ടൊറന്റോ: ടൊറന്റോ പബ്ലിക് ഹെൽത്തിന്റെ(TPH) കണക്കുകൾ പ്രകാരം, ടൊറന്റോയിൽ ക്ഷയരോഗ (ട്യൂബർക്കുലോസിസ്) കേസുകൾ 2002-ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിലെത്തിയിട്ടുണ്ട്. 2023-ൽ 179 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് TPH വ്യക്തമാക്കി. ഇത് 2002-ലെ കേസുകളുടെ എണ്ണത്തിന് തുല്യമാണ്.
ക്ഷയരോഗം, പ്രധാനമായും ശ്വാസകോശത്തെ ബാധിക്കുന്ന ഒരു ബാക്ടീരിയൽ ഇൻഫെക്ഷൻ ആണ്. എന്നാൽ ഇത് ശരീരത്തിന്റെ മറ്റ് ഭാഗങ്ങളെയും ബാധിക്കാം. ഇത് ഒരു വ്യക്തിയിൽ നിന്ന് മറ്റൊരാളിലേക്ക് വായു മാർഗ്ഗം പകരാവുന്ന രോഗമാണ്.
TPH, ക്ഷയരോഗത്തിന്റെ വ്യാപനം തടയുന്നതിനായി രോഗികളെ കണ്ടെത്തുകയും, ചികിത്സിക്കുകയും അവരുമായി സമ്പർക്കം പുലർത്തിയവരെ പരിശോധിച്ച് വരികയും ചെയ്യുന്നു. രോഗലക്ഷണങ്ങൾ കാണിക്കുന്നവർ ഉടൻ തന്നെ മെഡിക്കൽ സഹായം തേടാൻ ഹെൽത്ത് അതോറിറ്റി നിർദേശം നൽകുന്നു.

ക്ഷയരോഗത്തിന്റെ ലക്ഷണങ്ങൾ:
- മൂന്ന് ആഴ്ചയിലേധികം നീണ്ടുനിൽക്കുന്ന അല്ലെങ്കിൽ കൂടുതൽ മോശമാകുന്ന ചുമ.
- ക്ഷീണം അല്ലെങ്കിൽ ബലക്കുറവ് അനുഭവപ്പെടുക.
- അസാധാരണമായ രീതിയിൽ ശരീരഭാരം കുറയൽ.
ക്ഷയരോഗ ബാധയുണ്ടെന്ന് സംശയിക്കുന്നവരും ഉടൻ തന്നെ ഹെൽത്ത്-കെയർ പ്രൊവൈഡർമാരുമായി ബന്ധപ്പെടണമെന്നാണ് ടൊറന്റോ പബ്ലിക്ക് ഹെൽത്ത് നിർദേശിക്കുന്നത്.
ക്ഷയരോഗബാധ ഏറെയും ഇനുവിറ്റ്, ഫസ്റ്റ് നേഷൻസ്, പുതിയ കുടിയേറ്റക്കാർ എന്നീ വിഭാഗങ്ങൾ
2022-ലെ സ്റ്റാറ്റിസ്റ്റിക്സ് കാനഡയുടെ ഡാറ്റ പ്രകാരം, കാനഡയിൽ ക്ഷയരോഗത്തിന്റെ (ട്യൂബർക്കുലോസിസ്) നിരക്ക് 100,000-ൽ 5.1 ആണെങ്കിലും, ഇനുവിറ്റ് (136.7), ഫസ്റ്റ് നേഷൻസ് (21.4), പുതിയ കുടിയേറ്റക്കാർ (14.4) എന്നീ വിഭാഗങ്ങളിൽ ഈ നിരക്ക് വളരെ ഉയർന്നതാണ്.
ചികിത്സാ മരുന്നുകളുടെ പരിമിതമായ ലഭ്യത, പീഡിയാട്രിക് ചികിത്സകളുടെ അഭാവം, മരുന്നുകളുടെ കുറവ് എന്നിവ രോഗികളുടെ ആരോഗ്യനില വഷളാകുന്നതിന് കാരണമാകുന്നുവെന്നാണ് 10 പ്രൊവിൻസുകളിലെയും, ടെറിറ്റോറികളിലും 2024-ൽ നടത്തിയ സർവേയിൽ, 71 ഹെൽത്ത്-കെയർ പ്രൊവൈഡർമാരിൽ നിന്ന് ലഭിച്ച വിവരങ്ങളെ അടിസ്ഥാനമാക്കി സ്റ്റോപ്പ് ടി ബി ഗ്രൂപ്പ് തയ്യാറാക്കിയ റിപ്പോർട്ട് വെളിപ്പെടുത്തുന്നത്.
“ഈ പ്രശ്നങ്ങൾ ചികിത്സ കാലതാമസം വരുത്തുകയും ദീർഘകാലത്തെ ആശുപത്രി വാസത്തിന് കാരണമാവുകയും ചെയ്യുന്നു. ഇത് രോഗികളുടെ ആരോഗ്യനിലയെ കൂടുതൽ വഷളാക്കുകയും സങ്കീർണതകൾ വർദ്ധിപ്പിക്കുകയും ചെയ്യുന്നു,” എന്ന് Stop TB നടത്തിയ പ്രസ്താവനയിൽ പറഞ്ഞു.
2030-ഓടെ കാനഡയുടെ വടക്കൻ പ്രദേശങ്ങളിൽ ക്ഷയരോഗം ഉന്മൂലനം ചെയ്യാനുള്ള ലക്ഷ്യത്തോടെ, സ്റ്റോപ്പ് ടിബി ഫെഡറൽ സർക്കാരിന് നിരവധി ശുപാർശകൾ മുന്നോട്ട് വച്ചിട്ടുണ്ട്. ഇതിൽ ക്ഷയരോഗ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കുന്നതിനായി ഫാർമസ്യൂട്ടിക്കൽ കമ്പനികൾക്ക് സാമ്പത്തിക സഹായങ്ങൾ നൽകുക, പീഡിയാട്രിക് ഫോർമുലേഷനുകൾ ഉൾപ്പെടെയുള്ള മരുന്നുകളുടെ വിപണനം പ്രോത്സാഹിപ്പിക്കുക എന്നിവ ഉൾപ്പെടുന്നു. രോഗികളുടെ എണ്ണം കുറവായതിനാൽ ചില കമ്പനികൾ ഈ വിപണിയെ “ലാഭകരമല്ലാത്തത്” ആയി കണക്കാക്കുന്നുവെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.
“സൈക്ലോസെറിൻ (Cycloserine) പോലുള്ള ചില ക്ഷയരോഗ മരുന്നുകൾ വാണിജ്യ കാരണങ്ങളാൽ കാനഡയിൽ നിർത്തലാക്കപ്പെട്ടിട്ടുണ്ട്. 21 -ാം നൂറ്റാണ്ടിൽ വികസിപ്പിച്ചെടുത്ത ബെഡാക്വിലിൻ, ഡെലമനിഡ്, പ്രെറ്റോമനിഡ് തുടങ്ങിയ പുതിയ മരുന്നുകൾ കാനഡയിൽ ഇതുവരെ വിപണനം ചെയ്തിട്ടില്ല,” എന്നും റിപ്പോർട്ടിൽ പറയുന്നു.
കൂടാതെ, ചികിത്സാ കാലതാമസം കുറയ്ക്കുന്നതിന് വിപണിയിൽ നിലവിൽ ലഭ്യമല്ലാത്ത മരുന്നുകൾ ലഭ്യമാക്കാനുള്ള പ്രക്രിയ ലളിതമാക്കാനും മരുന്നുകളുടെ കുറവ് നികത്തുന്നതിന് ദേശീയ വാങ്ങൽ (procurement strategy) നയം രൂപീകരിക്കാനും സംഘടന ഫെഡറൽ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.