മിസ്സിസാഗാ, കാനഡ: കാനഡയിലെ മിസ്സിസാഗയിലുള്ള സെന്റ് അൽഫോൻസാ സിറോ-മലബാർ കത്തീഡ്രലിൽ ചരിത്ര നിമിഷം. 2026-ലെ ഇടവക തിരുനാളിനോട് (പാരീഷ് ഫീസ്റ്റ്) അനുബന്ധിച്ച് നടന്ന ആഘോഷങ്ങളിൽ 78 നർത്തകർ ഒരുമിച്ചണിനിരന്ന മഹാ മാർഗ്ഗംകളി വേറിട്ടൊരനുഭവമായി. കത്തീഡ്രലിന്റെ ചരിത്രത്തിൽ ഇത്രയധികം പേർ പങ്കെടുത്ത മാർഗ്ഗംകളി ആദ്യമായാണ്.
മനോഹരമായ സായന്തനത്തിൽ, കത്തീഡ്രലിന്റെ വിസ്തൃതമായ പാർക്കിംഗ് ഗ്രൗണ്ടിൽ നടന്ന പ്രകടനത്തിൽ പരമ്പരാഗത വേഷമണിഞ്ഞ 78 നർത്തകർ കണ്ണിമ ചിമ്മാതെ താളമൊപ്പിച്ചു.
ഈ അവിസ്മരണീയ നിമിഷത്തിന് സാക്ഷ്യം വഹിക്കാൻ കാനഡയുടെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി പേരാണ് കത്തീഡ്രലിലെത്തിയത്. കാർഡിനാൾ മാർ ജോർജ് കൂവകാട്, തലശ്ശേരി രൂപത ആർച്ച്ബിഷപ്പ് മാർ ജോർജ് ഞരളക്കാട്ട്, കത്തീഡ്രൽ വികാരി അഗസ്റ്റിൻ ഉൾപ്പെടെയുള്ള മറ്റ് പ്രമുഖ പുരോഹിതരും പ്രകടനത്തിന് സാന്നിദ്ധ്യം വഹിച്ചത് നർത്തകർക്കും കാണികൾക്കും കൂടുതൽ ആവേശം പകർന്നു. മാസങ്ങൾ നീണ്ട കഠിനമായ പരിശീലനത്തിനൊടുവിലാണ് ഈ മെഗാ പ്രകടനം സാക്ഷാത്കരിക്കപ്പെട്ടത്. സീന ജോർജ് ആണ് പരിശീലനത്തിന് നേതൃത്വം കൊടുത്തത്.
സിറോ-മലബാർ സഭയുടെ സംസ്കാരവും പരമ്പരാഗത കലാരൂപങ്ങളും കാനഡയിലെ മലയാളി സമൂഹത്തിൽ സംരക്ഷിക്കുന്നതിൽ മാർഗംകളി ഒരു നാഴികക്കല്ലാണ്.
ഈ മഹാ മാർഗ്ഗംകളിയുടെ പൂർണ്ണ രൂപം നിങ്ങൾക്ക് താഴെയുള്ള വീഡിയോയിൽ കാണാം.

