മോൺട്രിയൽ, കാനഡ: കത്തോലിക്കാ സഭയിലെ പ്രമുഖനായ കർദ്ദിനാൾ മാർക് ഔലറ്റിനെതിരെ ലൈംഗിക അതിക്രമ ആരോപണം ഉന്നയിച്ച വനിതയ്ക്ക് കോടതി വൻ തുക പിഴ ചുമത്തി. കർദ്ദിനാൾ നൽകിയ അപകീർത്തിക്കേസിലാണ് ക്യൂബെക്ക് സുപ്പീരിയർ കോടതി ജഡ്ജി മാർട്ടിൻ കാസ്റ്റൺഗ്വേ വിധി പ്രസ്താവിച്ചത്. കർദ്ദിനാളിന്റെ അന്തസ്സിനും അന്താരാഷ്ട്ര തലത്തിലുള്ള സൽപേരിനും കളങ്കമുണ്ടാക്കാൻ മനഃപൂർവം ശ്രമിച്ചുവെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ആരോപണം ഉന്നയിച്ച പമേല ഗ്രോലുവിനോട് 1,0,000 കനേഡിയൻ ഡോളർ കർദ്ദിനാളിന് നഷ്ടപരിഹാരമായി നൽകാൻ കോടതി ഉത്തരവിടുകയായിരുന്നു. 2022-ൽ ക്യൂബെക്ക് അതിരൂപതയിലെ അംഗങ്ങൾക്കെതിരെ നൽകിയ ഒരു കൂട്ടായ ഹർജിയിലാണ് (ക്ലാസ്-ആക്ഷൻ ലോസ്യൂട്ട്) പമേല ഗ്രോലു കർദ്ദിനാളിന്റെ പേര് ആദ്യമായി പരസ്യപ്പെടുത്തിയത്. എന്നാൽ ഈ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ചൂണ്ടിക്കാട്ടി കർദ്ദിനാൾ ഔലറ്റ് അപകീർത്തിക്കേസ് ഫയൽ ചെയ്യുകയായിരുന്നു.
പമേല ഗ്രോലു കോടതിയിൽ നൽകിയ മൊഴികളിലും വിവരണങ്ങളിലും വിശ്വസനീയതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് മാർട്ടിൻ കാസ്റ്റൺഗ്വേ കേസ് തള്ളിയത്. തന്റെ 52 പേജുള്ള വിധിന്യായത്തിൽ, പമേല കർദ്ദിനാളിനോട് തികച്ചും വിവേചനരഹിതമായും വൈരാഗ്യബുദ്ധിയോടെയുമാണ് പെരുമാറിയതെന്ന് ജഡ്ജി വ്യക്തമാക്കുന്നു. വത്തിക്കാനിൽ ഫ്രാൻസിസ് മാർപാപ്പയ്ക്ക് നൽകിയ പരാതി തള്ളപ്പെട്ടതിനെത്തുടർന്നുള്ള വ്യക്തിപരമായ അതൃപ്തിയാണ് കാനഡയിലെ ക്യൂബെക്ക് പ്രൊവിൻസിൽ വച്ച് നടന്നുവെന്ന് പറയുന്ന സംഭവത്തെ മാധ്യമശ്രദ്ധ നേടാനായി പമേല മാറ്റിയെഴുതിയതിന് പിന്നിലെന്നും കോടതി കണ്ടെത്തി. വിചാരണ വേളയിൽ ഉന്നയിക്കപ്പെട്ട ആരോപണങ്ങളിലെ ഒരൊറ്റ സംഭവത്തിൽ മാത്രമാണ് പമേല ഉറച്ചുനിന്നതെന്നും, എന്നാൽ മുൻപ് നൽകിയ മൊഴികളിൽ നിന്നും വ്യത്യസ്തമായി പൊതുജനശ്രദ്ധ ആകർഷിക്കാൻ വേണ്ടി ബോധപൂർവം മൊഴി മാറ്റുകയായിരുന്നുവെന്നും തെളിവുകൾ സഹിതം വിധിയിൽ പ്രതിപാദിക്കുന്നുണ്ട്.
ഒരു വ്യക്തിക്കെതിരെ അപകീർത്തികരമായ ആരോപണം ഉന്നയിക്കുന്നതിന് അടിസ്ഥാനമായി മാറുന്ന കള്ളപ്രചാരണം, ദുരുദ്ദേശ്യം, വസ്തുതാവിരുദ്ധത തുടങ്ങിയ എല്ലാ ഘടകങ്ങളും പമേലയുടെ ഭാഗത്തുനിന്ന് ഉണ്ടായതായി കോടതി നിരീക്ഷിച്ചു. ക്യൂബെക്ക് അതിരൂപതയിൽ മുൻപ് സേവനമനുഷ്ഠിച്ചിരുന്ന വേളയിൽ 2008-നും 2010-നും ഇടയിൽ കർദ്ദിനാൾ തന്നോട് മോശമായി പെരുമാറിയെന്നായിരുന്നു പമേലയുടെ ആരോപണം. ഈ കേസിലെ വിധി പുറത്തുവന്നതിനു പിന്നാലെ കർദ്ദിനാൾ മാർക് ഔലറ്റിന്റെ അഭിഭാഷകരായ എൽ.സി.എം അവോക്കാറ്റ്സ് കോടതി വിധിയെ സ്വാഗതം ചെയ്തു. കർദ്ദിനാൾ നേരിട്ട വലിയ അനീതിക്ക് ഒടുവിൽ നിയമപരമായ പരിഹാരമുണ്ടായതിൽ തങ്ങൾ സന്തുഷ്ടരാണെന്ന് അവർ പ്രസ്താവനയിലൂടെ അറിയിച്ചു. കോടതി വിധിയിലൂടെ ലഭിക്കുന്ന ഒരു ലക്ഷം ഡോളറിന്റെ പൂർണ്ണ തുകയും കാനഡയിലെ ആദിവാസി വിഭാഗങ്ങളിൽപ്പെട്ടവർ നേരിടുന്ന ലൈംഗിക അതിക്രമങ്ങൾക്കെതിരെയുള്ള പോരാട്ടങ്ങൾക്കായി സംഭാവന ചെയ്യുമെന്ന് കർദ്ദിനാൾ ഔലറ്റ് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം പമേല ഗ്രോലുവിൻ്റെ അഭിഭാഷകർ വിധിയോട് പ്രതികരിക്കാനോ മേൽക്കോടതിയിൽ അപ്പീൽ നൽകുമോ എന്ന കാര്യത്തിൽ വ്യക്തത വരുത്താനോ തയ്യാറായിട്ടില്ല.



