കാനഡ: കാനഡയിലെ വിവിധ ബീച്ചുകൾ, തടാകങ്ങൾ, നദികൾ എന്നിവടങ്ങളിൽ ഇന്ത്യൻ സ്വദേശികൾ മുങ്ങിമരിക്കുന്ന സംഭവങ്ങൾ സമീപകാലത്തായി വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിൽ കടുത്ത ജാഗ്രത പാലിക്കാൻ ടൊറന്റോയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ അടിയന്തര നിർദ്ദേശം പുറപ്പെടുവിച്ചു. കാനഡയിലെത്തുന്ന ഇന്ത്യൻ അന്താരാഷ്ട്ര വിദ്യാർത്ഥികളെ ലക്ഷ്യമിട്ടാണ് പ്രധാനമായും ഈ സുരക്ഷാ മുന്നറിയിപ്പ് (Safety Alert) പുറപ്പെടുവിച്ചിരിക്കുന്നത്. ചൂടുള്ള കാലാവസ്ഥ ആരംഭിച്ചതോടെ കാനഡയിലെ ജലാശയങ്ങൾ സന്ദർശിക്കുന്നവരുടെ എണ്ണം വർദ്ധിച്ചിട്ടുണ്ടെന്നും, ഈ സാഹചര്യത്തിൽ ഇത്തരം സ്ഥലങ്ങൾ സന്ദർശിക്കുമ്പോൾ “അങ്ങേയറ്റം മുൻകരുതൽ” (Exercise extreme precaution) എടുക്കണമെന്നും ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയും വെബ്‌സൈറ്റിലൂടെയും കോൺസുലേറ്റ് അറിയിച്ചിട്ടുണ്ട്.
അപരിചിതമോ സുരക്ഷിതമല്ലാത്തതോ ആയ ജലാശയങ്ങളിൽ ഇറങ്ങുന്നത് പൂർണ്ണമായും ഒഴിവാക്കണമെന്നും, പ്രാദേശികമായി നൽകിയിട്ടുള്ള എല്ലാ സുരക്ഷാ നിർദ്ദേശങ്ങളും കർശനമായി പാലിക്കണമെന്നും കോൺസുലേറ്റിന്റെ നിർദ്ദേശത്തിൽ വ്യക്തമാക്കുന്നു. വിനോദങ്ങളിൽ ഏർപ്പെടുമ്പോൾ ആവശ്യമായ സ്ഥലങ്ങളിൽ ലൈഫ് ജാക്കറ്റുകൾ നിർബന്ധമായും ധരിക്കണം. കാനഡയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ഇത്തരം അപകടങ്ങളുടെ കൃത്യമായ സ്ഥിതിവിവരക്കണക്കുകൾ കോൺസുലേറ്റ് പുറത്തുവിട്ടിട്ടില്ലെങ്കിലും, കഴിഞ്ഞ കുറച്ചുകാലമായി ഇന്ത്യൻ സ്വദേശികൾ ഉൾപ്പെടുന്ന അപകടങ്ങൾ വർദ്ധിച്ചുവരുന്നതായി അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്.
ഇന്ത്യൻ കോൺസുലേറ്റ് ജനറലിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കാൻ ഈ ലിങ്ക് ഉപയോഗിക്കുക: Consulate General of India, Toronto



