കാനഡയിലെ ആൽബർട്ട പ്രൊവിൻസ്യിൽ ഡോക്ടറുടെയോ നഴ്സിന്റെയോ പ്രത്യേക റഫറലില്ലാതെ പൊതുജനങ്ങൾക്ക് സ്വന്തം ചിലവിൽ എംആർഐ, സിടി സ്കാൻ, എക്സ്-റേ, അൾട്രാസൗണ്ട് തുടങ്ങിയ നിർണായക രോഗനിർണയ പരിശോധനകൾ നടത്താൻ അനുമതി നൽകി. വരാനിരിക്കുന്ന വെള്ളിയാഴ്ച (ജൂലൈ 31) മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ സംവിധാനം അനുസരിച്ച്, മുൻകൂട്ടി ഡോക്ടറെ കണ്ട് കുറിപ്പടി വാങ്ങാതെ തന്നെ രോഗികൾക്ക് നേരിട്ട് സ്വകാര്യ ഡയഗ്നോസ്റ്റിക് കേന്ദ്രങ്ങളെ സമീപിച്ച് പണം നൽകി പരിശോധന നടത്താവുന്നതാണ്. കാൻസർ അടക്കമുള്ള ഗുരുതര രോഗങ്ങൾ പ്രാരംഭ ഘട്ടത്തിൽ തന്നെ കണ്ടെത്തുന്നതിനും ജനങ്ങൾക്ക് വേഗത്തിൽ വിദഗ്ധ പരിശോധനാ ഫലങ്ങൾ ലഭ്യമാക്കുന്നതിനുമാണ് ഈ പദ്ധതിയെന്ന് പ്രീമിയർ ഡാനിയൽ സ്മിത്ത് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

പുതിയ നിയമപ്രകാരം സ്വയം മുൻകൈയെടുത്ത് പരിശോധന നടത്തുന്ന രോഗികളിൽ പരിശോധനാ ഫലത്തിലൂടെ കാൻസർ രോഗബാധ സ്ഥിരീകരിക്കപ്പെടുകയാണെങ്കിൽ, അവർ പരിശോധനയ്ക്കായി മുടക്കിയ തുക സർക്കാർ തിരികെ നൽകുന്നതായിരിക്കും. രോഗനിർണയം നടന്ന് ഒരു വർഷത്തിനകം ഇതിനായി അപേക്ഷിക്കാമെന്നും,പ്രൊവിൻസ് നിശ്ചയിച്ചിട്ടുള്ള പൊതു ആരോഗ്യ നിരക്കിന് വിധേയമായായിരിക്കും തുക തിരികെ നൽകുകയെന്നും പ്രൈമറി ആൻഡ് പ്രിവന്റീവ് ഹെൽത്ത് സർവീസസ് മന്ത്രി ജസ്റ്റിൻ റൈറ്റ് വ്യക്തമാക്കി. നിലവിൽ പൊതുജനാരോഗ്യ സംവിധാനം വഴി നൽകിവരുന്ന സൗജന്യ പരിശോധനകളും ഡോക്ടർമാർ നിർദേശിക്കുന്ന മുൻഗണനാ ക്രമത്തിലുള്ള പരിശോധനകളും തടസ്സമില്ലാതെ തുടരുമെന്നും, പുതിയ മാറ്റം സാധാരണക്കാർക്കുള്ള പൊതുജനാരോഗ്യ സേവനങ്ങളെ പ്രതികൂലമായി ബാധിക്കില്ലെന്നും ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ മേയ് മാസത്തിൽ പ്രൊവിൻസ് നിയമസഭ പാസാക്കിയ ബിൽ 29 (ഹെൽത്ത് സ്റ്റാറ്റ്യൂട്ട്സ് അമൻഡ്മെന്റ് ആക്ട്, 2026) എന്ന നിയമനിർമ്മാണത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ പരിഷ്കാരം നടപ്പിലാക്കുന്നത്. മുതിർന്നവർക്കും രക്ഷാകർത്താക്കളുടെ സമ്മതത്തോടെ പ്രായപൂർത്തിയാകാത്തവർക്കും ഒരുപോലെ ഈ സേവനം പ്രയോജനപ്പെടുത്താം. സ്വകാര്യ പരിശോധനാ കേന്ദ്രങ്ങളിൽ സേവനം നൽകുന്ന ആരോഗ്യ വിദഗ്ധർ, രോഗിയുടെ ആരോഗ്യസ്ഥിതി വിലയിരുത്തി പരിശോധനയുടെ ആവശ്യകതയും അപകടസാധ്യതകളും ഉറപ്പുവരുത്തിയ ശേഷമായിരിക്കും സ്കാനിങ് നടത്തുക. ഈ നീക്കത്തോടെ മേഖലയിലെ സ്വകാര്യ പരിശോധനകളുടെ എണ്ണം പ്രതിവർഷം അമ്പതിനായിരത്തിലധികമായി ഉയർന്നേക്കാമെന്ന് കാനഡ ഡയഗ്നോസ്റ്റിക് സെന്റേഴ്സ് പ്രസിഡന്റ് ഡോ. റോബർട്ട് ഡേവീസ് അഭിപ്രായപ്പെട്ടു.

അതേസമയം, സർക്കാരിന്റെ ഈ തീരുമാനത്തിനെതിരെ കാനഡയിലെ ഡോക്ടർമാരുടെ സംഘടനകളും പ്രതിപക്ഷ പാർട്ടികളും കടുത്ത ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്. കയ്യിൽ പണമുള്ളവർക്ക് വേഗത്തിൽ ചികിത്സയും സ്കാനിംഗും ലഭ്യമാകുകയും സാധാരണക്കാർ നീണ്ട കാത്തിരിപ്പ് പട്ടികയിൽ തുടരേണ്ടി വരികയും ചെയ്യുന്ന രണ്ട് തരം ആരോഗ്യപരിപാലന രീതിക്ക് (Two-tier healthcare) ഇത് വഴിവെക്കുമെന്നാണ് അവരുടെ പ്രധാന വിമർശനം. കൂടാതെ വിദഗ്ധ ഡോക്ടറുടെ നിർദേശമില്ലാതെ നടത്തുന്ന അനാവശ്യ റേഡിയേഷൻ പരിശോധനകൾ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാനിടയുണ്ടെന്നും അവർ ചൂണ്ടിക്കാണിക്കുന്നു.

Share.
Leave A Reply Cancel Reply

Exit mobile version
Privacy Overview

This website uses cookies so that we can provide you with the best user experience possible. Cookie information is stored in your browser and performs functions such as recognising you when you return to our website and helping our team to understand which sections of the website you find most interesting and useful.

Strictly Necessary Cookies

Strictly Necessary Cookie should be enabled at all times so that we can save your preferences for cookie settings.