് ലക്ഷ്യമിടുന്നത്.
പുതിയ പ്രഖ്യാപനം അനുസരിച്ച്, 2026 ജൂലൈ മുതൽ അടുത്ത അഞ്ച് വർഷത്തേക്ക് ആനുകൂല്യ തുകയിൽ 25 ശതമാനം വർദ്ധനവ് സ്ഥിരമായി വരുത്തും. ഇതിനു പുറമെ, നിലവിലെ സാമ്പത്തിക സമ്മർദ്ദം പരിഗണിച്ച് ഈ വർഷം ഒരു തവണത്തേക്ക് മാത്രമായി (one-time payment) തുകയിൽ 50 ശതമാനം വർദ്ധനവ് കൂടി സർക്കാർ അനുവദിക്കും. ഇതോടെ പണപ്പെരുപ്പവും ഭക്ഷ്യവിലക്കയറ്റവും മൂലം ബുദ്ധിമുട്ടുന്ന താഴ്ന്ന വരുമാനക്കാർക്കും ഇടത്തരക്കാർക്കും ഗണ്യമായ സാമ്പത്തിക സഹായം ഉറപ്പാക്കാൻ സർക്കാരിന് സാധിക്കും.
ഈ വർദ്ധനവിലൂടെ നാലംഗങ്ങളുള്ള ഒരു കുടുംബത്തിന് ഈ വർഷം ആകെ $1,890 വരെ ആനുകൂല്യമായി ലഭിക്കും. തുടർന്നുളള നാല് വർഷങ്ങളിൽ പ്രതിവർഷം ഏകദേശം $1,400 വീതവും ഇവർക്ക് ലഭിക്കും. ഒറ്റയ്ക്ക് താമസിക്കുന്ന വ്യക്തികൾക്ക് ഈ വർഷം $950 വരെയും അടുത്ത നാല് വർഷങ്ങളിൽ പ്രതിവർഷം ഏകദേശം $700 വീതവുമാണ് ലഭിക്കുക. ഭക്ഷണസാധനങ്ങളുടെയും മറ്റ് അവശ്യവസ്തുക്കളുടെയും വില നിയന്ത്രിക്കാൻ കാർണി സർക്കാർ നടപ്പിലാക്കുന്ന വിപുലമായ പദ്ധതികളുടെ ഭാഗമാണിതെന്ന് അധികൃതർ വ്യക്തമാക്കി.
ഭക്ഷ്യബാങ്കുകൾക്ക് ധനസഹായം: ലോക്കൽ ഫുഡ് ഇൻഫ്രാസ്ട്രക്ചർ ഫണ്ടിലേക്ക് 20 ദശലക്ഷം ഡോളർ അനുവദിച്ചു. വർദ്ധിച്ചുവരുന്ന ഭക്ഷണാവശ്യങ്ങൾ നിറവേറ്റാൻ ഇത് ഭക്ഷ്യബാങ്കുകളെ സഹായിക്കും. ഭക്ഷണസാധനങ്ങളുടെ വില ഉയർത്താതെ തന്നെ വിതരണ ശൃംഖലയിലെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ ബിസിനസ്സുകളെ സഹായിക്കുന്നതിനായി ‘സ്ട്രാറ്റജിക് റെസ്പോൺസ് ഫണ്ടിൽ’ നിന്ന് തുക നീക്കിവച്ചു. ആഭ്യന്തര ഭക്ഷ്യോല്പാദനം വർദ്ധിപ്പിക്കുന്നതിനായി ഒരു പുതിയ ദേശീയ ഭക്ഷ്യസുരക്ഷാ സ്ട്രാറ്റജി വികസിപ്പിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു.
