കാനഡയിലെ നൊട്ടോറിയസ് ജയിലുകളിലൊന്നായ മാപ്പിൾഹർസ്റ്റിലെ (Maplehurst Correctional Complex) അതിദാരുണമായ സാഹചര്യങ്ങൾ പരിഗണിച്ച്, മയക്കുമരുന്ന് കേസിലെ പ്രതിയെ ഉടൻ ജയിൽ മോചിതനാക്കാൻ ഒന്റാറിയോ അപ്പീൽ കോടതി ഉത്തരവിട്ടു. 19-ാം വയസ്സിൽ കൊക്കെയ്ൻ കടത്തിയതിനും (Cocaine Trafficking) കുറ്റകൃത്യത്തിലൂടെ പണം സമ്പാദിച്ചതിനും കുറ്റസമ്മതം നടത്തിയ മുഹമ്മദ് ഒറിയ (Mohammad Oryia) എന്ന യുവാവിനെയാണ് ശിഷ്ടകാലം വീട്ടുതടങ്കലിൽ (House Arrest) കഴിയാൻ ചീഫ് ജസ്റ്റിസ് മൈക്കൽ തുല്ലോക്കിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് അനുവദിച്ചത്. 315 ദിവസത്തെ ജയിൽവാസത്തിനിടെ പ്രതിക്ക് നേരിടേണ്ടി വന്ന മനുഷ്യാവകാശ ലംഘനങ്ങൾ കണക്കിലെടുത്താണ് ഈ അപൂർവ്വ നടപടി.
തിങ്ങിനിറഞ്ഞ സെല്ലുകളിൽ ടോയ്‌ലറ്റിന് സമീപം തറയിൽ മെത്ത വിരിച്ച് ഉറങ്ങേണ്ടി വന്നതും, ജയിലിലെ ജീവനക്കാരുടെ കുറവ് മൂലം ദിവസങ്ങളോളം സെല്ലിന് പുറത്തിറങ്ങാൻ കഴിയാത്ത ലോക്ക്ഡൗൺ സാഹചര്യങ്ങളും പ്രതിയുടെ മാനസിക നിലയെ തകർത്തുവെന്ന് കോടതി നിരീക്ഷിച്ചു. തുടക്കത്തിൽ രക്തം പുരണ്ട ബെഡ്ഷീറ്റുകൾ നൽകിയതും ജയിലിനുള്ളിലെ നിരന്തരമായ അക്രമങ്ങളും ഇയാളുടെ ഉത്കണ്ഠയും വിഷാദരോഗവും വർദ്ധിപ്പിച്ചു. ജയിലിലെ ഈ ‘അസാധാരണമായ ക്രൂരതകൾ’ യഥാർത്ഥ ശിക്ഷയേക്കാൾ വലിയ ആഘാതമാണ് പ്രതിക്കുണ്ടാക്കിയതെന്നും, തുടർന്നുള്ള ജയിൽവാസം ഇയാളുടെ പുനരധിവാസത്തെ (Rehabilitation) ദോഷകരമായി ബാധിക്കുമെന്നും കോടതി വ്യക്തമാക്കി.



