ടൊറന്റോ: ടൊറന്റോ ഐലൻഡുകളിലേക്കുള്ള ഫെറി യാത്രകൾക്കായി വ്യാജ ടിക്കറ്റുകൾ വിൽക്കുന്ന തട്ടിപ്പ് വെബ്സൈറ്റുകൾക്കെതിരെ ജാഗ്രതാ നിർദേശവുമായി നഗരഭരണകൂടം. നഗരസഭയുടേതിന് സമാനമായ വ്യാജ പോർട്ടലുകൾ നിർമിച്ച് യാത്രികരുടെ പണവും ക്രെഡിറ്റ് കാർഡ് വിവരങ്ങളും വ്യക്തിഗത വിവരങ്ങളും ചോർത്തുന്നതായി പരാതികൾ ഉയർന്നതിനെ തുടർന്നാണ് അധികൃതർ അടിയന്തര മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. ടൊറന്റോ നഗരസഭയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി മാത്രമേ ഫെറി ടിക്കറ്റുകൾ വാങ്ങാവൂ എന്നും വ്യാജ ലിങ്കുകളിൽ കുടുങ്ങരുതെന്നും അധികൃതർ പൊതുജനങ്ങളെ ഓർമിപ്പിച്ചു.
ഓഗസ്റ്റ് മാസത്തിൽ കുട്ടികൾക്കും യുവാക്കൾക്കും മുതിർന്ന പൗരന്മാർക്കും സൗജന്യ ഫെറി യാത്ര പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇത്തരം ഓൺലൈൻ തട്ടിപ്പുകൾ വ്യാപകമായത്. ബില്ലി ബിഷപ്പ് വിമാനത്താവള വികസനവുമായി ബന്ധപ്പെട്ട തർക്കങ്ങൾക്ക് ശേഷമുള്ള വാട്ടർഫ്രണ്ട് വിജയത്തിന്റെ പശ്ചാത്തലത്തിലും, കൂടുതൽ ആളുകൾക്ക് ടൊറന്റോ ഐലൻഡുകളുടെ ഭംഗി ആസ്വദിക്കാനുള്ള അവസരം ഒരുക്കുന്നതിനുമാണ് ഓഗസ്റ്റിൽ സൗജന്യ യാത്രാ പദ്ധതിക്ക് സിറ്റി കൗൺസിൽ അംഗീകാരം നൽകിയത്. ഈ സാഹചര്യം മുതലെടുത്താണ് തട്ടിപ്പുകാർ വ്യാജ വെബ്സൈറ്റുകളിലൂടെ വ്യാജ ടിക്കറ്റുകൾ വിറ്റഴിച്ച് ജനങ്ങളെ കബളിപ്പിക്കുന്നത്.
ഏകദേശം 9.4 ലക്ഷം കാനഡ ഡോളർ ചെലവ് പ്രതീക്ഷിക്കുന്ന ഈ സൗജന്യ യാത്രാ പദ്ധതിക്കായി സാധാരണക്കാരുടെ നികുതിപ്പണം ഉപയോഗിക്കുന്നില്ലെന്ന് മേയർ ഒലിവിയ ചൗവും കൗൺസിലർമാരും വ്യക്തമാക്കി. റിയൽ എസ്റ്റേറ്റ് ഡെവലപ്പർമാരിൽ നിന്ന് കമ്മ്യൂണിറ്റി വികസന ആവശ്യങ്ങൾക്കായി ശേഖരിക്കുന്ന സെക്ഷൻ 37 ഫണ്ടിൽ നിന്നാണ് ഈ തുക കണ്ടെത്തുന്നത്. ടിക്കറ്റുകൾ ബുക്ക് ചെയ്യുമ്പോൾ ഡിജിറ്റൽ സുരക്ഷിതത്വം ഉറപ്പാക്കണമെന്നും ഔദ്യോഗിക ചാനലുകൾ മാത്രം ഉപയോഗിക്കണമെന്നും സിറ്റി ഭരണകൂടം ആവർത്തിച്ച് അഭ്യർത്ഥിച്ചു.



