ലിവർപൂൾ: പ്രീമിയർ ലീഗ് കിരീടം നേടിയ ലിവർപൂൾ ഫുട്ബോൾ ക്ലബിന്റെ വിജയാഘോഷ പരേഡിൽ പങ്കെടുത്ത ആരാധകരുടെ കൂട്ടത്തിലേക്ക് കാർ ഇടിച്ചുകയറി നിരവധി പേർക്ക് പരിക്കേറ്റു. സംഭവത്തിൽ 53 വയസുകാരനായ ബ്രിട്ടീഷ് പൗരനെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
തിങ്കളാഴ്ച വൈകിട്ട് 6 മണിയോടെ നഗരത്തിലെ വാട്ടർ സ്ട്രീറ്റിലായിരുന്നു സംഭവം. ടീമിന്റെ ഓപ്പൺ-ടോപ്പ് ബസ് പരേഡ് കഴിഞ്ഞ് കുറച്ച് നേരത്തിനുശേഷമായിരുന്നു അപകടം. കാറിടിച്ചുകയറിയത് ആഘോഷത്തിനായി കൂട്ടംകൂടിയിരുന്ന ആരാധകരുടെ ഇടയിലേക്കാണ്.
അപകടത്തെ തുടർന്ന് 27 പേർ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു. ഇതിൽ നാലുപേർ കുട്ടികളാണ്. ഒരു കുട്ടിയുൾപ്പെടെ രണ്ട് പേർക്ക് ഗുരുതര പരിക്കുകളുണ്ട്. നേരിയ പരിക്കുകളുണ്ടായിരുന്ന 20 പേർക്ക് സംഭവസ്ഥലത്തുതന്നെ ചികിത്സ നൽകി. മറ്റു ചിലർ സമീപത്തെ ആശുപത്രികളിൽ സ്വയം ചികിത്സ തേടി.
സംഭവം നഗരത്തിൽ അതീവ ഭീതിയും ആശങ്കയും സൃഷ്ടിച്ചു. അടിയന്തര സേവനങ്ങൾ ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. സംഭവത്തെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇത് ഒറ്റപ്പെട്ട സംഭവമായാണ് പോലീസ് കണക്കാക്കുന്നതെന്നും ഭീകരപ്രവർത്തനമല്ലെന്നുമാണ് ഇപ്പോൾ ലഭ്യമായ ഔദ്യോഗിക വിവരം.