മിസ്സിസാഗ: കാനഡയിലെ പ്രമുഖ സിറോ മലബാർ ദേവാലയമായ മിസ്സിസാഗ സെന്റ് അൽഫോൻസ സിറോ-മലബാർ കാത്തലിക് കത്തീഡ്രലിൽ ഇടവക മധ്യസ്ഥയായ വിശുദ്ധ അൽഫോൻസാമ്മയുടെ ഭക്തിനിർഭരമായ തിരുനാൾ ആഘോഷങ്ങൾ ജൂലൈ 17 മുതൽ 26 വരെ നടക്കും. പത്ത് ദിവസം നീണ്ടുനിൽക്കുന്ന തിരുനാൾ കർമ്മങ്ങളിൽ വത്തിക്കാനിൽ നിന്നുള്ള വിശിഷ്ടാതിഥിയായ ഹിസ് എമിനൻസ് മാർ ജോർജ് കാർഡിനൽ കൂവക്കാട് ഉൾപ്പെടെയുള്ള പ്രമുഖ ആത്മീയാചാര്യന്മാർ മുഖ്യകാർമ്മികത്വം വഹിക്കും.
ജൂലൈ 17-ാം തീയതി വെള്ളി വെകിട്ടേരം 7 മണിക്ക് വികാരി റവ. ഫാ. അഗസ്റ്റിൻ കല്ലുംകഥറയിലിന്റെ കാർമ്മികത്വത്തിൽ കൊടിയേറ്റത്തോടെയാണ് തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കമായത്. തുടർന്ന് വിവിധ ദിവസങ്ങളിൽ പ്രത്യേക നിയോഗങ്ങളോടെയുള്ള നോവേനയും വിശുദ്ധ കുർബാനയും നടക്കും. പ്രധാന തിരുനാൾ ദിവസങ്ങൾ ജൂലൈ 25 (ശനി), ജൂലൈ 26 (ഞായർ) എന്നീ തീയതികളിലാണ് ക്രമീകരിച്ചിരിക്കുന്നത്.
പ്രധാന തിരുനാൾ ദിവസങ്ങളിലെ ശുശ്രൂഷകൾ:
- ജൂലൈ 24 (വെള്ളി) – കുർബാന ദിനം (Eucharistic Day): വൈകുന്നേരം 7:00 മണിക്ക് രൂപം എഴുന്നള്ളിക്കൽ, വിശുദ്ധ കുർബാന, നോവേന എന്നിവ നടക്കും. സ്കാർബറോ സെന്റ് തോമസ് ഫൊറോന തീർത്ഥാടന കേന്ദ്രം പാസ്റ്റർ റവ. ഫാ. ജോജോ ചങ്ങനാംതൊട്ടിൽ മുഖ്യകാർമ്മികത്വം വഹിക്കും. തുടർന്ന് ഭക്തിനിർഭരമായ ദിവ്യകാരുണ്യ പ്രദിക്ഷണം ഉണ്ടായിരിക്കും.
- ജൂലൈ 25 (ശനി) – കുടുംബ ദിനം (Family Day): വൈകുന്നേരം 4:45-ന് പ്രെസിഡന്തി വാഴ്ചയും, 5:00 മണിക്ക് ആഘോഷമായ വിശുദ്ധ കുർബാനയും നോവേനയും നടക്കും. വത്തിക്കാൻ അന്തർമത സംവാദങ്ങൾക്കായുള്ള ഡികാസ്റ്ററിയുടെ പ്രീഫെക്റ്റ് ഹിസ് എമിനൻസ് മാർ ജോർജ് കാർഡിനൽ കൂവക്കാട് ഈ ചടങ്ങുകൾക്ക് മുഖ്യകാർമ്മികത്വം വഹിക്കും. അന്നേ ദിവസം മാർഗ്ഗംകളി ഉൾപ്പെടെയുള്ള വിവിധ സാംസ്കാരിക പരിപാടികളും അരങ്ങേറും.
- ജൂലൈ 26 (ഞായർ) – പ്രധാന തിരുനാൾ ദിനം (Main Feast Day): രാവിലെ 8:30-ന് വിശുദ്ധ കുർബാനയും, 10:30-ന് ആഘോഷമായ തിരുനാൾ കുർബാനയും നടക്കും. തലശ്ശേരി അതിരൂപത ആർച്ച്ബിഷപ്പ് എമിരറ്റസ് ഹിസ് ഗ്രേസ് മാർ ജോർജ് ഞരളക്കാട്ട് തിരുനാൾ കുർബാനയ്ക്ക് മുഖ്യകാർമ്മികത്വം വഹിക്കും. തുടർന്ന് ലദീഞ്ഞ്, ഭക്തിനിർഭരമായ തിരുനാൾ പ്രദിക്ഷണം, സ്നേഹവിരുന്ന് എന്നിവയോടെ ആഘോഷങ്ങൾ സമാപിക്കും.
വിവിധ നോവേന ദിനങ്ങളും കാർമ്മികരും:
തിരുനാളിനോടനുബന്ധിച്ചുള്ള നോവേന ദിവസങ്ങളിൽ വിവിധ രൂപതകളിൽ നിന്നുള്ള പ്രമുഖ വൈദികർ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.
- ജൂലൈ 18 (കുട്ടികളുടെ ദിനം): റവ. ഫാ. ജാനിൽ ചാക്യാത്ത് (വൈസ് റെക്ടർ, സെന്റ് അഗസ്റ്റിൻ സെമിനാരി ടൊറന്റോ)
- ജൂലൈ 19 (മുതിർന്നവരുടെ ദിനം): മിസ്സിസാഗ രൂപതാ മെത്രാൻ മാർ ജോസ് കല്ലുവേലി, റവ. ഫാ. ആന്റണി ഔസേപ്പ്.
- ജൂലൈ 20 (വൊക്കേഷൻ ദിനം): ചാൻസലർ റവ. ഫാ. ഹരോൾഡ് ജോസ് അമ്പാട്ടുപറമ്പിൽ.
- ജൂലൈ 21 (രോഗികളുടെ ദിനം): റവ. ഫാ. മാത്യു മേലേടത്ത്.
- ജൂലൈ 22 (തൊഴിലാളി ദിനം): റവ. ഫാ. സാജൻ പിണ്ടിയാൻ (തൃശൂർ മേരിമാതാ മേജർ സെമിനാരി പ്രൊഫസർ).
- ജൂലൈ 23 (യുവജന ദിനം): റവ. ഫാ. ആൽവിൻ ജോയിസ്.
ഇടവക വികാരി റവ. ഫാ. അഗസ്റ്റിൻ കല്ലുംകഥറയിൽ, അസിസ്റ്റന്റ് വികാരി റവ. ഫാ. ആന്റണി ഔസേപ്പ് (ജസ്റ്റിൻ), കൈക്കാരന്മാരായ മിസ്റ്റർ സണ്ണി കായംപ്ലാക്കൽ, മിസ്റ്റർ ജോയ്സ് ജോസഫ് എന്നിവരും വിവിധ ഫാമിലി യൂണിറ്റുകളും തിരുനാളിന്റെ വിജയകരമായ നടത്തിപ്പിനായി പ്രവർത്തിക്കുന്നു. കത്തോലിക്കാ വിശ്വാസികൾ ഏവരും ഈ തിരുനാൾ കർമ്മങ്ങളിൽ പങ്കുചേർന്ന് അനുഗ്രഹം പ്രാപിക്കണമെന്ന് ഭാരവാഹികൾ അറിയിച്ചു.
