ടൊറന്റോ ഐലൻഡ് ഫ്ലീറ്റിലേക്ക് പുതുതായി എത്തുന്ന രണ്ട് അത്യാധുനിക ഇലക്ട്രിക് ഫെറികൾക്ക് പേര് നൽകാൻ നഗരവാസികൾക്ക് അവസരം. 60 വർഷത്തിന് ശേഷമാണ് ടൊറന്റോയുടെ ജലഗതാഗത മേഖലയിലേക്ക് പുതിയ കപ്പലുകൾ കൂട്ടിച്ചേർക്കപ്പെടുന്നത്. ഡച്ച് കമ്പനിയായ ഡമെൻ (Damen) 90 മില്യൺ ഡോളർ ചിലവിൽ നിർമ്മിക്കുന്ന ഈ ഫെറികൾ 2026 അവസാനത്തോടെയും 2027 ആദ്യത്തോടെയും സർവീസ് ആരംഭിക്കും. നിലവിലുള്ള ഫെറികളേക്കാൾ മൂന്നിരട്ടി യാത്രക്കാരെ വഹിക്കാൻ ശേഷിയുള്ള ഇവയിൽ മികച്ച ആക്സസിബിലിറ്റി സൗകര്യങ്ങളും ലഭ്യമായിരിക്കും.
സിറ്റി സ്റ്റാഫും കമ്മ്യൂണിറ്റി പാർട്ണർമാരും ചേർന്ന് തയ്യാറാക്കിയ ചുരുക്കപ്പട്ടികയിൽ നിന്നാണ് അനുയോജ്യമായ പേര് തിരഞ്ഞെടുക്കേണ്ടത്. “Bluebell II,” “Great Lake Dancer,” “Cloudbreaker” എന്നിവയാണ് പ്രധാനമായും പരിഗണനയിലുള്ള പേരുകൾ. വ്യക്തികളുടെയോ പ്രത്യേക സംഭവങ്ങളുടെയോ പേര് കപ്പലുകൾക്ക് നൽകേണ്ടതില്ലെന്നാണ് സിറ്റിയുടെ തീരുമാനം. ഏപ്രിൽ 6 രാത്രി 11:59 വരെ പൊതുജനങ്ങൾക്ക് ഓൺലൈനായി വോട്ട് രേഖപ്പെടുത്താം. ഒരു വീട്ടിൽ നിന്ന് ഒരു വോട്ട് മാത്രമേ അനുവദിക്കൂ. തിരഞ്ഞെടുക്കപ്പെടുന്ന പേരുകൾ ഈ വസന്തകാലത്ത് ഔദ്യോഗികമായി പ്രഖ്യാപിക്കും.



