ഒന്റാറിയോയിൽ പൊതു ഗതാഗത സംവിധാനത്തിൽ നിർണായക മാറ്റത്തിന് വഴിയൊരുക്കുന്ന പുതിയ നിർദേശം സർക്കാർ മുന്നോട്ടുവെച്ചിരിക്കുന്നു. One Fare 2.0 എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ പദ്ധതി ഗ്രേറ്റർ ടൊറോണ്ടോ മുതൽ ഹാമിൽട്ടൺ ഏരിയ (GTHA) യിലെ വിവിധ ഗതാഗത ഏജൻസികൾക്കിടയിൽ ഏകീകൃത നിരക്ക് ഘടന നടപ്പാക്കാൻ ലക്ഷ്യമിട്ടുള്ളതാണ്.
2026 മാർച്ച് 30-ന് പ്രഖ്യാപിച്ച ഈ നിർദേശം പ്രകാരം TTC, GO Transit, Brampton Transit, Durham Region Transit, MiWay, York Region Transit തുടങ്ങിയ പ്രദേശങ്ങളിലെ ഗതാഗത സംവിധാനങ്ങളോടൊപ്പം ഹാമിൽട്ടൺ, ഹാൾട്ടൺ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെ ഗതാഗത ഏജൻസികൾ ഒരേ നിരക്ക്, ഡിസ്കൗണ്ടുകൾ, സൗജന്യ ട്രാൻസ്ഫറുകൾ എന്നിവ സ്വീകരിക്കണമെന്നാണ് നിർദ്ദേശിച്ചിരിക്കുന്നത്. ഇത് യാത്രക്കാർക്ക് ഒരു ഏരിയയിൽ നിന്ന് മറ്റൊന്നിലേക്ക് മാറുമ്പോൾ രണ്ട് നിരക്ക് നൽകേണ്ട സാഹചര്യം പൂർണമായും ഒഴിവാക്കും.
നിലവിലെ One Fare പദ്ധതി 2024 ഫെബ്രുവരിയിൽ ആരംഭിച്ചതിന് ശേഷം, യാത്രക്കാർ PRESTO കാർഡ്, ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് അല്ലെങ്കിൽ മൊബൈൽ വാലറ്റ് ഉപയോഗിച്ച് യാത്ര ചെയ്യുമ്പോൾ രണ്ട് മണിക്കൂർ ഫ്രീ ട്രാൻസ്ഫർ സൗകര്യം നിലവിലുണ്ട്. പുതിയ One Fare 2.0ം പദ്ധതിയിലൂടെ ഈ സൗകര്യം കൂടുതൽ വിശാലമാക്കി കൂടുതൽ പ്രദേശങ്ങളിലേക്ക് ഏകീകൃത ഫെയർ സിസ്റ്റം യാഥാർത്ഥ്യമാക്കും.
യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദവും താങ്ങാവുന്നതുമായ ഗതാഗത സൗകര്യം ലഭ്യമാക്കി, പൊതു ഗതാഗതത്തിന്റെ ഉപയോഗം വർധിപ്പിച്ചുട്രാഫിക് തിരക്ക് കുറയ്ക്കാനും കൂടി ലക്ഷ്യമിട്ടുള്ളതാണ് സർക്കാരിന്റെ ഈ പുതിയ പദ്ധതി.
ഈ മാറ്റത്തോടൊപ്പം GO Transit-ൽ ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്യുന്നവർക്കുള്ള പിഴ ഗണ്യമായി വർധിപ്പിക്കാനുള്ള നിർദേശവും സർക്കാർ മുന്നോട്ടുവെച്ചിട്ടുണ്ട്. ടിക്കറ്റ് ചാർജ് കൊടുക്കാതെ ഈ യാത്ര ചെയ്യുന്നത് തടയാൻ ലക്ഷ്യമിട്ടുള്ള ഈ നടപടി സംവിധാനത്തിന്റെ സുസ്ഥിരത ഉറപ്പാക്കും.
യാത്രക്കാർക്ക് വലിയ ആശ്വാസമേകുന്ന ഈ പദ്ധതി നടപ്പിലാക്കാൻ ആവശ്യമായ നിയമപരമായ നടപടികൾ ഉടൻ പ്രതീക്ഷിക്കുന്നു. ടൊറോണ്ടോ ഉൾപ്പെടെയുള്ള GTHA പ്രദേശത്തെ ദൈനംദിന യാത്രകൾ കൂടുതൽ എളുപ്പവും ചെലവ് കുറഞ്ഞതുമാക്കി മാറ്റുന്നതിന് ഈ നിർദേശം സഹായകമാകുമെന്നാണ് പ്രതീക്ഷ.



