ടൊറന്റോ, കാനഡ: ലോകസിനിമാ പ്രേമികൾ ആകാംഷയോടെ കാത്തിരുന്ന ടൊറന്റോ രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് (TIFF 2026) കാനഡയിലെ ഒന്റാറിയോ പ്രൊവിൻസിൽ തുടക്കമായി. സെപ്റ്റംബർ 10 മുതൽ 20 വരെ പത്തു ദിവസങ്ങളിലായി നടക്കുന്ന മേളയിൽ ലോകമെമ്പാടുമുള്ള 293 സിനിമകൾ പ്രദർശിപ്പിക്കും. ഇതിൽ അറുപതിലധികം ചിത്രങ്ങളുടെ ആഗോള പ്രീമിയറാണ് (World Premiere) മേളയുടെ പ്രധാന ആകർഷണം. സംവിധായിക സിയാൻ ഹെഡറിന്റെ ‘ബീയിംഗ് ഹ്യൂമൻ’ എന്ന ചിത്രത്തിന്റെ വേൾഡ് പ്രീമിയറോടെയാണ് ഫെസ്റ്റിവലിന് ഔദ്യോഗികമായി തിരശ്ശീല ഉയർന്നത്. പ്രിൻസസ് ഓഫ് വെയിൽസ് തിയേറ്ററിൽ തിങ്ങിനിറഞ്ഞ സദസ്സിലായിരുന്നു ഉദ്ഘാടന പ്രദർശനം.
മേളയുടെ ഭാഗമായി ഹോളിവുഡ് താരനിരയടക്കം എണ്ണൂറോളം പ്രമുഖ ചലച്ചിത്ര പ്രവർത്തകരാണ് ടൊറന്റോയിൽ എത്തിച്ചേരുന്നത്. സേത്ത് റോഗൻ, ചാനിംഗ് ടാറ്റം, ജാവിയർ ബാർഡെം, കെന്നത്ത് ബ്രാനാഗ്, ക്രിസ് റോക്ക്, ഗെഡി ലീ തുടങ്ങിയ ലോകോത്തര താരങ്ങളുടെ സാന്നിധ്യം മേളയ്ക്ക് വലിയ താരപ്പകിട്ടേകും. റോയ് തോംസൺ ഹാൾ, സ്കോട്ടിയാബാങ്ക് തിയേറ്റർ ഉൾപ്പെടെ നഗരത്തിലെ ഏഴ് പ്രധാന വേദികളിലായാണ് ചലച്ചിത്ര പ്രദർശനങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. പ്രിൻസസ് ഓഫ് വെയിൽസ് തിയേറ്റർ, റോയൽ അലക്സാണ്ട്ര തിയേറ്റർ എന്നിവയ്ക്ക് പുറത്ത് റെഡ് കാർപെറ്റിൽ താരങ്ങളെ നേരിൽ കാണാൻ വിപുലമായ ഫാൻ സോണുകളും സജ്ജീകരിച്ചിട്ടുണ്ട്.
ഫെസ്റ്റിവലിന്റെ ഭാഗമായി സെപ്റ്റംബർ 11 മുതൽ 13 വരെ കിങ് സ്ട്രീറ്റിൽ ‘ഫെസ്റ്റിവൽ സ്ട്രീറ്റ്’ എന്ന പേരിൽ സൗജന്യ പൊതു ആഘോഷങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. തത്സമയ സംഗീത പരിപാടികൾ, കലാപ്രദർശനങ്ങൾ, തെരുവ് പ്രദർശനങ്ങൾ, ഭക്ഷണ ശാലകൾ എന്നിവ ഇതിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. പ്രദർശനങ്ങൾക്കായുള്ള ജനറൽ ടിക്കറ്റ് നിരക്കുകൾ 28 മുതൽ 48 ഡോളർ വരെയാണ്. പ്രീമിയർ ടിക്കറ്റുകൾ വിറ്റഴിഞ്ഞ പ്രധാന ഷോകൾക്കായി അവസാന നിമിഷം ടിക്കറ്റ് ലഭ്യമാക്കുന്ന റഷ് ലൈൻ സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്.
മേളയുടെ പശ്ചാത്തലത്തിൽ ടൊറന്റോയിലെ എന്റർടൈൻമെന്റ് ഡിസ്ട്രിക്റ്റിൽ വിപുലമായ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. കിങ് സ്ട്രീറ്റ് വെസ്റ്റ്, സിംകോ സ്ട്രീറ്റ്, ജോൺ സ്ട്രീറ്റ് ഉൾപ്പെടെയുള്ള പ്രധാന നിരത്തുകൾ സെപ്റ്റംബർ 14 വരെ പൂർണമായോ ഭാഗികമായോ അടച്ചിടും. യോർക്ക്വിൽ അവന്യൂവിലും പ്രത്യേക നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. റോഡ് നിയന്ത്രണങ്ങൾ കണക്കിലെടുത്ത് പൊതുഗതാഗത സംവിധാനമായ ടിടിസി (TTC) സ്ട്രീറ്റ് കാർ സർവീസുകളിൽ ആവശ്യമായ റൂട്ട് മാറ്റങ്ങളും വരുത്തിയിട്ടുണ്ട്.
