ലണ്ടൻ, ഒന്റാറിയോ: സെന്റ് ജോസഫ്സ് ഹെൽത്ത് കെയർ ലണ്ടനിൽ 120 നഴ്സുമാരെയും മുൻനിര ആരോഗ്യ പ്രവർത്തകരെയും പിരിച്ചുവിടാനുള്ള തീരുമാനത്തിനെതിരെ ഒന്റാറിയോ പ്രീമിയർ ഡഗ് ഫോർഡിന് ലണ്ടൻ ഒന്റാറിയോ മലയാളി അസോസിയേഷന്റെ (LOMA) അടിയന്തര കത്ത്. ഒക്ടോബർ 17-ന് അയച്ച കത്തിൽ, ഈ നടപടിയിലുള്ള കടുത്ത ആശങ്ക ലണ്ടനിലെയും തെക്കുപടിഞ്ഞാറൻ ഒന്റാറിയോയിലെയും മലയാളി സമൂഹത്തെ പ്രതിനിധീകരിച്ച് അസോസിയേഷൻ പ്രീമിയറെ അറിയിച്ചു. ഒന്റാറിയോയിലെ ആരോഗ്യമേഖലയിൽ നിർണായക പങ്കുവഹിക്കുന്നവരാണ് മലയാളി നഴ്സുമാർ എന്നും, കോവിഡ് മഹാമാരിയുടെ കാലത്തടക്കം ഇവർ നടത്തിയ നിസ്വാർത്ഥ സേവനങ്ങൾ കത്തിൽ പ്രത്യേകം ചൂണ്ടിക്കാട്ടുന്നു. ഈ അപ്രതീക്ഷിത പിരിച്ചുവിടൽ ഒട്ടേറെ മലയാളി കുടുംബങ്ങളുടെ വരുമാനം നിലയ്ക്കുന്നതിനും ഭവനവായ്പ തിരിച്ചടവുകൾ മുടങ്ങുന്നതുൾപ്പെടെയുള്ള സാമ്പത്തിക പ്രതിസന്ധികൾക്കും മാനസിക സംഘർഷങ്ങൾക്കും കാരണമാകുമെന്ന് കത്തിൽ പറയുന്നു.
കൂടാതെ, 120 നഴ്സിംഗ് തസ്തികകൾ വെട്ടിക്കുറയ്ക്കുന്നത് നിലവിലുള്ള ജീവനക്കാരുടെ ജോലിഭാരം വർദ്ധിപ്പിക്കുമെന്നും പ്രാദേശിക ആരോഗ്യ കേന്ദ്രങ്ങളിൽ രോഗികളുടെ കാത്തിരിപ്പ് സമയം നീളാൻ കാരണമാകുമെന്നും കത്തിൽ മുന്നറിയിപ്പ് നൽകുന്നു. ആരോഗ്യമേഖലയിൽ ജീവനക്കാരുടെ കടുത്ത ക്ഷാമം നേരിടുന്ന ഈ സമയത്ത് ഇത്തരം നടപടികൾ വഴി മികച്ച പരിശീലനം ലഭിച്ച ആരോഗ്യ പ്രവർത്തകരെ പൊതുജനാരോഗ്യ ശൃംഖലയിൽ നിന്ന് പുറത്താക്കുകയാണെന്നും അസോസിയേഷൻ ചൂണ്ടിക്കാട്ടി. ആശുപത്രികൾ നേരിടുന്ന സാമ്പത്തിക ബുദ്ധിമുട്ടുകൾ മനസ്സിലാക്കുന്നുണ്ടെങ്കിലും, മുൻനിര നഴ്സുമാരെ പിരിച്ചുവിടുന്നതിന് പകരം പ്രീമിയറും ആരോഗ്യ മന്ത്രാലയവും അടിയന്തരമായി ഈ വിഷയത്തിൽ ഇടപെടണമെന്നാണ് പ്രധാന ആവശ്യം. സെന്റ് ജോസഫ്സ് ഹെൽത്ത് കെയർ അധികൃതരുമായി ചർച്ച നടത്തി പിരിച്ചുവിടൽ ഒഴിവാക്കാനോ ലഘൂകരിക്കാനോ ഉള്ള സാമ്പത്തിക സഹായങ്ങളോ മറ്റ് ബദൽ മാർഗ്ഗങ്ങളോ കണ്ടെത്തണമെന്നും ലോമ (LOMA) അഭ്യർത്ഥിച്ചു.
