നിലച്ചിരിക്കുന്ന ഭക്ഷണവിതരണം…അടച്ചുപൂട്ടൽ ഭീഷണിയിൽ ആരോഗ്യ സേവന കേന്ദ്രങ്ങൾ… പാതിവഴിയിൽ വിതരണം ചെയ്യപ്പെടാനാകാതെ കെട്ടിക്കിടക്കുന്ന ജീവൻ രക്ഷാ സഹായം… ഇങ്ങനെ നീളുന്നു യുണൈറ്റഡ് സ്റ്റേറ്റ്സ് ഏജൻസി ഫോർ ഇന്റ്ർനാഷ്ണൽ ഡെവലപ്മെന്റിന്റെ (USAID) പ്രവർത്തനങ്ങൾ മരവിപ്പിച്ചതിന്റെ പരിണതഫലമായി പ്രതിസന്ധിയിൽ ആയിരിക്കുന്ന മേഖലകളുടെ ലിസ്റ്റ്.
ഇത്തരത്തിലുള്ള സഹായങ്ങൾ സ്വീകരിച്ചിരുന്ന ഗുണഭോക്താക്കൾക്ക് ഇനി മുന്നോട്ടുള്ള ജീവിതം ദുരിതമയവും ജീവൻ മരണ പോരാട്ടവും ആയിരിക്കുമെന്ന് പേര് വെളിപ്പെടുത്താനഗ്രഹിക്കാത്ത ഒരു USAID പ്രവർത്തകൻ CNN ന്യൂസിനോട് പറഞ്ഞു. അമേരിക്കയുടെ നിസ്സഹകരണം മൂലം പ്രതിസന്ധിയിൽ ആയിരിക്കുന്ന USAID, മുൻപോട്ടുള്ള അവരുടെ പല പ്രവർത്തനങ്ങൾക്കും സ്റ്റോപ്പ് മെമ്മോ കൊടുത്തിരിക്കുകയാണെന്നും മുൻപോട്ടുള്ള പ്രയാണത്തിൽ അമേരിക്കൻ പങ്കാളിത്തത്തിന്റെ വിശ്വാസ്യത ദിനംപ്രതി കുറഞ്ഞു വരികയാണെന്നും USAID ന്റെ മറ്റൊരു സന്നദ്ധപ്രവർത്തകൻ അറിയിച്ചതായി CNN റിപ്പോർട്ട് ചെയ്തു. യുക്രെയ്ൻ, സുഡാൻ, ബർമ്മ തുടങ്ങി അപകടം നിറഞ്ഞതും സങ്കീർണ്ണവുമായ പല സ്ഥലങ്ങളിലേക്കും USAID സന്നദ്ധപ്രവർത്തകർ സഹായവുമായി കടന്നു ചെല്ലാറുണ്ടെങ്കിലും ഈ പ്രതിസന്ധിയിൽ എല്ലാ സന്നദ്ധ സഹായ പ്രവർത്തനങ്ങളും നിർത്തിവയ്ക്കേണ്ട അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിച്ചേർന്നിരിക്കുകയാണ്.
ലോകത്തിൻറെ പല ഭാഗങ്ങളിലും വളരെ സങ്കീർണ്ണതയിലും അപകടകരമായ ജീവിത സാഹചര്യങ്ങളിലും പാർശ്വവൽക്കരിക്കപ്പെട്ട് കഴിയുന്ന ജനങ്ങളുടെ ഇടയിൽ ജോലി ചെയ്യുക എന്നുള്ളത് അത്ര സുഖകരമുള്ള കാര്യമല്ലെങ്കിൽ കൂടി അമേരിക്ക പോലുള്ള ഒരു രാജ്യത്തിൻറെ സ്വാധീനവും ശക്തിയും ആ ജനങ്ങളിലേക്ക് സഹായങ്ങൾ എത്തിക്കുന്നതിന് സഹായകമാണ്.
ലോകാരോഗ്യ സംഘടനയ്ക്ക് അമേരിക്കൻ ഭരണകൂടം സാമ്പത്തിക സഹായം നിർത്തിയെങ്കിലും സന്നദ്ധ സംഘടനകൾ വഴി ഭക്ഷണ വിതരണം ജീവൻ രക്ഷ മരുന്ന് വിതരണം തുടങ്ങി പല പ്രവർത്തനങ്ങൾക്കും ഇളവു നൽകിയിട്ടുണ്ടെന്ന് ഭരണകൂടം ആണയിട്ടു പറയുന്നുണ്ടെങ്കിലും ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ പടിപടിയായി നിർത്തിവരികയാണെന്ന് സന്നദ്ധ സംഘടന പ്രവർത്തകരും കരാറുകാരും ഒരേ സ്വരത്തിൽ പറയുന്നതായി CNN റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യ, എത്യോപ്യ, ജോർദാൻ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ (DRC) തുടങ്ങി ലോകമെമ്പാടുമുള്ള നൂറുകണക്കിന് പദ്ധതികൾക്ക് USAID ചുക്കാൻ പിടിക്കുന്നതിനാൽ അവയ്ക്കുള്ള ധനസഹായം നിർത്തലാക്കിയാൽ മുമ്പോട്ടുള്ള പദ്ധതികളുടെ പ്രവർത്തനം നിശ്ചലമാകുംപി.
ബോൾഡറിലെ കൊളറാഡോ സർവകലാശാലയിലെ പരിസ്ഥിതി എഞ്ചിനീയറിംഗ് പ്രൊഫസറായ ഇവാൻ തോമസിന്റെ അഭിപ്രായമനുസരിച്ച് ഇത്തരത്തിലുള്ള പദ്ധതികൾക്ക് എന്തെങ്കിലും ഒരു തടസ്സം സംഭവിച്ചാൽ മനുഷ്യജീവൻ ഉൾപ്പെടെ മറ്റു ജീവജാലങ്ങളെയും വളരെ സങ്കീർണമായി ബാധിക്കും
റഫ്യൂജീസ് ഇന്റർനാഷണലിന്റെ പ്രസിഡന്റും മുൻ യുഎസ്എഐഡി ഉദ്യോഗസ്ഥനുമായ ജെറമി കോനിൻഡിക് പറയുന്നതനുസരിച്ച്, സുഡാനിൽ, യുഎസ് ധനസഹായത്താൽ പ്രവർത്തിച്ചുവരുന്ന പല കമ്മ്യൂണിറ്റി കിച്ചണുകളും ഇതിനോടകം തന്നെ അടച്ചുപൂട്ടൽ ഭീഷണിയിലാണ്.
1961-ൽ സ്ഥാപിതമായതു മുതൽ, USAID ജീവരക്ഷാ മരുന്നുകൾ, ഭക്ഷണം, ശുദ്ധജലം, കർഷകർക്കുള്ള സഹായം, സ്ത്രീകളെയും പെൺകുട്ടികളെയും സുരക്ഷിതമായി നിലനിർത്തുക, സമാധാനം പ്രോത്സാഹിപ്പിക്കുക, തുടങ്ങി പല സഹായങ്ങളും പതിറ്റാണ്ടുകളായി ചെയ്തുവരുന്നത് ഫെഡറൽ ബജറ്റിന്റെ ഒരു ശതമാനത്തിൽ താഴെ മാത്രം ചെലവഴിച്ചു കൊണ്ടാണെന്ന് ഓക്സ്ഫാം അമേരിക്ക പ്രസിഡന്റ് എബി മാക്സ്മാൻ പ്രസ്താവനയിൽ പറഞ്ഞു. USAID അവസാനിപ്പിക്കുന്നത് ദാരിദ്ര്യത്തിനും മാനുഷിക പ്രതിസന്ധിക്കുമെതിരായ പോരാട്ടത്തിൽ കഠിനാധ്വാനം ചെയ്ത് ആർജിച്ച നേട്ടങ്ങളെ പഴയപടിയാക്കുകയും ദീർഘകാല, പരിഹരിക്കാനാകാത്ത ദോഷം വരുത്തുകയും ചെയ്യുമെന്ന് വികസ്വര രാജ്യങ്ങളിൽ സേവനമനുഷ്ഠിക്കുന്ന ഭൂരിഭാഗം സന്നദ്ധ സംഘടനകളും വിലയിരുത്തുന്നു.
അതെ സമയം USAID സഹായം സ്വീകരിച്ചിരുന്ന രാജ്യങ്ങൾ തങ്ങളുടെ രാജ്യത്തിന്റെ നയങ്ങൾ അമേരിക്കൻ താൽപര്യങ്ങൾക്കനുയോജ്യമായ രീതിയിൽ രൂപീകരിക്കാൻ നിർബന്ധിതരായിരുന്നു എന്നതും ഒരു വസ്തുതയാണ്.