ബ്രിട്ടീഷ് ശസ്ത്രക്രിയാ വിദഗ്ധനും മുൻ പാരാലിമ്പിക് സ്പ്രിന്ററുമായ ജോൺ മക്ഫാൾ എന്ന 43 വയസ്സുകാരൻ ബഹിരാകാശ പര്യവേക്ഷണത്തിൽ ഒരു നാഴികക്കല്ല് സൃഷ്ടിക്കാൻ ഒരുങ്ങുകയാണ്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ഐഎസ്എസ്) ദീർഘകാല ദൗത്യത്തിനായി അദ്ദേഹത്തിന് മെഡിക്കൽ അനുമതി ലഭിച്ചു. യൂറോപ്യൻ ബഹിരാകാശ ഏജൻസി (ഇഎസ്എ) 2025 ഫെബ്രുവരി 14-ന് ഈ ചരിത്രപരമാവാൻ പോകുന്ന നേട്ടം പ്രഖ്യാപിച്ചു. ശാരീരിക വൈകല്യമുള്ള ആദ്യ ബഹിരാകാശയാത്രികനായി ബഹിരാകാശ ദൗത്യത്തിൽ പങ്കെടുക്കാൻ ഇത് മക്ഫാളിന് വഴിയൊരുക്കുന്നു.
19-ാം വയസ്സിൽ ഒരു മോട്ടോർസൈക്കിൾ അപകടത്തിൽ വലതുകാൽ മുട്ടിന് മുകളിൽ നഷ്ടപ്പെട്ട മക്ഫാൾ, ഈ നേട്ടം കൈവരിക്കാൻ വലിയ വെല്ലുവിളികളാണ് അതിജീവിക്കേണ്ടി വന്നത്. അപകടത്തിനുശേഷം, കൃത്രിമ അവയവം ഉപയോഗിച്ച് വീണ്ടും ഓടാൻ പഠിച്ച അദ്ദേഹം പാരാലിമ്പിക് അത്ലറ്റായി വിജയകരമായ കരിയർ കെട്ടിപ്പടുത്തു. ബെയ്ജിങ്ങിൽ നടന്ന 2008 ലെ പാരാലിമ്പിക്സിൽ 100 മീറ്റർ സ്പ്രിന്റിൽ വെങ്കല മെഡൽ നേടി.
കായികരംഗം വിട്ടതിന് ശേഷം മക്ഫാൾ വൈദ്യശാസ്ത്രത്തിൽ കരിയർ തിരഞ്ഞെടുത്തു. 2014-ൽ കാർഡിഫ് യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് മെഡിസിനിൽ നിന്ന് മെഡിസിനിലും സർജറിയിലും ബിരുദം നേടിയ അദ്ദേഹം 2016-ൽ റോയൽ കോളേജ് ഓഫ് സർജൻസിലെ അംഗമായി. നിലവിൽ ഇംഗ്ലണ്ടിന്റെ തെക്കൻ മേഖലയിൽ ട്രോമ ആൻഡ് ഓർത്തോപീഡിക് സ്പെഷ്യലിസ്റ്റ് രജിസ്ട്രാറായി ജോലി ചെയ്യുന്നു.
2022 നവംബറിൽ, ശാരീരിക വൈകല്യമുള്ള ബഹിരാകാശയാത്രികർക്ക് നേരിടേണ്ടിവരുന്ന തടസ്സങ്ങൾ മനസ്സിലാക്കാനും അതിജീവിക്കാനും ലക്ഷ്യമിടുന്ന “ഫ്ലൈ!” സാധ്യതാ പഠനത്തിൽ പങ്കെടുക്കാൻ ഇഎസ്എ (യൂറോപ്യൻ സ്പേസ് ഏജൻസി) മക്ഫാളിനെ തങ്ങളുടെ ബഹിരാകാശയാത്രികരുടെ റിസർവിലേക്ക് തിരഞ്ഞെടുത്തു. ഈ മെഡിക്കൽ ക്ലിയറൻസ് മേല്പറഞ്ഞ പഠനത്തിലും ബഹിരാകാശ പര്യവേക്ഷണത്തിലെ ഉൾപ്പെടുത്തൽ (incusiveness) പ്രോത്സാഹിപ്പിക്കുന്നതിലും ഒരു നിർണായക ചുവടുവയ്പ്പാണ്.
“ഇത് എന്നെക്കാൾ വലുതാണ് – ഇത് ഒരു സാംസ്കാരിക മാറ്റമാണ്” എന്ന് മക്ഫാൾ പറഞ്ഞു. അമേരിക്കയിൽ വൈവിധ്യം, സമത്വം, ഉൾക്കൊള്ളൽ (Diversity, Equality, Inclusivity) നയങ്ങൾ വെല്ലുവിളികൾ നേരിടുന്ന സമയത്താണ് ഇഎസ്എയുടെ ഈ തീരുമാനം വന്നിരിക്കുന്നത്. എന്നാൽ, യൂറോപ്യൻ മൂല്യങ്ങളോടുള്ള പ്രതിബദ്ധതയും ഉൾക്കൊള്ളൽ സമീപനം തുടരുന്നതിനുള്ള പ്രതിബദ്ധതയും ഇഎസ്എയുടെ മനുഷ്യ-റോബോട്ടിക് പര്യവേക്ഷണ ഡയറക്ടർ ഡാനിയൽ ന്യൂവൻഷ്വാൻഡർ ഊന്നിപ്പറഞ്ഞു.
മക്ഫാളിന്റെ ദൗത്യത്തിന് നിർദ്ദിഷ്ട തീയതിയൊന്നും നിശ്ചയിച്ചിട്ടില്ലെങ്കിലും, ഈ മെഡിക്കൽ ക്ലിയറൻസ് മറ്റേതൊരു ബഹിരാകാശയാത്രികനെയും പോലെ ഐഎസ്എസിൽ (International Space Station)ആറുമാസം വരെ നീളുന്ന ദൗത്യത്തിന് അദ്ദേഹത്തെ യോഗ്യനാക്കുന്നു. സാധ്യതാ പഠനത്തിന്റെ അടുത്ത ഘട്ടം ബഹിരാകാശ പരിസ്ഥിതിയിൽ മക്ഫാൾ നേരിടേണ്ടിവരുന്ന അധിക വെല്ലുവിളികൾ മറികടക്കാൻ സഹായിക്കുന്ന ഹാർഡ്വെയർ, കൃത്രിമാവയവങ്ങൾ എന്നിവ വികസിപ്പിക്കുന്നതിലും അനുയോജ്യമാക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കും.
ബഹിരാകാശ പര്യവേക്ഷണത്തിൽ വൈകല്യമുള്ള വ്യക്തികൾക്ക് വാതിലുകൾ തുറക്കുന്നതിനൊപ്പം, ഭൂമിയിലെ കൃത്രിമാവയവ ഉപയോക്താക്കൾക്ക് പ്രയോജനം ചെയ്യുന്ന സാങ്കേതിക മുന്നേറ്റങ്ങൾക്കും ഇത് വഴിയൊരുക്കും. ആസന്നമായ ദൗത്യത്തിനായി മക്ഫാൾ തയ്യാറെടുക്കുമ്പോൾ, മറ്റുള്ളവരെ പ്രചോദിപ്പിക്കുകയും ശാരീരിക വൈകല്യമുള്ള വ്യക്തികളുടെ പരിമിതികളെക്കുറിച്ചുള്ള മുൻധാരണകളെ തിരുത്തിക്കുറിക്കുകയും ചെയ്യുന്നു.