ടൊറന്റോ: മതിയായ യോഗ്യതാ ലൈസൻസില്ലാതെ 17 വർഷത്തോളം നൂറുകണക്കിന് ആഭ്യന്തര-അന്തർദ്ദേശീയ സർവീസുകൾ നടത്തിയ മുൻ എയർ കാനഡ ക്യാപ്റ്റൻ ഒന്റാറിയോയിൽ അറസ്റ്റിലായി. ഒന്റാറിയോ ബാരീ സ്വദേശിയായ ജെഫ്രി വാൾ (59) എന്ന പൈലറ്റാണ് ഒന്റാറിയോയിലെ പീൽ റീജിയണൽ പോലീസ് നടത്തിയ അതീവ സങ്കീർണ്ണമായ സാമ്പത്തിക തട്ടിപ്പ് അന്വേഷണത്തിനൊടുവിൽ അറസ്റ്റിലായത്. ട്രാൻസ്പോർട്ട് കാനഡയുടെ പതിവ് പരിശോധനയ്ക്കിടയിലാണ് പൈലറ്റിന്റെ രേഖകളിലെ ക്രമക്കേടുകൾ കണ്ടെത്തിയത്. തുടർന്ന് ‘പ്രോജക്റ്റ് ഇക്കാറസ്’ (Project Icarus) എന്ന പേരിൽ മാസങ്ങളോളം നീണ്ട പോലീസ് അന്വേഷണത്തിനൊടുവിൽ ജൂൺ ഒന്നിനാണ് ഇയാളെ പോലീസ് പിടികൂടിയത്. ഒരു സിനിമാക്കഥയെ വെല്ലുന്ന തരത്തിലാണ് ഇയാൾ വ്യോമയാന മേഖലയെയും സർക്കാരിനെയും പറ്റിച്ചതെന്ന് പീൽ പോലീസ് ഡെപ്യൂട്ടി ചീഫ് നിക്ക് മിലിനോവിച്ച് വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
1998-ൽ എയർ കാനഡയിൽ ഫസ്റ്റ് ഓഫീസറായി കരിയർ ആരംഭിച്ച ഇയാൾക്ക് 2009-ലാണ് ക്യാപ്റ്റനായി പ്രമോഷൻ ലഭിക്കുന്നത്. കനേഡിയൻ നിയമപ്രകാരം വലിയ വാണിജ്യ വിമാനങ്ങളുടെ ക്യാപ്റ്റനാകാൻ അത്യാവശ്യമായി വേണ്ട ഉയർന്ന തലത്തിലുള്ള ‘എയർലൈൻ ട്രാൻസ്പോർട്ട് പൈലറ്റ് ലൈസൻസ്’ (ATPL) ഇയാൾക്ക് ഉണ്ടായിരുന്നില്ലെന്ന് പോലീസ് കണ്ടെത്തി. വ്യാജ രേഖകളും കൃത്രിമ ഒപ്പുകളും ഉപയോഗിച്ചാണ് ഇയാൾ ക്യാപ്റ്റൻ പദവി കരസ്ഥമാക്കിയതും വർഷങ്ങളോളം ബോയിംഗ് 767, ബോയിംഗ് 787 തുടങ്ങിയ കൂറ്റൻ വിമാനങ്ങൾ പറത്തിയതും. 2009 മുതൽ 2025 വരെ ഒൻപതുറിലധികം ആഭ്യന്തര, അന്തർദ്ദേശീയ സർവീസുകളാണ് ഇയാൾ ക്യാപ്റ്റനായി നിയന്ത്രിച്ചത്. ഈ കാലയളവിൽ ശമ്പളയിനത്തിൽ മാത്രം ഏതാണ്ട് 30 ലക്ഷം കനേഡിയൻ ഡോളർ (ഏകദേശം 20 കോടിയിലധികം രൂപ) ഇയാൾ കൈപ്പറ്റിയതായും അന്വേഷണസംഘം അറിയിച്ചു. കടുത്ത നിയമലംഘനം പുറത്തുവരുന്നതിന് തൊട്ടുമുമ്പ് 2025-ലാണ് ഇയാൾ സർവീസിൽ നിന്നും വിരമിച്ചത്.
അതേസമയം, സംഭവത്തിൽ വിശദീകരണവുമായി എയർ കാനഡ രംഗത്തെത്തിയിട്ടുണ്ട്. ഇയാൾക്ക് വാണിജ്യ വിമാനങ്ങൾ പറത്താനുള്ള അടിസ്ഥാന കമേഴ്‌സ്യൽ പൈലറ്റ് ലൈസൻസ് (CPL) ഉണ്ടായിരുന്നുവെന്നും ആവശ്യമായ എല്ലാ സുരക്ഷാ പരിശീലനങ്ങളും കൃത്യമായി പൂർത്തിയാക്കിയിരുന്നതായും എയർലൈൻ വ്യക്തമാക്കി. ആറുമാസത്തിലൊരിക്കലുള്ള നിർബന്ധിത പരിശീലനങ്ങളിലും ട്രാൻസ്പോർട്ട് കാനഡയുടെ വാർഷിക ഫ്ലൈറ്റ് പരിശോധനകളിലും ഇയാൾ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നതിനാൽ യാത്രക്കാരുടെ സുരക്ഷ ഒരിടത്തും ചോദ്യം ചെയ്യപ്പെട്ടിട്ടില്ലെന്നും കമ്പനി അറിയിച്ചു. എങ്കിലും ഉയർന്ന പദവിക്ക് ആവശ്യമായ എടിപിഎൽ (ATPL) ലൈസൻസ് ഇല്ലാതെ വ്യാജരേഖ ചമച്ചതിന് ഇയാൾക്കെതിരെ അയ്യായിരം ഡോളറിന് മുകളിലുള്ള സാമ്പത്തിക തട്ടിപ്പ്, പൊതുജനദ്രോഹം, വ്യാജരേഖ ചമയ്ക്കൽ, വ്യാജ മുദ്ര കൈവശം വെക്കൽ ഉൾപ്പെടെയുള്ള കടുത്ത ക്രിമിനൽ വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.



